പഴവങ്ങാടി ∙ ജനങ്ങളോടുള്ള ദ്രോഹം എത്രകാലം തുടരാമെന്നതിനു പഠനം നടത്തുകയാണ് ഇട്ടിയപ്പാറ–ഒഴുവൻപാറ റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിലൂടെ ജല അതോറിറ്റി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരണ റിപ്പോർട്ട് പിഡബ്ല്യുഡിക്കു നൽകാത്തതു മൂലം റോഡ് നവീകരിക്കാൻ കഴിയുന്നില്ല. ഇട്ടിയപ്പാറ–ഒഴുവൻപാറ–ജണ്ടായിക്കൽ–കിടങ്ങുമൂഴി–വടശേരിക്കര റോഡ് നവീകരണത്തിന്റെ ഭാഗമാണ് ഇട്ടിയപ്പാറ–ഒഴുവൻപാറ ദൂരം.
ആദ്യഘട്ടമായി വടശേരിക്കര–കിടങ്ങുമൂഴി വരെയും രണ്ടാംഘട്ടമായി ഇട്ടിയപ്പാറ–ഒഴുവൻപാറ–ജണ്ടായിക്കൽ വരെയും മൂന്നാംഘട്ടമായി ജണ്ടായിക്കൽ–കിടങ്ങുമൂഴി വരെയും ബിഎം ടാറിങ് നടത്താനാണു പദ്ധതിയിട്ടത്.
വടശേരിക്കര–കിടങ്ങുമൂഴി വരെ പണി നടത്തി. ജണ്ടായിക്കൽ–ഒഴുവൻപാറ വരെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കി ജല അതോറിറ്റി പിഡബ്ല്യുഡിക്കു കത്തു നൽകിയിരുന്നു.
ഇതേ തുടർന്ന് ഇവിടം വീതി കൂട്ടി റോഡ് നിരപ്പാക്കുന്ന പണികൾക്കു തുടക്കമായിട്ടുണ്ട്.
ഇട്ടിയപ്പാറ–ഒഴുവൻപാറ വരെ റോഡിന്റെ ഇരുവശവും വെട്ടിപ്പൊളിച്ച് ജല അതോറിറ്റി പൈപ്പുകളിട്ടിരുന്നു. ഇരുവശങ്ങളിലേക്കും വാട്ടർ കണക്ഷനുള്ള പൈപ്പുകളും സ്ഥാപിച്ചു.
വെള്ളം തുറന്നു വിടുന്നുമുണ്ട്. എന്നിട്ടും പണി പൂർത്തിയാക്കിയ രേഖ നൽകാനോ പണികൾ ശേഷിക്കുന്നുണ്ടെങ്കിൽ തീർക്കാനോ തയാറാകുന്നില്ല.
റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. കലുങ്കുകൾ നിർമിച്ച ഭാഗങ്ങളിലൂടെ യാത്ര തീർത്തും ദുർഘടമാണ്.
ഇരുചക്ര വാഹന യാത്രക്കാർ തുടരെ വീഴുന്നു.
പഴവങ്ങാടി, വടശേരിക്കര, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലെ വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ ദുരവസ്ഥയാണിത്. ഇത് ഉൾക്കൊള്ളാതെയാണ് ജല അതോറിറ്റി അധികൃതർ മെല്ലെപ്പോക്കു നയം കാട്ടുന്നത്.
നാടിനോടു കാട്ടുന്ന ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് മലയോരവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

