ഇറാനിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ കയറ്റുമതി രംഗത്തെയും ബാധിക്കുന്നതായി റിപ്പോർട്ട്. ഏറെക്കാലമായി യുഎസ് ഉപരോധം നേരിടുന്ന ഇറാൻ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.
രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതിക്ക് നൽകുന്ന സബ്സിഡിയും ഇറാൻ അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള 2,000 കോടി രൂപ വില വരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ വിവിധ അന്താരാഷ്ട്ര തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
പ്രധാനമായും ബസ്മതി അരിയാണ് ഇതിലുള്ളത്.
യുഎസ് സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെ ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് ചരിത്രത്തിലില്ലാത്ത വിധത്തിൽ കുത്തനെ ഇടിഞ്ഞു. ഇതോടെയാണ് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വർഷങ്ങളായി നൽകി വന്നിരുന്ന സബ്സിഡി ഇറാൻ നിർത്തലാക്കിയതെന്ന് വ്യാപാരികൾ പറയുന്നു.
സബ്സിഡിയുടെ അഭാവത്തിൽ ഇറാനിലേക്കുള്ള കയറ്റുമതി തടസപ്പെട്ടെന്നും പഞ്ചാബ് റൈസ് മില്ലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ജിത് സിങ് പറഞ്ഞു.
സാമ്പത്തിക ഉപരോധം നിലനിൽക്കുന്ന ഇറാന് മറ്റ് രാജ്യങ്ങളുമായി ബാങ്ക് വഴി ഇടപാടുകൾ നടത്താനും തടസം നേരിടുന്നുണ്ട്. ഇത് മറികടക്കാൻ ബാർട്ടർ സംവിധാനത്തിലാണ് ഇന്ത്യ–ഇറാന് വ്യാപാരം നടന്നുവന്നിരുന്നത്.
എന്നാൽ ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചതോടെ ഇതും നിലച്ചു. തടസങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് ബസ്മതി അരി, തേയില, മരുന്നുകൾ എന്നിവ ഇറാൻ ഇറക്കുമതി ചെയ്തിരുന്നു.
പുതിയ സാഹചര്യത്തിൽ ഇതിനും തടസം നേരിടുമെന്നാണ് റിപ്പോർട്ട്.
12,000 കോടിയുടെ അരിവ്യാപാരം
ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ബസ്മതി അരി ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വിപണി.
പ്രതിവർഷം 12 ലക്ഷം ടൺ അരിയാണ് ഇന്ത്യയിൽ നിന്ന് ഇറാനിലെത്തുന്നത്. ഏകദേശം 12,000 കോടി രൂപയുടെ വ്യാപാരം.
ആകെ അരി കയറ്റുമതിയുടെ 18–20 ശതമാനമാണിത്. കയറ്റുമതിക്ക് തടസം നേരിട്ടത് ഈ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ബസ്മതി അരിയുടെ വില കിലോയ്ക്ക് 3–4 രൂപ വരെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.
ജൂൺ പകുതിയോടെ ഇറാനിൽ വിളവെടുപ്പ് കാലമാണ്. ഇതോടെ വിദേശത്ത് നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയും അവസാനിപ്പിക്കും.
പിന്നീട് സെപ്റ്റംബറിലാണ് ഇറക്കുമതി പുനരാരംഭിക്കുന്നത്. ഈ സീസൺ കാലത്തിന് വേണ്ടി നേരത്തെ സ്റ്റോക്ക് കരുതിവെച്ച വ്യാപാരികളാണ് ഇപ്പോൾ കുടുങ്ങിയത്.
കഴിഞ്ഞ വർഷം ഇസ്രയേൽ–ഇറാൻ സംഘർഷമുണ്ടായപ്പോഴും സമാനമായ പ്രതിസന്ധി ഇന്ത്യൻ കയറ്റുമതി മേഖല നേരിട്ടിരുന്നു.
ഇറാനിൽ സംഭവിക്കുന്നതെന്ത്?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 12 ദിവസമായി ഇറാനിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സംഘർഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
തുടക്കത്തിൽ ചില സ്ഥലങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധം നിലവിൽ രാജ്യം മുഴുവൻ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ രാജ്യതലസ്ഥാനമായ തെഹ്റാനിലേക്കും എത്തിയതോടെ കഴിഞ്ഞ ദിവസം ഇറാനിലെ ഇന്റർനെറ്റ് വ്യാപകമായി തടസപ്പെട്ടു.
ഇസ്രയേലുമായി നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഇറാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായത്.
ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം വർധിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വില പിടിവിട്ട് കുതിച്ചു. ഇതോടെ ജനങ്ങൾ തെരുവിൽ ഇറങ്ങി.
എന്നാൽ പാശ്ചാത്യരാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന സമരമാണ് രാജ്യത്ത് നടക്കുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് ഇറാന്റെ വാദം.
ഇതിനിടയിൽ ഇറാനിൽ വെനസ്വേല മാതൃകയിൽ യുഎസ് സൈനിക നടപടിയുണ്ടായേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

