ഇരിട്ടി ∙ ആറളത്തു കാട്ടാനകളുടെ പരാക്രമത്തിനു ശമനമില്ല. പ്രതിരോധത്തിനായി അതിരിൽ നിർമിക്കുന്ന ആനമതിൽ പ്രവൃത്തിക്ക് ഒരുക്കിയ കമ്പികളും ആന ചവിട്ടിനശിപ്പിച്ചു.
പൂക്കുണ്ട് മേഖലയിൽ തൂൺ കോൺക്രീറ്റ് ചെയ്യുന്നതിനായി ഒരുക്കിയ കമ്പികളടക്കം ആന നശിപ്പിച്ചു. 5 തൂണുകൾക്കായി ഒരുക്കി കമ്പിക്കെട്ട് നശിച്ചു.
പ്രദേശവാസികളുടെ പേടിസ്വപ്നമായ മൊട്ടുകൊമ്പനാണ് ആനമതിലിനുനേരെ ആക്രമണം നടത്തിയതെന്നു പറയുന്നു.
ആന ചവിട്ടിവളച്ചതോടെ തൂണിന്റെ അടിത്തറ ഉൾപ്പെടെ പൊളിച്ചുമാറ്റി വളഞ്ഞ കമ്പികൾ നേരെയാക്കിവേണം വീണ്ടും നിർമാണം നടത്താൻ. ഫാം പുനരധിവാസ മേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
ആനമതിൽ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായി ഇരിട്ടി താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ ആക്ഷേപം ഉയർന്നിരുന്നു.
കശുവണ്ടി സീസണായതോടെ, ആനമതിൽ നിർമാണം വേഗത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഫാം കൃഷിയിടത്തിലും ജനവാസമേഖലയിലും കാട്ടാനശല്യം രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്. നിലവിൽ താൽക്കാലിക പ്രതിരോധമെന്ന നിലയിൽ സ്ഥാപിച്ച സോളർ തൂക്കുവേലി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പൂക്കുണ്ട് ഭാഗത്തെ സോളർവേലി പഴയ ആനമതിലും കഴിഞ്ഞു പുനരധിവാസ മേഖലയിലാണു സ്ഥാപിച്ചിരിക്കുന്നത്. ഈ വേലി പുതിയ ആനമതിലിനും വനത്തിനും ഇടയിലായി സ്ഥാപിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും പ്രദേശവാസികൾ പറയുന്നു.
നിർമാണം പുനരാരംഭിച്ചത് 2 മാസം മുൻപ്
6 മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ആറളം ഫാമിൽ ആനമതിൽ നിർമാണം പുനരാരംഭിച്ചത് 2 മാസം മുൻപാണ്.
6 മാസമാണു കരാർ കാലാവധി. 9.899 കിലോമീറ്റർ ദൂരത്തിൽ നിർമിക്കേണ്ട ആനമതിലിൽ പഴയ കരാറുകാർ അവശേഷിപ്പിച്ച 6 കിലോമീറ്റർ ദൂരത്തെ പ്രവൃത്തിയാണ് ഇപ്പോൾ നടത്തുന്നത്. മതിൽ പൂർത്തിയായാൽ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാട്ടാനശല്യത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ.
കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം പ്രവൃത്തിയാണു പഴയ കരാറുകാർ നടത്തിയത്.
ഇതേത്തുടർന്നു കരാർ റദ്ദാക്കി കോടതിയിലെ നിയമപ്പോരാട്ടത്തിനൊടുവിലാണ് റീടെൻഡർ ഉറപ്പിച്ചത്. 29 കോടി രൂപയ്ക്കായിരുന്നു കരാർ.
ആറളത്തെ മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ കർശനമായ ഇടപെടൽ നടത്തിയ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിലപാടാണ് ആനമതിൽ നിർമാണം പുനരാരംഭിക്കുന്നതിനു പ്രധാന കാരണമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

