കോട്ടയം ∙ പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് 3 മാസം പിന്നിടുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിയ ശേഷം പിന്നീട് ഇന്നു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ ക്രമാതീതമായ അളവിൽ താഴ്ന്നുതുടങ്ങി.
ജനങ്ങൾ ആശങ്കയിലാണ്.
ജലത്തിനായി സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്.
ഇവർ അമിതവില ഈടാക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്തേക്കു വെള്ളം കടത്തിവിടുന്നില്ലെന്നാണു ജലഅതോറിറ്റി അധികൃതരിൽനിന്നു ലഭിക്കുന്ന മറുപടി.
ജലവിതരണം സംബന്ധിച്ച് പരാതികളുമായി അധികൃതരെ സമീപിക്കുമ്പോൾ ഒരാഴ്ചയ്ക്കകം ജലവിതരണം പുനഃസ്ഥാപിക്കും എന്ന മറുപടിയാണ് ആഴ്ചകളായി അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. നഗരത്തിലെ ഉയർന്ന ഭൂപ്രകൃതിയുള്ള നാട്ടകം, പള്ളം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്.
ശുദ്ധജലം ദിവസവും ഒരു നേരമെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രദേശത്തെ ജലദൗർലഭ്യത്തിനു പരിഹാരം കാണുന്നതിനായി മുൻ നഗരസഭാംഗം സാബു പള്ളിവാതുക്കൽ പാക്കിൽ – മാവിളങ്ങ് റോഡിൽ 28–ാം കവലയിൽ ജലസംഭരണി സ്ഥാപിച്ചെങ്കിലും ജലസ്രോതസ്സ് കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ പദ്ധതി പൂർത്തിയായില്ല. ജലത്തിനായി രണ്ടിടത്തു കുഴൽക്കിണർ കുഴിച്ചെങ്കിലും ജലം ലഭിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
7 വർഷം മുൻപ് സ്ഥാപിച്ച ഈ സംഭരണിയിൽ നാളിതുവരെയായിട്ടും വെള്ളമെത്തിയിട്ടില്ല. ജനം പണം മുടക്കി ജലത്തിനായി കാത്തിരിക്കുകയാണ്.
മുടങ്ങിക്കിടക്കുന്ന നാട്ടകം ശുദ്ധജല വിതരണ പദ്ധതി പൂർത്തിയായെങ്കിൽ മാത്രമേ ഇവിടെ ജലക്ഷാമത്തിനു പരിഹാരമാകുകയുള്ളൂ. ഇതിനായി പൂവത്തുംമൂട് പമ്പ് ഹൗസിൽനിന്നു നാട്ടകത്തെ ഓവർ ഹെഡ് ടാങ്കിലേക്ക് ജലം എത്തിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കി ഈ വേനലിനു മുൻപ് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

