കോട്ടയം ∙ തിങ്കളാഴ്ചകളിൽ രാവിലെ കോട്ടയം ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്ര ദുരിതമായി തുടരുന്നു. തിരക്കിന് ആശ്വാസമായി അവതരിപ്പിച്ച സ്പെഷൽ മെമുവിൽ കായംകുളം എത്തുമ്പോൾ തന്നെ വാതിൽപടി വരെ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടാവും.
കുത്തി നിറച്ച് യാത്രക്കാരെയും കൊണ്ടാണ് വേണാടും കോട്ടയം സ്റ്റേഷനിലെത്തുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ സ്റ്റേഷനിലെയും യാത്രക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്.
അതിനിടയിൽ സാങ്കേതിക തകരാറുകൾ മൂലം തിങ്കളാഴ്ച വേണാട് വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
വേണാട് ഒരു മണിക്കൂറിലധികം വൈകുന്നുവെന്ന വാർത്ത യാത്രക്കാരുടെ ഗ്രൂപ്പിൽ പടർന്നതോടെ 8 കോച്ചുള്ള സ്പെഷൽ മെമുവിലേക്ക് ആളുകൾ ഇരച്ചുകയറി. പല സ്റ്റേഷനിലും ട്രെയിൻ നീങ്ങി തുടങ്ങിയിട്ടും കയറിപ്പറ്റാൻ യാത്രക്കാർ തിരക്ക് കൂട്ടുകയായിരുന്നു.
കോട്ടയം വഴി രാവിലെ എറണാകുളത്തേക്ക് സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും സമാനമായ സാഹചര്യമാണ്. തിങ്കളാഴ്ചകളിൽ തൃപ്പൂണിത്തുറയിലേക്കുള്ള പ്രതിവാര യാത്രക്കാരും കൂടി എത്തുന്നതോടെ തിരക്ക് പാരമ്യത്തിലെത്തുന്നു.
തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ആദ്യ സർവീസായ വേണാട് ഇരുദിശയിലേയ്ക്കും നിറഞ്ഞാണ് എന്നും സർവീസ് നടത്തുന്നത്. പാൻട്രിക്കാർ ഒഴിവാക്കി ജനറൽ കോച്ച് കൂട്ടിച്ചേർത്തെങ്കിലും തിരക്കിന് ശമനമായിട്ടില്ല.
സ്പെഷൽ മെമുവിലെ കോച്ചുകൾ വർധിപ്പിക്കാത്തതും വേണാടിലെ തിരക്ക് വർധിപ്പിക്കുന്നു.
രാവിലെ വന്ദേ ഭാരതിന് ശേഷം കോട്ടയത്ത് നിന്ന് ഒരു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. കോട്ടയം സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു സർവീസ് പോലും അനുവദിക്കാത്തതും ജില്ലയുടെ യാത്രാക്ലേശം വർധിപ്പിക്കുന്നു.
വൈകിട്ട് കോട്ടയത്ത് നിന്ന് കൊല്ലത്തേക്കുള്ള മെമുവിലും വാഗൺ ട്രാജഡിയാണെന്ന് യാത്രക്കാർ പറയുന്നു. യാത്രാക്ലേശം പരിഹരിക്കാൻ ഓഫിസ് സമയങ്ങളിൽ കൂടുതൽ മെമു സർവീസുകൾ പരിഗണിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
വൈകിട്ട് എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്കുള്ള തിരക്കും പരിഹാരമില്ലാതെ തുടരുന്നു.
പരശുറാമിന് ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് തൃപ്പൂണിത്തുറയിലെത്തുന്ന വേണാട് അപകടകരമായ സാഹചര്യത്തിലാണ് സ്റ്റേഷൻ വിടുന്നത്. ഉച്ചകഴിഞ്ഞ് 2.40ന് എറണാകുളം ജംക്ഷനിൽ നിന്ന് കോവിഡിന് മുൻപു സർവീസ് നടത്തിയിരുന്ന മെമു റദ്ദാക്കിയതും വൈകിട്ടത്തെ വേണാടിലെ തിരക്ക് നിയന്ത്രണാതീതമാകാൻ കാരണമാകുന്നു.
ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

