കാസർകോട്∙ വിദ്യാനഗറിലെ ജില്ലാ കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ സന്ദേശമാണെന്നു കണ്ടെത്തി.
പിന്നാലെ 12.15 മുതൽ കോടതി നടപടികൾ തുടങ്ങി. കലക്ടറേറ്റ് ഉൾപ്പെടുന്ന സിവിൽ സ്റ്റേഷനു സമീപത്തെ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് ഇന്നലെ പുലർച്ചെ 3.22ന് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ജില്ലാ കോടതിയിൽ രാവിലെ എത്തിയ ശിരസ്തദാർ 10ന് ശേഷം ഇമെയിൽ പരിശോധിച്ചപ്പോഴാണ് മലയാളത്തിൽ എഴുതിയ ബോംബ് ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരം ജില്ലാ ജഡ്ജിയെയും ബന്ധപ്പെട്ടവരെയും പൊലീസിലും അറിയിച്ചു.
പരിശോധനയ്ക്കായി ബോംബ്– ഡോഗ് സ്ക്വാഡുകളും പൊലീസും എത്തി ജീവനക്കാരുൾപ്പെടെ എല്ലാവരെയും ഒഴിപ്പിച്ചു. പരിശോധന നടത്തി ബോംബ് ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് 11.45ന് എല്ലാവരെയും കോടതിയിലേക്കു തിരിക പ്രവേശിപ്പിച്ചത്.
എല്ലാവരുടെയും ദേഹപരിശോധന ഉൾപ്പെടെ നടത്തി.
ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ ബോംബ് സ്ഫോടനം നടക്കുമെന്നും കോടതി സമുച്ചയത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്. 3 ആർഡിഎക്സ് ഐഇഡികൾ കോടതി കെട്ടിടത്തിൽ സ്ഥാപിച്ചതായും, ഉച്ചയ്ക്ക് 1.15നകം ജഡ്ജിമാരെയും ജീവനക്കാരെയും ഒഴിപ്പിക്കണമെന്നും ആർഡിഎക്സ് ധരിച്ച 2 പേർ കോടതി പരിസരത്ത് എത്തുമെന്നും, സ്ഫോടനം ഉണ്ടാകുമെന്നുമുള്ള ഭീഷണിയും സന്ദേശത്തിലുണ്ട്.
തമിഴ്നാട് പൊലീസിനെയും ചില രാഷ്ട്രീയ സംഘടനകളെയും പരാമർശിക്കുന്ന നീണ്ട സന്ദേശമാണ് ഇമെയിലിലുള്ളത്.
‘തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ)’ എന്ന പേരിലാണ് ഭീഷണി സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തതായും തുടരന്വേഷണം നടക്കുന്നുണ്ടെന്നും കാസർകോട് എഎസ്പി ഡോ.
എം.നന്ദഗോപൻ പറഞ്ഞു.
ഭീതി, ആശങ്ക; പിന്നെ ആശ്വാസം
വിദ്യാനഗർ∙ ജില്ലാ കോടതി സമുച്ചയത്തിലെ വ്യാജ ബോംബ് ഭീഷണിയിൽ കോടതി പരിസരം ആശങ്കയുടെ മുൾമുനയിലായത് മണിക്കൂറോളം. പൊലീസിന്റെയും ഡോഗ്– ബോംബ് സ്ക്വാഡുകളുടെയും പരിശോധനയ്ക്കു ശേഷം ‘പൊട്ടാത്ത ബോംബ്’ സന്ദേശം ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാർക്കും അഭിഭാഷകർ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്കും ആശ്വാസമായത്.
ഏറെ പ്രയാസത്തിലായത് വിവിധ കേസുകളിൽ ഹാജരാക്കാനായി പ്രതികളുമായി എത്തിയ പൊലീസുകാരാണ്. കോടതി സമുച്ചയത്തിലും വളപ്പിലുമായി ഒട്ടേറെ കോടതികളാണ് പ്രവർത്തിക്കുന്നത്. ഭീഷണി വിവരം അറിഞ്ഞതോടെ കോടതിയുടെ സമീപത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു എസ്ഐ എസ്.അനൂപിന്റെ നേതൃത്വത്തിൽ പൊലീസും ഒപ്പം ബോംബ്–ഡോഗ് സ്ക്വാഡും എത്തി.
