കൊല്ലങ്കോട് ∙ അപകടത്തിൽ അരയ്ക്കു താഴെ തളർന്നിട്ടും പതറാതെ പഠിച്ചു പിഎസ്സി പരീക്ഷയിലെ മാർക്കിൽ ഒന്നാമനായ കെ.വിഷ്ണു ഇനി കൊല്ലങ്കോട് സബ് റജിസ്ട്രാർ ഓഫിസിൽ അറ്റൻഡന്റ് ആയി ജോലി ചെയ്യും. റജിസ്ട്രേഷൻ വകുപ്പിൽ പട്ടാമ്പിയിലാണു നിയമനം ലഭിച്ചതെങ്കിലും ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊല്ലങ്കോട് ഓഫിസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
നെന്മേനിയിലെ വീട്ടിൽ നിന്നു മുച്ചക്ര സ്കൂട്ടറിൽ വിഷ്ണു കൊല്ലങ്കോട്ടെ ഓഫിസിലെത്തും.
അവിടത്തെ ജീവനക്കാരുടെ സഹായത്തോടെ വീൽ ചെയറിലേക്കു മാറി ഓഫിസ് ജോലിയിലേക്ക്. വീട്ടിലെ വീൽ ചെയർ കൂടാതെ ഓഫിസിൽ ഉപയോഗിക്കാനായി മറ്റൊന്നു കൂടി വാങ്ങിയിട്ടുണ്ട്.
ഓഫിസിലെത്തുന്നവർക്കു വേണ്ട കാര്യങ്ങൾ പരിമിതികൾ മറികടന്ന് ചെയ്യുന്നതിനുള്ള തളരാത്ത മനസ്സാണു വിഷ്ണുവിന്റെ കരുത്ത്.
നെന്മേനി വലിയവീട്ടിൽ കൃഷ്ണന്റെയും വസന്തയുടെയും മകനായ കെ.വിഷ്ണുവിന് 2020 ഫെബ്രുവരി 12നു പുലർച്ചെ കിണാശ്ശേരിയിൽ വച്ചു ബൈക്കിൽ നിന്നു വീണുണ്ടായ അപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെ തുടർന്നാണ് അരയ്ക്കു താഴെ തളർന്നത്.
രണ്ടു വർഷത്തോളം നീണ്ട ചികിത്സയും ആശുപത്രിവാസവുമെല്ലാം പൂർത്തിയാക്കിയ ശേഷം 2023 മുതലാണു സർക്കാർ ജോലിയെന്ന ലക്ഷ്യംവച്ചു പഠനം തുടങ്ങിയത്.
ദൃഢനിശ്ചയത്തോടെയുള്ള പഠനം പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയിൽ വിഷ്ണുവിനെ മാർക്കിൽ ഒന്നാമനും റാങ്കിൽ രണ്ടാമനുമാക്കി. തളരാതെ ചേർത്തുനിർത്തിയ വീട്ടുകാരും പഠിക്കാൻ പ്രോത്സാഹനം നൽകിയ അധ്യാപകരും കൂട്ടുകാരുമാണു തന്റെ കരുത്തെന്നു വിഷ്ണു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

