കൽപറ്റ ∙ പ്രകൃതി ദുരന്തങ്ങളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തയാറാക്കിയ ദുരന്ത മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്തു നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.
സാധാരണ സാഹചര്യങ്ങളിലുള്ള മാലിന്യ സംസ്കരണ ചട്ടങ്ങൾ ദുരന്ത മുഖത്ത് അപര്യാപ്തമാണെന്നും മുണ്ടക്കൈ, ചൂരൽമല ദുരന്ത അനുഭവത്തെ അടിസ്ഥാനമാക്കി തയാറാക്കിയ മാനദണ്ഡങ്ങൾ ലോകത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനു ശേഷം പ്രദേശത്ത് ടൺ കണക്കിനു മാലിന്യമാണ് അടിഞ്ഞു കൂടിയത്. തകർന്ന വീടുകൾ, കെട്ടിടാവശിഷ്ടങ്ങൾ, മണ്ണ്, കൂറ്റൻ പാറകൾ, പ്ലാസ്റ്റിക്-ഇലക്ട്രോണിക് വസ്തുക്കൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ കൂടി കലർന്ന നിലയിലായിരുന്നു ഇവ. ഇത്തരം സാഹചര്യങ്ങളിൽ നിലവിലുള്ള മാലിന്യ സംസ്കരണ രീതികൾ പര്യാപ്തമല്ലെന്നു കണ്ടതിനെ തുടർന്നാണു പുതിയ മാനദണ്ഡങ്ങൾക്കു രൂപം നൽകിയത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനു ശേഷം ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നുമായി 81.64 ടൺ ഖര മാലിന്യവും 106 കിലോ ലീറ്റർ ശുചിമുറി മാലിന്യവും നീക്കം ചെയ്തു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2,850 ഹരിതകർമ സേനാംഗങ്ങളും വൊളന്റിയർമാരും ദൗത്യത്തിൽ പങ്കാളികളായി. ദുരന്തമേഖലയിലെ മാലിന്യത്തിന്റെ അളവ് കണക്കാക്കാൻ ഡ്രോൺ, ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കും.
ശുചിത്വ മിഷന്റെ ക്ലൂ ആപ്പ് മുഖേന മാലിന്യ ശേഖരണം, ഗതാഗതം തത്സമയം നിരീക്ഷിക്കും.
ദുരന്ത മുഖത്തു വെല്ലുവിളിയായി മാറുന്ന പഴയ വസ്ത്രങ്ങളും ചെരുപ്പുകളും സംസ്കരിക്കുന്നതിനു പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ തുറക്കും. കെട്ടിടാവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതും ഹരിത ചട്ടങ്ങൾ പാലിച്ചു ക്യാംപുകൾ പ്രവർത്തിപ്പിക്കുന്നതും പ്രോട്ടോക്കോളിന്റെ പ്രധാന സവിശേഷതകളാണ്.
വരും കാലങ്ങളിൽ ഓരോ തദ്ദേശ സ്ഥാപനവും പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി ദുരന്ത മാലിന്യ സംസ്കരണ പ്ലാനുകൾ തയാറാക്കും.
പ്രോട്ടോക്കോളിലെ പ്രധാന ഘട്ടങ്ങൾ
ദുരന്ത സമയത്തെ മാലിന്യ സംസ്കരണം 3 ഘട്ടങ്ങളിലായാണു പുതിയ പ്രോട്ടോക്കോൾ വിഭജിച്ചിരിക്കുന്നത്. 1.
അടിയന്തര ഘട്ടം (ആദ്യത്തെ 72 മണിക്കൂർ)
രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്ന മാലിന്യങ്ങൾ അടിയന്തരമായി മാറ്റുക, ദുരിതാശ്വാസ ക്യാംപുകളിൽ ശുചിത്വ സൗകര്യങ്ങൾ (ബയോ-ടോയ്ലറ്റുകൾ) ഉറപ്പാക്കുക, ജൈവ മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും രോഗ പകർച്ച ഒഴിവാക്കാൻ ഉടൻ സംസ്കരിക്കുക.
2. ക്രമീകരണ ഘട്ടം (72 മണിക്കൂറിനു ശേഷം)
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുക, കെട്ടിടാവശിഷ്ടങ്ങൾ ക്രഷർ യൂണിറ്റുകൾ വഴി പൊടിച്ചു പുനരുപയോഗിക്കുക.
3. പുനരുദ്ധാരണ ഘട്ടം ശേഖരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന സംസ്കരണ കേന്ദ്രങ്ങളിലേക്കു മാറ്റുക, ദുരന്ത മേഖലയിലെ മണ്ണും വെള്ളവും മലിനമായിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

