കായംകുളം∙ കായലിൽ വേലിയേറ്റം രൂക്ഷമായതോടെ വീടുകളിലേക്ക് ഉപ്പുവെള്ളം ഇരച്ചുകയറുന്നു. ഇതോടെ തീരദേശമേഖല കടുത്ത ദുരിതത്തിൽ.
കടലിൽ നിന്നു കായംകുളം പൊഴിയിലൂടെ ക്രമാതീതമായി ഉപ്പുവെള്ളം ഇരച്ചുകയറുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നത്. 38 വർഷമായി ഇതേ അവസ്ഥ തുടരുകയാണെന്ന് തീരവാസികൾ ആരോപിച്ചു.
ആലപ്പാട്, ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ, മുതുകുളം പഞ്ചായത്തുകളിലെ തീരവാസികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ.
വേലിയേറ്റം മൂലം കൃഷിനാശം ഉണ്ടാകുകയും വീടുകളുടെ അടിത്തറ ജീർണിക്കുന്നുമുണ്ട്. പരമ്പരാഗത രീതിയിലുള്ള മത്സ്യം, കക്ക, കയർ മേഖലകളും സ്തംഭനാവസ്ഥയിലാണ്. മേജർ ഇറിഗേഷൻ വകുപ്പ് ഇടപെട്ട് ഷട്ടർ സംവിധാനം ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ വേലിയേറ്റം നിയന്ത്രിക്കാനാകുമെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.പക്ഷേ, ഇതിന് ജനപ്രതിനിധികളുടെ വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
വേലിയേറ്റ സമയത്ത് സ്ഥലത്തെത്തി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വാഗ്ദാനം നൽകുന്നതല്ലാതെ ഇത്രയും കാലമായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.
വലിയഴീക്കൽ പാലത്തിന്റെ അടിഭാഗത്ത് ആധുനിക രീതിയിലുള്ള ഷട്ടർ സംവിധാനം ഏർപ്പെടുത്തിയാൽ വേലിയേറ്റം നിയന്ത്രിക്കാനാകുമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇതിനുള്ള ഒരു ശ്രമവും ബന്ധപ്പെട്ടവർ നടത്തുന്നില്ലെന്നാണ് പ്രധാന പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

