എരുമേലി ∙ പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. 10ന് വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം.
11ന് പേട്ടതുള്ളൽ. മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുന്നത്. ആചാര അനുഷ്ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ എരുമേലിയിൽ എത്തുക.
നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.
ചന്ദനക്കുടം
10ന് വൈകിട്ട് 3ന് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും, സന്ധ്യയ്ക്ക് 6ന് പള്ളി അങ്കണത്തിൽ ചന്ദനക്കുടം പൊതുസമ്മേളനം.
മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
നഗരം ചുറ്റിയാണ് ഘോഷയാത്ര.
പേട്ടതുള്ളൽ
11ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്.
അമ്പലപ്പുഴ സംഘം ആദ്യം വാവരു പള്ളിയിൽ ദർശനം നടത്തും. പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും.
തുടർന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്റെ കൈപിടിച്ച് പേട്ടതുള്ളൽ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനു ശേഷം 3 മണിക്കാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും കലാരൂപങ്ങളും പേട്ടയിൽ അണിനിരക്കും.
പൊലീസ് സുരക്ഷ
നിലവിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക.
തിരക്കിൽ എരുമേലി
എരുമേലിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പാർക്കിങ് മൈതാനങ്ങൾ തീർഥാടന വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
നഗരത്തിലും പേട്ടതുള്ളൽ പാതയിലും ഇടമുറിയാതെയാണു പേട്ടകെട്ട് നടക്കുന്നത്.
കാനന പാതയിൽ വൻ തിരക്ക്
മകരവിളക്ക് തീർഥാടനം അവസാന ഘട്ടത്തിൽ എത്തിയതോടെ കാനന പാതയിൽ തീർഥാടകരുടെ വൻ തിരക്ക്. ദിവസവും 15,000ൽ ഏറെ തീർഥാടകരാണ് കാനന പാതവഴി പോകുന്നത്.
ഇതുവരെ 2.25 ലക്ഷം തീർഥാടകർ കാനന പാതവഴി കടന്നുപോയതായിട്ടാണ് വനം വകുപ്പിന്റെ കണക്ക്. വെർച്വൽ ക്യു, സ്പോട് ബുക്കിങ് ഇല്ലാത്തവരെ പൊലീസ് കാനന പാതയിലേക്ക് പ്രവേശിപ്പിക്കാതെ എരുമേലിയിൽ തടയുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

