ഓമശ്ശേരി∙ ഓമശ്ശേരി ടൗണിലെ പാച്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതരുടെ അടിയന്തിര ഇടപെടലാവശ്യപ്പെടുകയാണ് നാട്ടുകാർ. ദുർഗന്ധവും, കൊതുകുശല്ല്യവും രൂക്ഷമായതോടെ ടൗണിലെത്തുന്നവരും പരിസരവാസികളും പൊറുതിമുട്ടുകയാണ്.
ഓമശ്ശേരി പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ടൗണിലെ പ്രധാന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ നടപടികളില്ലാതായതോടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി. അറവുമാലിന്യം, ആശുപത്രി മാലിന്യം, ശുചിമുറി മാലിന്യം ഉൾപ്പെടെ ഓവുചാലുകൾ വഴി തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പ്രദേശവാസികൾ പറയുന്നു.
മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
“ഓമശ്ശേരി പഞ്ചായത്തിലെ പാച്ചാൻ തോടിലെ മാലിന്യ പ്രശ്നം ശ്രദ്ധയിൽപ്പെട്ട
ഉടനെ തന്നെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഭരണ സമിതി വ്യാപാര സംഘടന നേതാക്കളെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് അടിയന്തര യോഗം ചേർന്നിരുന്നു. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണോ മാലിന്യം പുറന്തള്ളപ്പെടുന്നത് ആ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് ഈ നടപടി അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ തുടർ നടപടികളുണ്ടാകുമെന്നും യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
പൊതുജന താൽപര്യാർഥം സ്ലാബുകൾ കൊണ്ട് മൂടപ്പെട്ട തോടിന്റെ ചില ഭാഗങ്ങളിൽ നെറ്റ് സംവിധാനം ഏർപ്പെടുത്താൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള അനുമതി ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി ഉറപ്പുനൽകിയിട്ടുണ്ട്.”
അബ്ദുൽ സലാം മൂശാരിക്കണ്ടി, പഞ്ചായത്തംഗം
ഓമശ്ശേരി അങ്ങാടിയിലെ മിക്ക കടകളിൽ നിന്നും മാലിന്യം ഈ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ്.
താഴെ ഓമശ്ശേരി, നൂലങ്ങൽ, മുയൽ വീട്ടിൽ തുടങ്ങിയ പ്രദേശത്തുകാർ അടിയന്തിര നടപടി ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി നീളുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു സ്ഥാപന ഉടമകളും പഞ്ചായത്ത് അധികൃതരും ചേർന്ന് കർമ പദ്ധതി തയാറാക്കി നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദുർഗന്ധവും രൂക്ഷമായ കൊതുകുശല്യവും സഹിക്കാനാകാതെ കഴിഞ്ഞ വർഷം താഴെ ഓമശ്ശേരിയിൽ പാച്ചാൻതോട്ടിന് കുറുകെ പ്രദേശവാസികൾ തടയണകെട്ടി പ്രതിഷേധിച്ചിരുന്നു.
പരാതി ഒട്ടേറെ
“പാച്ചാൻ തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ പ്രദേശവാസികൾ നിരവധി തവണ പരാതികളും നിർദേശങ്ങളും അധികൃതർക്ക് നൽകിയിരുന്നു. മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം . എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടികൾ നീളുകയാണ്.”
വി.പി.ഇസ്മായിൽ, പ്രദേശവാസി
തോട്ടിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന പഞ്ചായത്ത് അധികാരികളുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അന്ന് അവസാനിപ്പിച്ചത്.
എന്നാൽ ഏതാനും കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിനോക്കിയതല്ലാതെ അന്ന് ഒരു നടപടിയും മുന്നോട്ടുപോയില്ല. തോട്ടിലേക്ക് വന്നുചേരുന്ന പ്രധാന ഓവുചാലുകളുടെ കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിനോക്കിയപ്പോൾ ഓമശ്ശേരി അങ്ങാടിയിലെ പ്രമുഖ ഹോട്ടലുകളിൽനിന്നെല്ലാം പൈപ്പ് വഴി മാലിന്യം ഒഴുക്കിവിടുന്നത് കണ്ടെത്തിയിരുന്നു.
എന്നാൽ, അതിനുശേഷം സ്ഥാപനങ്ങൾക്കെതിരെ യാതൊരു നടപടിയുമെടുക്കാൻ പഞ്ചായത്തോ ആരോഗ്യവകുപ്പോ തയാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

