അടിമാലി ∙ ദേശീയപാതയിലെ അശാസ്ത്രീയ നിർമാണം കാരണം മണ്ണിടിഞ്ഞു വീടുകൾ തകരുകയും കെട്ടിടത്തിനടിയിൽപെട്ടു ദമ്പതികളിൽ ഭർത്താവ് മരിക്കുകയും ഭാര്യയുടെ കാൽ നഷ്ടമാകുകയും ചെയ്ത അടിമാലി ദുരന്തത്തിൽ ഇരയായവരെ തിരിഞ്ഞുനോക്കാതെ സർക്കാർ. വാഗ്ദാനങ്ങൾ പാലിക്കാൻ 7 ദിവസത്തിനകം ഭരണാധികാരികൾ തയാറായില്ലെങ്കിൽ തൊട്ടടുത്ത ദിവസം കരാർ കമ്പനി ദേശീയപാതയിൽ നടത്തി വരുന്ന നവീകരണ ജോലികൾ തടസ്സപ്പെടുത്തുമെന്ന് ലക്ഷം വീട് ജനകീയ സംരക്ഷണ സമിതി ഭാരവാഹികൾ കലക്ടർക്കു കത്ത് നൽകി.
ദുരന്തത്തിൽ മരിച്ച ലക്ഷം വീട് നഗറിലെ നെടുമ്പിള്ളിക്കുടി എൻ.കെ.ബിജുവിന്റെ കുടുംബത്തിന് ദുരന്തം അരങ്ങേറി 2 മാസവും 10 ദിവസവും പിന്നിടുമ്പോഴും മരണാനന്തര സഹായം നൽകാൻ കൂട്ടാക്കാത്തിൽ പ്രതിഷേധം ശക്തമാണ്.
രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ സന്ധ്യയ്ക്കും ദുരന്തത്തിന് ഇരയായ മറ്റുള്ളവർക്കും സഹായം നൽകാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല.
കഴിഞ്ഞ ഡിസംബർ 4ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത സന്ധ്യ ഇപ്പോൾ അടിമാലി ചാറ്റുപാറയിൽ വാടകവീട്ടിലാണ് കഴിയുന്നത്. ഇടതുകാൽ നഷ്ടപ്പെട്ട
സന്ധ്യ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ദയനീയ അവസ്ഥയിലാണ്. മകളുടെ പഠനത്തിന് ഒരു ലക്ഷം രൂപ നൽകുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.
അശാസ്ത്രീയ നിർമാണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 25നു രാത്രിയാണ് ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
ഇതെത്തുടർന്ന് ലക്ഷംവീട് നഗറിലെ 8 വീടുകൾ പൂർണമായി തകർന്നു. തകർന്ന വീടിനുള്ളിൽ അകപ്പെട്ടാണ് ബിജു മരിച്ചതും സന്ധ്യയ്ക്ക് ഗുരുതര പരുക്കേറ്റതും.
ഇവർക്ക് അടിയന്തര സഹായം നൽകാൻ സർക്കാരും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കുമെന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.
അടുത്ത മന്ത്രിസഭാ യോഗത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് ബിജുവിന്റെ ബന്ധുക്കൾക്കു മന്ത്രി ഉറപ്പു നൽകിയിരുന്നു. ഒക്ടോബർ 25നു ശേഷം മന്ത്രിസഭാ യോഗങ്ങൾ പലതു കഴിഞ്ഞെങ്കിലും ബിജുവിന്റെ കുടുംബത്തിന് മരണാനന്തര സഹായം പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.
ഇതോടൊപ്പം ദുരന്തത്തിന് ഇരയായി അടിമാലി ഗവ.
ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന 50 കുടുംബങ്ങൾക്കു ദേശീയപാത കരാർ കമ്പനി 15,000 രൂപ വീതം നൽകുമെന്ന് കലക്ടർ അറിയിച്ചിരുന്നു. എന്നാൽ പകുതിയോളം കുടുംബങ്ങൾക്ക് മാത്രമാണ് തുക നൽകിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നിന്നു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് കരാർ കമ്പനി വീടിന്റെ വാടകയും മറ്റും നൽകുമെന്നും കലക്ടർ അറിയിച്ചിരുന്നു.
എന്നാൽ ഇതും പാഴ്വാക്കായി. ജനകീയ സംരക്ഷണ സമിതി ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിക്കുമെന്ന് സമിതി രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.എസ്.സിദ്ദിഖ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

