റാന്നി ∙ ശരണഘോഷങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടാൻ 4 ദിവസങ്ങൾ മാത്രമാണു ബാക്കി. എന്നിട്ടും പാതകളിൽ ഘോഷയാത്രയെ വരവേൽക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല.
പേരൂച്ചാൽ–ആയിക്കൽ വരെയാണു ഏറ്റവും ദുർഘടം പിടിച്ച പാത. 13ന് പുലർച്ചെയാണ് തിരുവാഭരണ ഘോഷയാത്ര പേരൂച്ചാൽ പാലം കടന്ന് ആയിക്കലേക്കു നീങ്ങുന്നത്.
കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാത പമ്പാനദി തീരത്തു കൂടിയാണ് കടന്നു പോകുന്നത്.
കീക്കൊഴൂർ കരയിൽ പേരൂച്ചാൽ പാലത്തിന്റെ വശത്തു കൂടിയാണ് ഘോഷയാത്ര പമ്പാനദി തീരത്തേക്കു കടക്കുന്നത്. പാലത്തോടു ചേർന്നു പാതയിൽ തീർഥാടകർക്കായി കുളിക്കടവ് നിർമിച്ചിട്ടുണ്ട്.
ഇവിടം മുതൽ 30 മീറ്ററോളം ദൂരം ആറിന്റെ തീരം ഇടിഞ്ഞു കിടക്കുകയായിരുന്നു. 22 ലക്ഷം രൂപ ചെലവഴിച്ച് വൻകിട
ജലസേചന വിഭാഗം ഇവിടെ സംരക്ഷണഭിത്തി പണിതു. ഇനി കൽക്കെട്ടിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്യണം.
തുടർന്ന് പാതയിൽ ഈച്ചരാമണ്ണിൽ പടി വരെയുള്ള ഭാഗം കാടും പടലും മൂടിക്കിടക്കുകയാണ്.
മുളകൾ പാതയിലേക്കു ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു. ഇതുവഴി നടന്നു പോകാൻ ഒറ്റയടി പാതപോലുമില്ല.
അത്രയ്ക്കാണു കാട്. ഈച്ചരാമണ്ണിൽ പടിക്കു സമീപത്തെ പാലത്തിന്റെ സമീപന പാത കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വശങ്ങളിൽ സംരക്ഷണഭിത്തികളില്ല.
വശം ചേർന്നു നടക്കുന്ന തീർഥാടകർ കുഴിയിൽ വീഴാവുന്ന സ്ഥിതി. തുടർന്ന് പാതയിൽ കുറെ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
കോൺക്രീറ്റ് പിന്നിട്ടെത്തുന്നത് വീണ്ടും കാട്ടിലേക്കാണ്. പമ്പാനദിയുടെ തീരമെല്ലാം ഇടിഞ്ഞു കിടക്കുകയാണ്.
കാടും പടലും മൂടിയിരിക്കുന്നതിനാൽ ഇവിടുത്തെ അപകടക്കെണി പുറമേ കാണാനാകില്ല. ആയിക്കൽ കടവിലേക്കിറങ്ങുന്ന ഭാഗത്ത് കട്ടിങ് രൂപപ്പെട്ടിരിക്കുന്നു.
പാതയിൽ നിന്നു കടവിലേക്കിറങ്ങാൻ സാഹസം കാട്ടണം.
തിരഞ്ഞെടുപ്പ് തടസ്സമായി
തിരുവാഭരണ പാത കടന്നു പോകുന്ന മേഖലകളിലെ പഞ്ചായത്തുകളാണ് ശുചീകരണം നടത്തേണ്ടത്. മുൻ വർഷങ്ങളിൽ ഘോഷയാത്ര പുറപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് പാത ശുചീകരിച്ചിരുന്നു.
എന്നാൽ ഇത്തവണ പണികൾ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പാണ് പണികൾ വൈകിപ്പിച്ചത്.
കൂടാതെ മാറിയെത്തിയ ഭരണസമിതികൾക്കു ഇതിൽ വ്യക്തതയില്ലാത്തതും ഒരുക്കങ്ങളെ ബാധിക്കുന്നു. വെള്ളം, വെളിച്ചം, വഴി എന്നിവ അടിയന്തരമായ ക്രമീകരിക്കാൻ പഞ്ചായത്തുകൾ മുന്നിട്ടിറങ്ങിയില്ലെങ്കിൽ യാത്രയെ പ്രതികൂലമായി ബാധിക്കും.
ഫണ്ടില്ല ശബരിമല തീർഥാടക ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെറുകോൽ, അയിരൂർ, റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകൾക്ക് സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. അതു ചെലവഴിച്ചാണ് തിരുവാഭരണ പാതകളിൽ ഒരുക്കങ്ങൾ നടത്തിയിരുന്നത്.
എന്നാൽ ഇത്തവണ റാന്നി, അങ്ങാടി, പഴവങ്ങാടി, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകൾക്കു ഫണ്ട് അനുവദിച്ചിട്ടില്ല. ഇതും മെല്ലെപ്പോക്കിനു കാരണമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

