കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ വികസനം അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർമാണം ഇഴയുകയാണെന്ന ആശങ്ക വേണ്ടെന്നും നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
നിർമാണം ഇഴയുകയാണെന്ന് എം.കെ.രാഘവൻ എംപി പരാതി ഉന്നയിച്ചതിനെ തുടർന്നാണു കേന്ദ്രമന്ത്രി, അവലോകനത്തിന് എത്തിയത്.
‘നിർമാണത്തിനു വേഗക്കുറവില്ല. ഏറ്റവും പ്രധാനവും കഠിനവുമായ ഘട്ടമാണിപ്പോൾ നടക്കുന്നത്.
ഇവിടത്തെ മണ്ണിന്റെ ഘടന, ഉപ്പിന്റെ അംശം, കാലാവസ്ഥ എന്നിവയെല്ലാം നിർമാണത്തെ സ്വാധീനിക്കുന്നുണ്ട്. തൊഴിലാളികളുടെ കുറവില്ല.
യന്ത്രങ്ങളുടെ പ്രവർത്തനക്ഷമതയാണിപ്പോൾ പ്രധാനം. അതിൽ പ്രശ്നങ്ങളില്ലെന്നും സമയക്രമം പാലിച്ചു നിർമാണം പുരോഗമിക്കുന്നതായും നിർമാണ കമ്പനി ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും ഉറപ്പു നൽകി.
കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.
അവിടത്തെ മണ്ണിന്റെ ഘടനയും കാലാവസ്ഥയും വേറെയാണ്. അവിടെ, നിലവിലുള്ള സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കാതെയും യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാതെയുമാണു നിർമാണം. ഇവിടെ, യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുകളുണ്ട്.
സ്ഥലപരിമിതിയുമുണ്ട്.
എന്നാലും കാര്യമായ പ്രശ്നങ്ങളില്ലാതെയാണു നിർമാണം നടക്കുന്നത്. പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന തരത്തിലുള്ളതല്ല ഇപ്പോഴത്തെ നിർമിതികൾ.
റെയിൽവേ ഉദ്യോഗസ്ഥർ നിർമാണം സമയാസമയം വിലയിരുത്തുന്നുണ്ട്’ കേന്ദ്രമന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ 5 ഏക്കറിൽ സൈബർ പാർക്ക് തുടങ്ങുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി നേരത്തെ പ്രഖ്യാപിച്ചത് ആശയം എന്ന നിലയിലായിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിൽ അത്തരം പദ്ധതി നിർദേശമൊന്നും മുന്നിലില്ലെന്നും ഇക്കാര്യം കേന്ദ്രമന്ത്രി ജോർജ് കുര്യനോടു ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിർമാണത്തിനു വേഗം കുറവാണെന്ന ആശങ്ക അവലോകന യോഗത്തിൽ എം.കെ.രാഘവൻ എംപി ഉന്നയിച്ചു.
പുതിയ കെട്ടിടത്തിലെ ആകാശ നടപ്പാതയുടെ വീതി കുറച്ചതും അദ്ദേഹം അവതരിപ്പിച്ചു. മറ്റിടങ്ങളിലും സമാനരീതിയിൽ വീതി കുറച്ചതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു.
സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ നിർമാണ പുരോഗതി നേരിൽക്കണ്ടു വിലയിരുത്തിയ കേന്ദ്രമന്ത്രി, നാലാം പ്ലാറ്റ്ഫോമിലെ കടകൾ സന്ദർശിച്ചു.
തുടർന്ന്, പ്രോജക്ട് ഓഫിസിൽ റെയിൽവേ ഉദ്യോഗസ്ഥരും നിർമാണ കമ്പനി ജീവനക്കാരും പങ്കെടുത്ത യോഗത്തിൽ നിർമാണ പുരോഗതി വിലയിരുത്തി.
എം.കെ.രാഘവൻ എംപി, റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗട്ട്, എഡിആർഎം പി.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ഡോ.അരുൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്, ആർപിഎഫ് ഇൻസ്പെക്ടർ എൻ.കേശവദാസ് എന്നിവരും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് തുടങ്ങിയ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. നടൻ ഇടവേള ബാബു റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

