മാസ്റ്റർ പ്ലാൻ ഇപ്പോഴുമില്ല മൂന്നാർ കോളജ് കെട്ടിടനിർമാണം എങ്ങുമെത്തിയില്ല
2018–ലെ പ്രളയത്തിൽ തകർന്ന മൂന്നാർ ആർട്സ് കോളജിനായി പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ, കഴിഞ്ഞ സെപ്റ്റംബറിൽ ഭൂമി കൈമാറിക്കിട്ടിയെങ്കിലും മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിലെ കാലതാമസം തുടരുന്നു. നേതാക്കളും ഉദ്യോഗസ്ഥരും നിയമസഭ തിരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുക കൂടി ചെയ്യുന്നതോടെ കെട്ടിടനിർമാണം വീണ്ടും വൈകുമെന്നാണ് സൂചന.
മാസ്റ്റർ പ്ലാൻ, വിശദപദ്ധതിരേഖ (ഡിപിആർ) എന്നിവ തയാറാക്കുന്നതിനുള്ള ഏജൻസികളെ കണ്ടെത്താനുള്ള ടെൻഡർ 9ന് ആണ് തുറക്കുന്നത്. ഇതിനു ശേഷം ഉചിതമായത് തിരഞ്ഞെടുത്ത് വകുപ്പിന്റെ അനുമതി വാങ്ങി പണികൾ തുടങ്ങാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
കോളജ് പ്രവർത്തിക്കുന്ന പ്രദേശത്തെ ഡിടിപിസി, റവന്യു, എൻജിനീയറിങ് കോളജ് എന്നിവയുടെ കൈവശമുള്ള 912, 912/1 എന്നീ സർവേ നമ്പരുകളിലുള്ള 4.42 ഏക്കർ ഭൂമി അളന്ന് തിരിച്ചാണ് പുതിയ കോളജിനായി റവന്യു അധികൃതർ കൈമാറിയത്.
കിഫ്ബിയുടെ 20 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. കെട്ടിടം തകർന്നതിനെ തുടർന്ന് എംജി നഗറിൽ ഡിടിപിസിയുടെ ബജറ്റ് ഹോട്ടലിലും എൻജിനീയറിങ് കോളജിന്റെ വർക്ഷോപ് കെട്ടിടത്തിലുമാണ് കോളജ് പ്രവർത്തിക്കുന്നത്.
ആശ കൊടുക്കാമോ?ഷോപ് സൈറ്റ്പട്ടയങ്ങൾ: തീരുമാനംപാലിക്കപ്പെട്ടില്ല
ഷോപ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്ന റവന്യു മന്ത്രി കെ.രാജന്റെ വാഗ്ദാനവും കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകുമെന്ന് കഴിഞ്ഞ ഒക്ടോബർ 15ലെ മന്ത്രിസഭാ യോഗ തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടില്ല.
ഭൂമി കൈവശം വച്ചു വരുന്നവർ പലവിധ നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. 1993–ലെ ചട്ടപ്രകാരം ഷോപ് സൈറ്റിന് പട്ടയം അനുവദിക്കാൻ വ്യവസ്ഥയുണ്ടെന്നും അതിനാൽ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തോടെ ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയുമെന്നുമായിരുന്നു സർക്കാരിന്റെ വാദം.
കട്ടപ്പനയിലെ ഷോപ്പ്സൈറ്റ് പട്ടയപ്രശ്നങ്ങൾ ഓണത്തിനു മുൻപ് പരിഹരിക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് 2025 ജൂലൈയിൽ കട്ടപ്പനയിൽ എത്തിയപ്പോഴാണ് മന്ത്രി പ്രഖ്യാപിച്ചത്.
ആറുമാസമായിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. സിഎച്ച്ആറിൽ പട്ടയ വിതരണത്തിന് വിലക്കേർപ്പെടുത്തിയ 2024 ഒക്ടോബർ 24ലെ സുപ്രീംകോടതി ഉത്തരവ് നീങ്ങാതെ കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് ടൗണുകളിൽ ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാനാവില്ലെന്നാണ് വിദഗ്ധാഭിപ്രായം.
