ആലപ്പുഴ ∙ അപകടത്തെത്തുടർന്നു ജോലി ചെയ്യാൻ പറ്റാതായ പിതാവും മുത്തശ്ശിയും ഉൾപ്പെടുന്ന കുടുംബത്തിനു താങ്ങായ കൊച്ചുമിടുക്കികളുടെ മുഖത്തു സന്തോഷത്തിന്റെ പ്രകാശം പരന്നു; അവർ ഉണ്ടാക്കിയെടുക്കുന്ന എൽഇഡി ബൾബുകളെക്കാൾ പ്രകാശം. മനോരമ വാർത്തയിലൂടെ ഈ കുടുംബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയിൽ വീട്ടിലെത്തി കുട്ടികളെ നെഞ്ചോടു ചേർത്തു; താൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പുനൽകി.
വീട്ടുവാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ എൽഇഡി ബൾബ് നിർമാണത്തിലേക്കു തിരിഞ്ഞ പെൺകുട്ടികളുടെ കഥ കഴിഞ്ഞയാഴ്ച മനോരമ പരിചയപ്പെടുത്തിയിരുന്നു.
ഇവരുടെ പാതിവഴിയിൽ നിലച്ച വീടുപണി നാലു മാസത്തിനകം പൂർത്തിയാക്കുമെന്നും തുടർന്നങ്ങോട്ടും എല്ലാ സഹായവും ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞപ്പോൾ പത്തു വയസ്സുകാരി ഗൗരിയും ഏഴു വയസ്സുകാരി ശരണ്യയും തിരിച്ചും ഒരു ഉറപ്പു നൽകി: ‘‘ഞങ്ങൾ നന്നായി പഠിക്കും’’.
ഇലക്ട്രിഷ്യനായ വി.ജി.ഗവേഷിന്റെ വലതുകൈപ്പത്തി അപകടത്തെത്തുടർന്നു തിരിഞ്ഞുപോയതോടെയാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. ശസ്ത്രക്രിയ ഉൾപ്പെടെ തുടർചികിത്സയിലൂടെ ഗവേഷിനെ ജോലി ചെയ്യാൻ പ്രാപ്തനാക്കുമെന്നു കെ.സി പറഞ്ഞു.
വീടുപണി പൂർത്തിയാക്കാൻ സുമനസ്സുകളുടെ സഹായം തേടിയിരിക്കുകയാണ്. അത് ഉടനെ ശരിയാകും.
ഇവരുടെ ഭവനവായ്പ അടച്ചുതീർത്തു ജപ്തി നടപടി ഒഴിവാക്കാൻ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടു നടപടിയെടുക്കും. കുട്ടികൾക്കു പഠനസഹായം ആവശ്യമുണ്ടെങ്കിൽ സ്വന്തം നിലയിൽ ചെയ്തുകൊടുക്കും.
ജീവിക്കാനായി ബൾബ് നിർമിക്കുന്ന കൊച്ചുകുട്ടികളെക്കുറിച്ചുള്ള വാർത്ത ഞെട്ടിച്ചെന്നും അവർ സമൂഹത്തിനു മാതൃകയാണെന്നും വേണുഗോപാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

