മാനന്തവാടി ∙ ചിറക്കര എണ്ണപ്പനത്തോട്ടത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തി. ബുധൻ രാത്രിയാണ് പ്രദേശവാസിയായ ഷഹലാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കടുവയെ കണ്ടത്.
മൊബൈൽ ഫോണിൽ പകർത്തിയ കടുവയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
രാത്രി തന്നെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാപ്പിഡ് റെസ്പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 21 അംഗ സംഘം തിരച്ചിൽ നടത്തി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവയെ നിരീക്ഷിക്കാനായി 11 ക്യാമറകളും സ്ഥാപിച്ചു. വനപാലകർ മൈക്ക് അനൗൺസ്മെന്റ് നടത്തി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചിറക്കരയിലും പരിസര പ്രദേശങ്ങളിലും മുൻപും കടുവയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. കടുവയെ ഉടൻ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനും രാവിലെ കുട്ടികളെ മദ്രസയിലും സ്കൂളിലും അയയ്ക്കാനും നാട്ടുകാർ ഭയക്കുകയാണ്.
തേയിലക്കൊളുന്ത് നുള്ളി ഉപജീവനത്തിന് മാർഗം കണ്ടെത്തുന്ന വനിതകളും ആശങ്കയിലാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാക്കണമെന്ന് ഇന്നലെ വൈകിട്ട് ചിറക്കരയിൽ നടന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. ബേഗൂർ റേഞ്ച് ഓഫിസർ രഞ്ജിത്ത്കുമാർ, തലപ്പുഴ ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.സുബീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്ന് കടുവയെ പിടികൂടാൻ കൂട് വച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

