കാസർകോട് ∙ വിമാനത്താവളങ്ങളിലേക്ക് കാസർകോട്ടുനിന്ന് ലോഫ്ലോർ എസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. നിലവിൽ മംഗളൂരു ബജ്പെ, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് കാസർകോട്ടുനിന്ന് നേരിട്ടു ബസ് സർവീസില്ല. നേരത്തെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി സാധാരണ ബസ് സർവീസ് ഉണ്ടായിരുന്നത് കോഴിക്കോട് വരെയായി ചുരുക്കി.
കണ്ണൂർ വിമാനത്താവളം വന്നതോടെ യാത്രക്കാർ കുറഞ്ഞു എന്നതാണ് ഇതിന് അധികൃതർ പറയുന്ന കാരണം. കാസർകോട്ടുനിന്ന് ബജ്പെ വിമാനത്താവളത്തിലേക്ക് 68 കിലോമീറ്റർ, മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലേക്ക് 143 കിലോമീറ്റർ, കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് 228 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം.
ലോഫ്ലോർ സർവീസ് ആരംഭിച്ചാൽ വിദേശ യാത്രക്കാർക്ക് സാമ്പത്തിക ബാധ്യത കുറയും. മംഗളൂരു ബജ്പെയിലേക്ക് 160 രൂപ, കണ്ണൂർ വിമാനത്താവളത്തിലേക്ക് 250 രൂപ, കരിപ്പൂർ വിമാനത്താവളത്തിലേക്ക് 400 രൂപ എന്നിങ്ങനെ നിരക്കിൽ കെഎസ്ആർടിസിക്ക് സർവീസ് നടത്താൻ സാധിക്കും.കാസർകോട് നിന്നു മംഗളൂരു ബജ്പെ വിമാനത്താവളത്തിലേക്ക് 2000 മുതൽ 2500 വരെയാണ് ടാക്സി നിരക്ക്.കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കാസർകോട്ടേക്ക് ലോഫ്ലോർ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളം മാനേജർ നേരത്തേ ഗതാഗതവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു.
കെഎസ്ആർടിസി അതു സ്വീകരിച്ചിട്ടില്ല.
പുതിയ കാലത്ത് ഏറെപ്പേർക്കും സ്വന്തം വാഹനമുണ്ടെന്നും വാഹനമില്ലാത്തവർക്ക് ടാക്സി അടക്കമുള്ള വാഹനങ്ങളിൽ പോകുന്നതിനാണ് താൽപര്യമെന്നും ഉൾപ്പെടെ വിലയിരുത്തയിലാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഈ ആവശ്യം നിരാകരിച്ചത്. ഇവിടങ്ങളിലേക്ക് ലോഫ്ലോർ അടക്കമുള്ള സൗകര്യങ്ങളുള്ള ബസ് സർവീസ് ആരംഭിച്ചാൽ കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്നും കെഎസ്ആർടിസിക്ക് വലിയ വരുമാന നേട്ടമാകുമെന്നും ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
ജില്ലയ്ക്കകത്തും പുറത്തുമായി കെഎസ്ആർടിസി ടൂർ പാക്കേജ് നടത്തുന്ന ബസുകളും ലോ ഫ്ലോർ ബസുകളിലേക്കു മാറണമെന്ന് ആവശ്യമുയരുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ഇതുവഴി ആകർഷിക്കാൻ കഴിയും. ഏപ്രിൽ – മേയ് മാസങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
കർണാടകയിലെ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ബന്ധപ്പെടുത്തി പ്രത്യേക സർവീസുകൾ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

