ആലപ്പുഴ∙ അരൂർ– തുറവൂർ മേഖലകളിലെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴു. മേഖലയിലെ എട്ടു റേഷൻകടകളിലാണു പുഴുവും മാലിന്യവും നിറഞ്ഞ അരി വിതരണത്തിന് എത്തിച്ചത്.
ഉപഭോക്താക്കൾക്കു നൽകാനായി ഇന്നലെ ചാക്ക് തുറന്നപ്പോഴാണു പുഴുവും മാലിന്യവും കണ്ടത്. പുഴു കാരണം കട്ടപിടിച്ച സ്ഥിതിയിലായിരുന്നു അരി.
എഴുപുന്ന കോങ്കേരി മാർക്കറ്റിലെ റേഷൻ കടയിൽ പൊട്ടിച്ച രണ്ടു ചാക്ക് അരിയും ഉപയോഗിക്കാനാകില്ലെന്നു കാർഡ് ഉടമകൾ പറഞ്ഞു. റേഷൻകടകളിൽ എത്തിയവർ അരി വാങ്ങാതെ മടങ്ങി.
ഒരാഴ്ചയായി പ്രദേശത്തെ റേഷൻകടകളിൽ വിൽക്കുന്ന അരിയിൽ പൊടിയും മാലിന്യവും കൂടുതലാണെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണു കട്ടകെട്ടി ഉപയോഗശൂന്യമായ അരി ലഭിച്ചത്.
റേഷനരിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ താലൂക്ക് സപ്ലൈ ഓഫിസർക്കു നിർദേശം നൽകിയെന്നു ജില്ലാ സപ്ലൈ ഓഫിസർ കെ.മായാദേവി പറഞ്ഞു.
അതേസമയം റേഷൻ വ്യാപാരികൾ പൊതുവിതരണ വകുപ്പിനു പരാതി നൽകുകയോ ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ല. പുഴുക്കലരിയിലാണു പുഴുവിനെ കണ്ടെത്തിയത്.
കഴിഞ്ഞ മാസങ്ങളിൽ പുഴുക്കലരി കുറവായതിനാൽ ഗോഡൗണുകളിലോ റേഷൻകടകളിലോ കെട്ടിക്കിടന്നു പഴകാനുള്ള സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നു റേഷൻകടകളിൽ പരിശോധന നടത്തിയാലാകും അരിയിൽ പുഴു വന്നത് എങ്ങനെയെന്നു കണ്ടെത്താനാകുക.
ഡിസംബർ അവസാനവാരം വയലാർ എൻഎഫ്എസ്എ ഗോഡൗണിൽ നിന്നാണ് ഈ അരിച്ചാക്കുകൾ റേഷൻകടകളിൽ എത്തിച്ചതെന്നാണ് അനൗദ്യോഗിക വിവരം.
ഏതാനും മാസങ്ങൾക്കു മുൻപും ചേർത്തല മേഖലയിലെ റേഷൻകടകളിൽ അരിയിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. മുൻഗണനാ വിഭാഗങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യേണ്ട
അരിയിൽ പുഴുവും മാലിന്യങ്ങളും കണ്ടതോടെ ക്ഷുഭിതയായ ഗൃഹനാഥയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

