തിരുവാർപ്പ് ∙ രണ്ടാം കുട്ടനാടൻ പാക്കേജിന്റെ ഭാഗമായി പഴുക്കാനില കായൽ ശുചീകരണത്തിനും മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനും സഹായമാകുന്ന 103.73 കോടി രൂപയുടെ പദ്ധതിക്കു കിഫ്ബിയുടെ ഭരണാനുമതി. വേമ്പനാട്ടുകായലിന്റെ ഭാഗമായി കോട്ടയം നഗരത്തിനോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നു കിടക്കുന്ന പഴുക്കാനില കായൽ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനമാണ്. 2020ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് മുൻകയ്യെടുത്ത് പ്രഖ്യാപിച്ച പദ്ധതി 2022ൽ സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നു.
പദ്ധതി ഇങ്ങനെ
∙ 1.62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഴുക്കാനില കായലിൽ അടിഞ്ഞ 3.68 ലക്ഷം ക്യുബിക് മീറ്റർ എക്കൽ കോരിയെടുക്കും. ∙ ഈ എക്കൽ ഉപയോഗിച്ച് തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട
ജെ ബ്ലോക്ക് 9000, തിരുവായ്ക്കരി, കോട്ടയം നഗരസഭയുടെ ഭാഗമായ എഫ് ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കിലോമീറ്റർ പുറംബണ്ടുകൾ ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കും. ∙ പല തട്ടായി കിടക്കുന്ന പഴുക്കാനില കായലിൽ ഉപഗ്രഹ സർവേയിലൂടെ ആഴം കണക്കാക്കി 1.75 മീറ്റർ മുതൽ 2.35 മീറ്റർ വരെ ആഴത്തിൽ ചെളി നീക്കും.
പദ്ധതിയുടെ ഗുണം
∙പഴുക്കാനില കായലിലെ ചെളി നീക്കുന്നതോടെ മഴക്കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രളയം നിയന്ത്രിക്കാൻ സഹായകമാകും.
ആറുകളിലെ വെള്ളം വേഗത്തിൽ കായലിലേക്ക് ഒഴുകിയിറങ്ങും. ∙ പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തുന്നതു നെൽക്കൃഷി സംരക്ഷിക്കുന്നതിനു സഹായമാകും.
വർഷത്തിൽ 2 കൃഷി ചെയ്യാൻ കഴിയും. ∙ പുറംബണ്ട് ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കുന്നതു വഴി കൊയ്തെടുത്ത നെല്ല് വേഗത്തിൽ പുറത്തേക്ക് എത്തിക്കാനാകും.
കൃഷി സാമഗ്രികളും കാർഷിക യന്ത്രങ്ങളും പാടത്തേക്ക് എത്തിക്കാനും കഴിയും. ∙ 14.5 കിലോമീറ്റർ നീളമുള്ള റോഡ് ബണ്ട് വഴി നിർമിക്കാനാകും.
ഇതു വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ അവസരം നൽകും. കൂടാതെ പഴുക്കാനില കായലിൽ വാട്ടർ സ്പോർട്സ് സാധ്യതകൾക്കും വഴി തുറക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

