പാലക്കാട് ∙ 3806 കോടി രൂപയുടെ പാലക്കാട് വ്യവസായ സ്മാർട് നഗരം പദ്ധതിക്ക് അനുബന്ധമായി ജില്ലാ ആസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 200 കോടി രൂപയുടെ പദ്ധതിക്കു പാലക്കാട് നഗരസഭ കേന്ദ്രാനുമതി തേടി. കേന്ദ്രാവിഷ്കൃതമായ അമൃത് പദ്ധതിയിൽ തുക അനുവദിക്കുമെന്നാണു പ്രതീക്ഷ. സ്മാർട് നഗരം പദ്ധതിയുടെ ഭരണനിർവഹണ കേന്ദ്രമായി പാലക്കാട് ജില്ലാ ആസ്ഥാനം മാറും.
പദ്ധതിയുമായി ബന്ധപ്പെട്ടു നഗരസഭ പരിധിയിൽ താമസിക്കാനെത്തുന്നവരുടെ എണ്ണവും കുത്തനെ ഉയരും. നിലവിൽ ഒന്നരലക്ഷമാണ് പാലക്കാട് നഗരസഭയിലെ ജനസംഖ്യ.
ഇത് 5 ലക്ഷത്തിന് അടുത്തെത്തുമെന്നാണു നിഗമനം. ഈ സാഹചര്യത്തിലാണ് പാലക്കാട് നഗരസഭ 200 കോടി രൂപയുടെ പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുന്നതെന്ന് അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു.
മാതൃകാ റോഡ്, ഇ ബസ്; പദ്ധതി ഇങ്ങനെ
∙ മാതൃകാ റോഡുകൾ, ഇ ബസ് ഉൾപ്പെടെ മികച്ച ഗതാഗത സൗകര്യം, രാത്രിയാത്രാ സൗകര്യം, വനിതകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പൂർണ സുരക്ഷ ഉറപ്പാക്കുന്ന നിർഭയ സിറ്റി, വനിതകൾക്കായി ഷീ ലോഡ്ജ്, ശുദ്ധജലലഭ്യത, മലിനജല–മാലിന്യ സംസ്കരണം ഉൾപ്പെടെ അടിസ്ഥാന വികസനം, പാർക്കുകൾ ഉൾപ്പെടെ വിനോദ സൗകര്യങ്ങൾ, സൗജന്യ വൈഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ ഉൾപ്പെടെയുള്ള ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, കൽപാത്തി കേന്ദ്രീകരിച്ച് ഹെറിറ്റേജ് പാത്, തനതു ഭക്ഷ്യവിപണന സ്റ്റാളുകൾ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
ഇ ബസ് സംവിധാനം വഴി 50 വാഹനങ്ങളെങ്കിലും എത്തിക്കാനായാൽ പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നഗരസഭ ഒരുക്കും. ഇത്തരം ഗതാഗത സംവിധാനം വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കലും ലക്ഷ്യമിടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

