പേരാമ്പ്ര ∙ നെൽക്കൃഷിയിൽ പേരു കേട്ട ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 35 ഏക്കറോളം വരുന്ന കൂടലോട്ട് പാടശേഖരം കാടു കയറി നശിക്കുന്നു. കാട്ടുപന്നികളുടെയും കുറുക്കന്മാരുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി പാടം മാറിയിട്ട് നാളുകൾ ഏറെയായി. പതിറ്റാണ്ടുകൾക്ക് മുൻപ് വർഷത്തിൽ 3 തവണ നെൽക്കൃഷി നടത്തിയിരുന്ന സ്ഥലമാണിപ്പോൾ കാടു കയറി അതിർവരമ്പുകൾ പോലും കാണാൻ പറ്റാത്ത വിധം നശിച്ചു കൊണ്ടിരിക്കുന്നത്. വർധിച്ച കൂലി ചെലവ് കാരണം കർഷകർ പൂർണമായും കൃഷിയിൽ നിന്നും പിൻമാറിയ അവസ്ഥയാണ്.
തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കാൻ 2021ൽ ജില്ലാ പഞ്ചായത്തും ചങ്ങരോത്ത് പഞ്ചായത്തും ചേർന്ന് ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ കതിരണി, നിറവ് പദ്ധതികൾ പൂർണമായും പരാജയപ്പെട്ടു.ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് പാടങ്ങൾ നന്നാക്കിയെങ്കിലും അനിയന്ത്രിത വെള്ളക്കെട്ടും ചെളിയും കാരണം നടീൽ യന്ത്രം ഉപയോഗിച്ച് നടാൻ പറ്റാത്ത വിധം ട്രാക്ടർ ചെളിയിൽ പൂണ്ടു പോയി. വെള്ളം ഒഴുക്കിവിടാൻ ഒരു വശത്ത് തോട് വീതി കൂട്ടി വെള്ളം ഒഴുക്കിവിടാൻ ശ്രമം നടത്തിയെങ്കിലും ഇതു പൂർണമാക്കാൻ കഴിയാത്തതും വൻ തിരിച്ചടിയായി.
കുറ്റ്യാടി ജലസേചന പദ്ധതി കനാൽ തുറക്കുന്നതോടെ പാടത്തേക്ക് ഒഴുകിയെത്തുന്ന ജലം ഒഴുക്കിവിടാൻ സംവിധാനം ഇല്ലാത്തതും കൃഷി മുടങ്ങാൻ കാരണമായി.
എന്നാൽ പ്രദേശത്തെ കർഷകരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കാതെ പണി നടത്തിയതാണ് കൃഷി പരാജയപ്പെടാൻ കാരണമെന്ന് കർഷകർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നിലമൊരുക്കി കർഷകർക്ക് വിത്തും വളവും നൽകി വേണ്ടത്ര സാമ്പത്തിക സഹായവും നൽകിയാൽ അനുദിനം കാട് കയറി നശിച്ചു കൊണ്ടിരിക്കുന്ന കൂടലോട്ട് പാടശേഖരം പൂർണമായും വീണ്ടെടുക്കാൻ കഴിയുമെന്നും ത്രിതല പഞ്ചായത്തുകൾ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആണ് കർഷകരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

