കൊട്ടിയം ∙ ദേശീയപാതയിൽ മൈലക്കാട് ഇറക്കത്തിലുള്ള കലുങ്ക് നിർമാണം ശാസ്ത്രീയമാകണമെന്ന ആവശ്യം ശക്തം. ഇവിടത്തെ മണ്ണിന്റെ ഘടനയെക്കുറിച്ച് മനസ്സിലാക്കാതെ നേരത്തേ നിർമിച്ച തരത്തിലുള്ള കലുങ്കാണ് നിർമിക്കുന്നതെങ്കിൽ വീണ്ടും അപകടം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കലുങ്ക് തകർന്നതിനെ തുടർന്ന് തഴുത്തല ഏലായിൽ നിന്ന് ഇത്തിക്കര ആറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത് കർഷകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
വയലിലും തോട്ടിലും മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികളും ദുരിതത്തിലാണ്. ഡിസംബർ 5നാണ് ദേശീയ പാത 66ലെ മൈലക്കാട് ഇറക്കത്തെ മണ്ണിട്ട് ഉയർത്തിയ ആറുവരി പാതയിൽ വൻ ഗർത്തം രൂപപ്പെട്ടതും 100 മീറ്റർ നീളത്തിൽ സർവീസ് റോഡ് തകർന്നതും.
30 അടി ഉയരത്തിലാണ് ഇവിടെ മണ്ണിട്ട് ഉയർത്തി ആറുവരി പാത നിർമിച്ചത്.
അപകടത്തെ തുടർന്ന് ഇവിടെ തൂണുകളിൽ പാലം നിർമിക്കാനുള്ള തീരുമാനം ആയെങ്കിലും കലുങ്കിന്റെ അവസ്ഥയെക്കുറിച്ച് ഇനിയും ശരിയായ പഠനം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. 1988ൽ ദേശീയ പാതയുടെ വീതി കൂട്ടുന്ന കാലഘട്ടത്തിലാണ് പഴയ കലുങ്ക് പൊളിച്ചു നീക്കിയത്.
അന്ന് കലുങ്ക് നിർമിക്കാനായി മണ്ണ് പരിശോധിച്ചപ്പോഴാണ് ഇവിടെ ചെളി കലർന്ന മണ്ണാണെന്നു കണ്ടെത്തിയത്. തുടർന്ന് പയലിങ് ചെയ്ത ശേഷം ഒന്നര മീറ്റർ ആഴത്തിൽ രണ്ടു വശങ്ങളിലും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയിട്ടാണ് പുതിയ കലുങ്ക് നിർമിച്ചത്.
ഈ കലുങ്കാണ് ആറുവരി പാതയ്ക്കു വേണ്ടി പൂർണമായും പൊളിച്ചു നീക്കി മൂന്ന് ഭാഗങ്ങളായി റെഡിമെയ്ഡ് കലുങ്കുകൾ സ്ഥാപിച്ചത്.
മണ്ണ് പരിശോധന നടത്തി ശാസ്ത്രീയമായ രീതിയിൽ ആയിരിക്കണം പുതിയ കലുങ്ക് സ്ഥാപിക്കേണ്ടതെന്നാണ് മൈലക്കാട്–സിതാര ജംക്ഷൻ ആക്ഷൻ കൗൺസിലിന്റെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

