തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാൻ-അറ്റ്ലീ കുട്ടുകെട്ടിൽ പുറത്തിറങ്ങിയ ജവാൻ. സിനിമയിലെ ഗാനങ്ങളും മാസ് സംഭാഷണങ്ങളും സംഘട്ടനരംഗങ്ങളുമെല്ലാം പ്രേക്ഷകരിൽ ആവേശംനിറച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ ഇതിലുൾപ്പെടുത്തിയിരുന്ന ഒരു സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സംഭാഷണ രചയിതാവ് സുമിത് അറോറ.
മകനെ തൊടുംമുമ്പ് അവന്റെ അച്ഛനോടൊന്ന് കോർത്തുനോക്ക് എന്നായിരുന്നു ആ മാസ് സംഭാഷണം. സെപ്റ്റംബർ ഏഴിന് പുറത്തുവന്ന ട്രെയിലറിലൂടെയാണ് ഇത് ആരാധകർ ആദ്യമായി കേട്ടത്. ഈ സംഭാഷണം ആദ്യം തിരക്കഥയിൽ ഇല്ലായിരുന്നുവെന്നാണ് സുമിത് അറോറ വെളിപ്പെടുത്തിയത്. ഷൂട്ടിങ് ദിവസമായിരുന്നു ഈ ഡയലോഗ് തിരക്കഥയിൽഎഴുതിച്ചേർത്തതെന്നും സുമിത് പറഞ്ഞു.
“സിനിമാ മേക്കിംഗിന്റെ മാന്ത്രികതയിൽ നിങ്ങളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണിത്. യഥാർത്ഥത്തിൽ ഞങ്ങളുടെ ഡ്രാഫ്റ്റിൽ ആ വരി ഉണ്ടായിരുന്നില്ല. ഷാരൂഖ് സാറിന്റെ ആ കഥാപാത്രത്തിന് അപ്പോൾ ഒരു വരിപോലും പറയാനില്ലെങ്കിലും അതൊരു ശക്തമായ നിമിഷമാണെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഒരു ഡയലോഗ് പോലും ഇല്ല. പക്ഷെ ഷൂട്ട് ചെയ്യുമ്പോളാണ് ഇദ്ദേഹം എന്തെങ്കിലും പറയണമെന്നും അതിനൊരു വരി വേണമെന്നും തോന്നിയത്.” സുമിത് പ്രസ്താവനയിൽ പറഞ്ഞു.
ആ സമയത്ത് താൻ സെറ്റിലുണ്ടായിരുന്നുവെന്നും ഇപ്പോൾ സിനിമയിലൂടെ കേൾക്കുന്നതാണ് തന്റെ വായിൽ ആ സമയത്ത് ആദ്യം വന്ന ഡയലോഗെന്നും സുമിത് അറോറ ഓർത്തെടുത്തു. സംവിധായകൻ അറ്റ്ലീക്കും ഷാരൂഖ് ഖാനും അത് ഓ.കെയായിരുന്നു. ഷാരൂഖ് ഖാൻ അത് ഡെലിവർ ചെയ്ത രീതി എല്ലാവരേയും ഞെട്ടിച്ചു. പക്ഷേ, ആ വരി ഇത്രയും വലിയ ഹിറ്റാകുമെന്നും ഇത്തരത്തിൽ ആളുകൾ ഇത്തരത്തിൽ ഏറ്റെടുക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസ് ഡയലോഗ് എന്നതിനപ്പുറം ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതുമായാണ് ആരാധകർ ഈ സംഭാഷണത്തെ ബന്ധപ്പെടുത്തിയത്. 2021 ഒക്ടോബറിൽ നടന്ന സംഭവത്തിൽ 25 ദിവസത്തെ ജയിൽവാസത്തിനുശേഷം ആര്യൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പിന്നീട് ആര്യന് കേസിൽ കോടതി ക്ലീൻ ചിറ്റും നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]