എന്നു ‘നടക്കും’ നിർമാണം?യാത്രാദുരിതവുമായിഇരുനൂറേക്കർ– മെഴുകുംചാൽ റോഡ്
കാൽനടയാത്ര പോലും ദുരിതമായി മാറിയ അടിമാലിയിലെ ഇരുനൂറേക്കർ– മെഴുകുംചാൽ റോഡിൽ നിർമാണ പ്രവൃത്തികൾക്കായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
പണികൾ തുടങ്ങുന്നതിന്റെ മുന്നോടിയായി റോഡിലെ വിവിധ ഭാഗങ്ങളിൽ മെറ്റൽ ഇറക്കിയിരുന്നു. ഉടൻ നിർമാണ ജോലികൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടന്നു.
എന്നാൽ ഇതുവരെ പണികൾ ആരംഭിച്ചിട്ടില്ല. നവകേരള സദസ്സുമായി ബന്ധപ്പെടുത്തി എ.രാജ എംഎൽഎ മുൻകൈ എടുത്താണ് പണം അനുവദിച്ചത്.
കുരുതി കൊടുത്തോ?യാഥാർഥ്യമാകാതെസംയോജിത ചെക്പോസ്റ്റ്
ഗുരുതിക്കളം ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്ത് ഒരു വർഷമായിട്ടും സംയോജിത ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിട്ടില്ല.
മാസങ്ങളായി കെട്ടിടം അടഞ്ഞു കിടക്കുകയാണ്. വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ പദ്ധതികൾ പറഞ്ഞാണ് ഗുരുതിക്കളത്ത് നിലവിലുണ്ടായിരുന്ന കെട്ടിടത്തിനോടു ചേർന്നു പുതിയ കെട്ടിടം നിർമിച്ചത്.
എന്നാൽ ചെക്പോസ്റ്റിന്റെ പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ഇക്കോഷോപ്പ്, ശുചിമുറി അടക്കമുള്ള സംവിധാനങ്ങൾ തുടങ്ങുമെന്നാണ് ഉദ്ഘാടന സമയത്ത് അറിയിച്ചിരുന്നത്.
ഇതിനാവശ്യമായ കെട്ടിടങ്ങൾ നിർമിച്ചിരുന്നെങ്കിലും ഇവിടെ ആവശ്യത്തിനുള്ള ഫർണിച്ചർ എത്തിയില്ല. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയും എടുത്തിട്ടില്ല.
മരവിച്ചുപോയ ക്രിമറ്റോറിയം, മരിച്ചവരോടുള്ള അനാദരവ്
നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ഓൺലൈനായും ഓഫ്ലൈനായുമൊക്കെ പലവട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് നെടുങ്കണ്ടത്തെ ക്രിമറ്റോറിയം.
12 വർഷമായി ഉപയോഗശൂന്യമായി കിടന്ന ഗ്യാസ് ശ്മശാനം പൊളിച്ചുനീക്കിയാണ് 35 ലക്ഷം രൂപ ചിലവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ആധുനിക ക്രിമറ്റോറിയത്തിന്റെ നിർമാണമാരംഭിച്ചത്. 2022 ഏപ്രിൽ 27നായിരുന്നു നിർമാണോദ്ഘാടനം.
രണ്ടുമാസത്തിൽ പൂർത്തിയാക്കുമെന്നവകാശപ്പെട്ട് ആരംഭിച്ച പ്രവൃത്തികൾ നിന്നുപോയി.
ഏറ്റവുമൊടുവിൽ നിർമാണച്ചുമതലയുള്ള കോസ്റ്റ്ഫോഡും പഞ്ചായത്തും നടത്തിയ ചർച്ചയിൽ ചിമ്മിനിയുടെ അടിത്തറയും ചിമ്മിനിയും പൂർത്തിയാക്കി 2024 ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല. പുതുതായി എത്തിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിച്ചു കിടക്കുകയാണ്.
താലൂക്കാസ്ഥാനമായ നെടുങ്കണ്ടം പഞ്ചായത്തിലെ ഭൂരഹിതനായ ഒരാൾ മരിച്ചാൽ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഉടുമ്പൻചോല പഞ്ചായത്തിലെ പാറത്തോട് ശ്മശാനത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടെ ഇവിടേക്ക് എത്തിച്ച ഇരുപതിലധികം എൽപിജി സിലണ്ടറുകളും കാണാതായതാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