അപ്പോഴേക്കും ബോംബ് ഉണ്ടെന്ന് വാർത്ത പരന്നതോടെ ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെയുള്ളവർ കോടതിക്കുള്ളിൽ നിന്നു പുറത്തിറങ്ങി.
പൊലീസ് എത്തിയതോടെ മുഴുവനാളുകളെയും പുറത്താക്കിയായിരുന്നു പരിശോധന. കോടതിയുടെ മുക്കിലും മൂലയിലും പൊലീസ് നായ മണം പിടിച്ചുനടന്നു.
കോടതി സമുച്ചയത്തിന്റെ മുഴുവൻ ഭാഗങ്ങളിലും എല്ലാവിധ സംവിധാനങ്ങളോടും കൂടി പരിശോധിച്ചാണ് ബോംബ് ഇല്ലെന്നു പൊലീസ് ഉറപ്പാക്കിയത്.
പിന്നീട് കോടതി ജീവനക്കാരെ ആദ്യം പരിശോധിച്ച് കടത്തി വിട്ടു. തുടർന്ന് അഭിഭാഷകരെയും കക്ഷികളെയും കടത്തിവിടുകയായിരുന്നു.
12.15 ഓടെ കോടതി നടപടികൾ തുടങ്ങി.
സൈബർ പൊലീസ് കേസെടുത്തു
ജില്ലാ കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്നു സൈബർ പൊലീസ് കേസെടുത്തു. ജില്ലാ കോടതി ശിരസ്തദാർ അനീഷ് ജോണിന്റെ പരാതിയിലാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.എസ്ഐ പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയെയും ജീവനക്കാരെയും പൊതുജനങ്ങളെയും ഭയപ്പെടുത്താൻ ശ്രമിച്ച് സുരക്ഷിതത്വം തകർക്കുംവിധം പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ആളുകളെ ഒഴിപ്പിച്ച് പരിശോധന
∙കോടതി സമുച്ചയത്തിൽ നിന്നു മാത്രമല്ല, കോടതി വളപ്പിൽ നിന്നുമായി ആളുകളെ ഒഴിപ്പിച്ച് ഗേറ്റ് അടച്ചിട്ടായിരുന്നു പൊലീസ് പരിശോധന പൂർത്തിയാക്കിയത്.
ജീവനക്കാർ അല്ലാത്തവർ കോടതി പരിസരത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്നു നിർദേശിച്ചതോടെ ഒട്ടേറെയാളുകളെ പൊലീസ് പുറത്താക്കി.
ബോംബ് ഭീഷണി ജീവനക്കാരെ ഏറെ ആശങ്കയിലാഴ്ത്തി. നിലവിളിച്ച് പുറത്തേക്ക് ഓടിയവരുണ്ട്.
എവിടെയാണ് ബോംബ് വച്ചതെന്ന് അറിയാത്തതിനാൽ കോടതിയുടെ പുറത്ത് നിൽക്കാൻ പോലും ജീവനക്കാരും അഭിഭാഷകർക്കും പേടിയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ കോടതിയിൽ വരുകയായിരുന്ന പല അഭിഭാഷകരും തിരിച്ചു പോയി.
പ്രതികളുമായി എത്തിയ പൊലീസുകാർ ഈ തിരിക്കിനിടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ആവശ്യമായ കരുതലുകളും ഏർപ്പെടുത്തി.
കോടതി സമുച്ചയത്തിൽ നിന്നുള്ള പരിശോധന പൂർത്തിയാക്കി ‘ബോംബ്’ ഇല്ലെന്ന് ഉറപ്പാക്കിയതോടെ കോടതി വളപ്പിൽ നിന്നു പുറത്തുള്ളവരെ അകത്ത് കടത്തുകയായിരുന്നു. എല്ലാവരുടെയും ബാഗുകളും പൊലീസ് നായ മണത്തു നോക്കി.
മെറ്റൽ ഡിറ്റക്ടർ വച്ച് പരിശോധിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

