അകത്തേത്തറ ∙ നടക്കാവ് റെയിൽവേ മേൽപാല നിർമാണത്തിൽ ഇപ്പോൾ പാലം വലിക്കുന്നത് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനെന്നാണു (ആർബിഡിസികെ) നാട്ടുകാരുടെ പരാതി. റെയിൽവേയുടെ സ്പാൻ നിർമാണം ഏറെക്കുറെ പൂർത്തിയായി. അവസാനഘട്ട
പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. റെയിൽവേ ട്രാക്കിനു മുകളിലുള്ളതും ഇതിനോടു ചേർന്നുള്ളതുമായ സ്പാനുകൾ മാത്രമാണ് റെയിൽവേ നിർമിക്കുന്നത്. മേൽപാലത്തിന്റെ ബാക്കി ഭാഗത്തെ നിർമാണച്ചുമതല റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ്.
കഴിഞ്ഞ ഡിസംബർ 31നു മുൻപ് ആർബിഡിസിയുടെ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണു നവംബർ 14നു ജില്ലാ കലക്ടർ വിളിച്ച യോഗത്തിൽ നിർദേശിച്ചിരുന്നത്.
കരാറുകാരൻ ആവശ്യത്തിനു തൊഴിലാളികളെ ലഭ്യമാക്കാത്തതാണു പ്രവൃത്തി വൈകാൻ കാരണമെന്നാണ് ആർബിഡിസി അറിയിച്ചിരുന്നത്. തുടർന്നു കലക്ടർ ബന്ധപ്പെട്ടവരുമായി സംസാരിച്ച് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചു. ഫണ്ട് ലഭ്യമാക്കാത്തതിനാലാണു നിർമാണ പ്രവൃത്തികൾ വൈകുന്നതെന്നാണ് അന്ന് ഏജൻസി അറിയിച്ചതെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.
ജില്ലാ കലക്ടർ വിളിച്ച അവലോകന യോഗം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും പ്രവൃത്തിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
നടക്കാവ് മേൽപാല പ്രവൃത്തി വൈകുന്നതു മനുഷ്യാവകാശ ലംഘനമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പാലം നിർമാണം വേഗത്തിലാക്കാൻ പല ഘട്ടങ്ങളിലും ജനപ്രതിനിധികൾ ഇടപെട്ടു.
ജില്ലാ ഭരണകൂടം അവലോകന യോഗം വിളിച്ചു. നാട്ടുകാർ ഒട്ടേറെത്തവണ പ്രതിഷേധം അറിയിച്ചു.
നീണ്ട ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണു നടക്കാവിൽ മേൽപാലം അനുവദിച്ചത്.
ഇപ്പോൾ ആ പാലം പണി പൂർത്തിയാക്കാനും നിരന്തരം പ്രതിഷേധിക്കേണ്ട സ്ഥിതിയിലാണു നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

