കണ്ണൂർ ∙ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിനരികിൽ ഒരുങ്ങുന്നത് 6000 ചതുരശ്ര മീറ്റർ സ്ഥലത്തെ വാഹനപാർക്കിങ് കേന്ദ്രം. 2 മൾട്ടി ലവൽ വാഹനപാർക്കിങ് കേന്ദ്രമടക്കം 2000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണു മൂന്നു മാസത്തിനുള്ളിൽ ഒരുങ്ങുക.
1000 ബൈക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം സ്റ്റേഷനും പ്രസ് ക്ലബ്ബിനും ഇടയിലുള്ള സ്ഥലത്തുണ്ടാകും. നിലവിൽ വാഹനപാർക്കിങ് കരാറെടുത്ത ഏജൻസിയുടെ കാലാവധി തിങ്കളാഴ്ച രാത്രി അവസാനിച്ചു.
2.8 കോടി രൂപയ്ക്കാണു ഗ്രാഫോൺ ഏജൻസി 3 വർഷത്തേക്ക് കിഴക്കേകവാടത്തിലെ പാർക്കിങ് കരാറെടുത്തിരിക്കുന്നത്. പാർക്കിങ് കേന്ദ്രത്തിനു മുഴുവൻ മേൽക്കൂര നിർമിച്ച് സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും.
അഗ്നിരക്ഷാസേനയുടെ വാഹനത്തിന് എല്ലാ ഭാഗത്തുമെത്താൻ പറ്റുന്ന വിധമാണു പാർക്കിങ് ക്രമീകരിക്കുക. നിലവിലുള്ള ഏജൻസിയുടെ കരാർ തിങ്കളാഴ്ച കഴിഞ്ഞതിനാൽ ഇന്നലെ വാഹനപാർക്കിങ് കേന്ദ്രത്തിൽ ആകെ ആശയക്കുഴപ്പമായിരുന്നു.
കൃത്യമായ ധാരണയില്ലാതെയാണു പുതിയ ഏജൻസി പാർക്കിങ് തുടങ്ങിയത്. പാർക്കിങ് കേന്ദ്രത്തെ മേൽക്കൂരയെല്ലാം പഴയ ഏജൻസി പൊളിച്ചുകൊണ്ടുപോയിരുന്നു.
പുതിയ പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നതുവരെ മേൽക്കൂരയില്ലാത്ത സ്ഥലത്തേ ഇനി പാർക്കിങ് നടക്കൂ. 3 മാസത്തിനകം പുതിയകേന്ദ്രം ഒരുങ്ങുന്നതിനാലാണു മേൽക്കൂര നിർമിക്കാത്തതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു.
സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും.
രണ്ടിടത്ത് രണ്ട് ചാർജ്
പടിഞ്ഞാറൻ കവാടത്തിൽ പാർക്കിങ് സ്ഥലം കുറയുമെന്നതിനാൽ അതിനനുസരിച്ചാണു കിഴക്ക് സൗകര്യമൊരുക്കുന്നത്. നിലവിൽ ഇരുഭാഗത്തും രണ്ടു ഏജൻസികളാണ് കരാറെടുത്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ രണ്ടിടത്തും രണ്ട് ചാർജാണ് വാങ്ങുന്നത്. പടിഞ്ഞാറ് കവാടത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് ഒരുദിവസം 25 രൂപയും നാലുചക്രവാഹനങ്ങൾക്ക് 120 രൂപയുമാണു വാങ്ങുന്നതെങ്കിൽ കിഴക്ക് യഥാക്രമം 30, 100 രൂപയാണ് ഈടാക്കുന്നത്.
തലശ്ശേരിയിലുണ്ട്, വിപുലമായ സൗകര്യം
തലശ്ശേരി ∙ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന് ഇരുപ്ലാറ്റ്ഫോമുകൾക്കു പിറകിലും വിപുലമായ സൗകര്യമാണുള്ളത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളുടെ പിറകിലെ ചതുപ്പ് നികത്തി പൂട്ടുകട്ട പതിച്ചു പാർക്കിങ് ഏരിയ ഒരുക്കിയിട്ടുണ്ട്.
ഇരുഭാഗത്തുമായി 18,000 സ്ക്വയർ മീറ്ററിലാണു പാർക്കിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. നിത്യവും ഇവിടെയെത്തുന്ന വാഹനങ്ങളുടെ എണ്ണം നോക്കിയാൽ ഇനിയും ഒട്ടേറെ വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
തൃശൂരിൽ ഉണ്ടായതുപോലുള്ള അപകടങ്ങൾ സംഭവിച്ചാൽ അഗ്നിരക്ഷാസേനയ്ക്കും രക്ഷാപ്രവർത്തകർക്കും എളുപ്പത്തിലെത്താൻ ഒന്നിലേറെ റോഡുകളുണ്ടെന്നതും ആശ്വാസമാണ്.
മുൻകൂട്ടിക്കണ്ടു, ഭാവിയിലേക്കുള്ള പാർക്കിങ്
പയ്യന്നൂർ ∙ 2060ൽ 2000 വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിവരുമെന്ന കാഴ്ചപ്പാടിലാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഏരിയ ഒരുക്കിയത്. പാർക്കിങ് കേന്ദ്രത്തിന്റെ നാലുഭാഗവും വിശാലമായ റോഡുകളുണ്ട്. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൂർണമായി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. തീ പിടിച്ചാൽ ഫയർ എൻജിനുകൾക്കു പാർക്കിങ് കേന്ദ്രത്തിനുചുറ്റും നിന്നു തീയണയ്ക്കാം.
ചെറിയ സ്പാർക്കിങ് പോലും തിരിച്ചറിയാനുള്ള സംവിധാനത്തോടെയാണു സിസിടിവി ക്യാമറകൾ തയാറാക്കിയിട്ടുള്ളത്. എല്ലാ വാഹനങ്ങളുടെയും അടുത്തേക്കു കടന്നു ചെല്ലാനാകുംവിധമാണ് പാർക്കിങ് സൗകര്യം.
കിഴക്ക് ഭാഗത്തും വിശാലമായ സൗകര്യങ്ങളുണ്ട്. സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തു മാത്രം 600 ഇരുചക്ര വാഹനങ്ങളും 200 കാറുകളും പാർക്ക് ചെയ്യാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

