നെന്മാറ ∙ സംരക്ഷിത വനത്തിലൂടെ നടക്കുന്ന റോഡ് നിർമാണം പ്രദേശവാസികൾക്കും പരിസ്ഥിതിക്കും ദോഷമാകുമെന്നു പരാതി. നെന്മാറ ഡിവിഷനിൽ നെല്ലിയാമ്പതി റേഞ്ച് തിരുവഴിയാട് സെക്ഷൻ പരിധിയിൽ അയിലമുടി സംരക്ഷിത വനത്തിൽ പുളിക്കൽചിറ മുതൽ കരിങ്കുളം വരെയുള്ള കൂപ്പ് പാത നിർമാണത്തിനെതിരെയാണ് പരാതി.
യന്ത്രങ്ങൾ ഉപയോഗിച്ചു മണ്ണിടിച്ചും മരം മുറിച്ചും നടത്തുന്ന പാത നിർമാണം പരിസ്ഥിതി ലോല പ്രദേശത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ ഭീഷണി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണു പരാതി.
വനത്തിനുള്ളിലെ ചോലകൾ മണ്ണിട്ടു നികത്തുകയാണ്. മ്ലാവ്, പുള്ളിമാൻ, കാട്ടുപന്നികൾ, ചെന്നായ, പുലി, കുരങ്ങ്, കീരി, മലയണ്ണാൻ തുടങ്ങിയവയും ദേശാടനപക്ഷികളും വസിക്കുന്ന വനമേഖലയിൽ നടക്കുന്ന റോഡ് നിർമാണം മൃഗങ്ങൾ ജനവാസ മേഖലകളിലേക്കു കടക്കുന്നതിന് വഴിയൊരുക്കുമെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.
ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പാത നിർമാണം ഉടൻ നിർത്തിവയ്ക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കുണ്ടിലിടിവ് സംരക്ഷിത വനത്തിലും പഴയ മരങ്ങൾ മുറിച്ചു പുതിയ പ്ലാന്റേഷൻ നടത്തുന്നതിന്റെ പേരിൽ സ്വകാര്യ വ്യക്തിക്കു റോഡ് നിർമാണത്തിനു അവസരമുണ്ടാക്കിയതായും പരാതി ഉയർന്നിരുന്നു.
അതേ സമയം പഴക്കംചെന്ന യൂക്കാലി മരങ്ങളും മറ്റും മുറിച്ചു നീക്കാനും പുതിയതായി മരം വച്ചുപിടിപ്പിക്കുന്നതിനും വനംവകുപ്പ് നൽകിയ നിർദേശപ്രകാരമാണ് നിലവിലുള്ള മരങ്ങൾ വെട്ടി മാറ്റുന്നതെന്നു ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി.ഷെറീഫ് പറഞ്ഞു. മുറിച്ച മരങ്ങൾ കടത്തിക്കൊണ്ടു പോകുന്നതിനാണു പഴയ കൂപ്പ് റോഡ് നവീകരിക്കുന്നത്.
ഇതേ മലയുടെ സമീപത്തുള്ള കുണ്ടിലിടിവിൽ കഴിഞ്ഞ വർഷം യൂക്കാലി, കശുമാവ് തുടങ്ങിയ മരങ്ങൾ മുറിച്ചു മാറ്റി പുതിയ തൈകൾ വച്ചുപിടിപ്പിച്ചിരുന്നു. വലിയ തോതിൽ മരങ്ങൾ മുറിച്ചു നീക്കുന്നില്ല.
പാതയിലെ തടസ്സങ്ങൾ നീക്കുക മാത്രമാണു ചെയ്യുന്നതെന്നും പ്രദേശവാസികൾക്കോ വന്യമൃഗങ്ങൾക്കോ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാധ്യത ഇല്ലെന്നും റേഞ്ച് ഓഫിസർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

