ന്യൂഡൽഹി∙ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ക്രിമിനൽ നടപടികളിൽ നിന്ന് പൂർണമായ ഇളവ് നൽകിയിരുന്ന സേഫ് ഹാർബർ പരിരക്ഷ ഇനി അസാധാരണ സാഹചര്യങ്ങളിൽ മാത്രം.
നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരടുരൂപത്തിലാണ് നിർണായക വ്യവസ്ഥയുള്ളത്. കരട് അടുത്ത ആഴ്ച പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും. ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് 2000ലെ ഐടി നിയമത്തിലെ 79–ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ വ്യവസ്ഥ. ഇളവു ലഭ്യമാകുന്ന സാഹചര്യങ്ങൾ ഏതൊക്കെയെന്ന് സർക്കാർ നിഷ്കർഷിക്കും. വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം നൽകണമെന്ന വ്യവസ്ഥയും കരടുബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബില്ലിലെ ഒരധ്യായം പൂർണമായും ഇന്റർനെറ്റ് ലോകത്തെ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതാണ്.
എന്ത് സംഭവിക്കും?
സേഫ് ഹാർബർ പരിരക്ഷ ഒഴിവാക്കുന്നത് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. സേഫ് ഹാർബർ പരിരക്ഷ നഷ്ടമായാൽ ഒരാൾ എഴുതിയിടുന്ന പോസ്റ്റിന്റെ പേരിൽ ഫെയ്സ്ബുക്കിലെയും എക്സിലെയും ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം. ചുരുക്കത്തിൽ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുടെ പൂർണമായ ഉത്തരവാദിത്തം കമ്പനികൾക്ക് വന്നു ചേരും.
2004ൽ ഡൽഹിയിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷ പ്രാബല്യത്തിൽവന്നത്. ഒരു ഐഐടി വിദ്യാർഥി bazee.com എന്ന വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടർന്നു വിദ്യാർഥിക്കു പുറമേ വെബ്സൈറ്റ് സിഇഒ അവിനാശ് ബജാജിനെയും മാനേജരെയും കൂടി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പ്ലാറ്റ്ഫോം കക്ഷിയല്ലെന്നു ചൂണ്ടിക്കാട്ടി അവിനാശ് നടത്തിയ നിയമയുദ്ധമാണ് ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷയ്ക്ക് വഴിയൊരുക്കിയത്.
English Summary: Safe harbor protection only in exceptional circumstances
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]