കോയമ്പത്തൂർ∙ മാഞ്ചസ്റ്റർ സിറ്റിയായി തിളങ്ങിയ നഗരം തമിഴ്നാടിന്റെ തന്നെ പുതിയ മുഖമായി മാറിയാണ് 2025നോടു വിടപറഞ്ഞത്. സർക്കാർ, സ്വകാര്യമേഖലകളിൽ ഒട്ടേറെ ഐടി പാർക്കുകളും മേൽപാലങ്ങളും വന്നു.
2026ൽ വീണ്ടും വികസനക്കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു വശത്ത് ആഭരണ നിർമാണ ക്ലസ്റ്ററുണ്ട്.
ദിനംതോറും ആയിരക്കണക്കിനു പേരെ ആകർഷിക്കുന്ന ചെമ്മൊഴി പാർക്ക് നഗരത്തിന്റെ മുഖം തന്നെ മാറ്റിയിരിക്കുകയാണ്. നാലുവർഷത്തെ നിർമാണ പ്രവൃത്തി കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപാലമായ ജി.ഡി നായിഡു മേൽപാലം ഉപ്പിലിപാളയം മുതൽ ഗോൾഡ് വിൻസ് വരെ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി.ഉക്കടം-ആത്തുപാലം സി.സുബ്രഹ്മണ്യം മേൽപാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പാലക്കാട്, പൊള്ളാച്ചി ഭാഗത്തേക്ക് തിരക്ക് നന്നായി കുറഞ്ഞു. ഉക്കടത്ത് സിറ്റി ബസുകൾക്കും പാലക്കാട്, പൊള്ളാച്ചി ബസുകൾക്കുമായി രണ്ട് ബസ് സ്റ്റാൻഡുകൾ ഈ വർഷം നിലവിൽ വരും.
സിങ്കാനല്ലൂരിൽ പുതിയൊരു മേൽപാലം പണിക്കും ഈ വർഷം തുടക്കമാകും. വന്യമൃഗശല്യം മൂലം വലയുന്ന വനാതിർത്തിയിലെ ഗ്രാമവാസികൾക്കും മറ്റും ഉപകരിക്കുന്നതിനായി ചാടിവയലിൽ പുതിയതായി എട്ടു കോടി രൂപയുടെ ആനസംരക്ഷണ കേന്ദ്രം തുടങ്ങിയത് ആശ്വാസകരമാണ്.
8 റേഞ്ചുകളുള്ള കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാനും മനുഷ്യ-വന്യമൃഗ സംഘർഷം തടയാനും എളുപ്പത്തിൽ താപ്പാനകളെ എത്തിക്കാനും ഇതുകൊണ്ട് സാധിക്കും. നിലവിൽ ആനമല, കോഴിക്കാമുത്തി വനഭാഗത്ത് നിന്നാണ് താപ്പാനകളെ എത്തിക്കുന്നത്.
സംസ്ഥാനത്തു തന്നെ ആദ്യമായി വന്യമൃഗങ്ങൾക്ക് ചികിത്സ, സംരക്ഷണ, പുനരധിവാസം എന്നിവയ്ക്കുള്ള കേന്ദ്രം മേട്ടുപ്പാളയത്ത് തുടങ്ങിയതോടെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല.
ഏറ്റവും കൂടുതൽ പൊതുജനങ്ങൾ എത്തുന്ന കലക്ടറേറ്റ്, പൊലീസ് കമ്മിഷണർ ഓഫിസ് എന്നിവയ്ക്ക് സമീപമുള്ള കോർട്ട് സമുച്ചയത്തിൽ അസൗകര്യങ്ങൾ കൂടി വരികയാണ്. മുപ്പതോളം കോടതികളും അതനുസരിച്ചുള്ള ജനസഞ്ചയവും വാഹനത്തിരക്കും നിയന്ത്രിക്കാൻ കോടതി വളപ്പിനു സാധിക്കുന്നില്ല.
ഇതിന് പകരമായി കോയമ്പത്തൂരിലെ നൂറ്റാണ്ട് കടന്ന് കുതിരവണ്ടി കോടതി നവീകരിക്കുകയും ഇതിനു പിറകിൽ പുതിയതായി കോടതി സമുച്ചയവും നിർമാണം പൂർത്തിയായി വരികയാണ്. പകുതിയോളം കോടതികൾ ഇങ്ങോട്ട് മാറുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് പുതിയ റൺവേ, പുതിയ ടെർമിനലുകൾ, പ്രവേശന കവാടം എന്നിവയുടെ നിർമാണവും ഈ വർഷം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
വിമാനത്താവളത്തോടു ചേർന്ന അവിനാശി റോഡിൽ നീലാമ്പൂർ വരെയുള്ള മേൽപാത നിർമാണത്തിനും തുടക്കമാകുന്നതോടെ വികസന വേഗം വർധിക്കും. തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് മാത്രമല്ല പാലക്കാട് ജില്ലക്കാർക്കും പ്രയോജനപ്പെടും. ഇതേപോലെ മേട്ടുപ്പാളയം റോഡിലെ സായിബാബ കോളനി മേൽപാലം നിർമാണം പൂർത്തിയാക്കി ജനുവരി അവസാനവാരം തുറന്നു നൽകും.
തുടർന്ന് തുടിയല്ലൂർ ഭാഗത്ത് പുതിയ മേൽപാല നിർമാണം തുടങ്ങും.
പ്രതിരോധ മേഖലയിൽ ഗവേഷണങ്ങളും ഉപകരണ നിർമാണവും നടത്തുന്ന കമ്പനികളുടെ എണ്ണത്തിലും കോയമ്പത്തൂർ കുതിക്കും. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന അവിനാശി റോഡ് മേൽപാല റൗണ്ടാന ഈ വർഷം തന്നെ വികസിപ്പിക്കും.
ഇതോടെ നഗരത്തെ പലയിടങ്ങളുമായി ബന്ധിപ്പിക്കുന്ന അര നൂറ്റാണ്ടായി നഗരത്തിന്റെ സാക്ഷിയായ റൗണ്ടാനയിലെ കുരുക്ക് പൂർണമായും അപ്രത്യക്ഷമാകും. ഇവിടെയും ലങ്ക കോർണർ എന്നിവിടങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റി പദ്ധതി നിലവിൽ മെല്ലെപ്പോക്ക് നയം തുടരുകയാണ്.
പലയിടങ്ങളിലും അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ കാടുകയറി കിടക്കുകയും നഗരത്തിലെ കുളങ്ങളെ ചുറ്റി കാടും പടലും കയറി ബോട്ട് സർവീസുകൾ നിർത്തിയെന്നതും ഈ വർഷം പരിശോധിക്കുമെന്ന് കരുതാം. കോവൈ മെട്രോയിൽ മാത്രമാണ് നിരാശ തുടരുന്നതെങ്കിലും ഏപ്രിൽ മാസത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മെട്രോ പദ്ധതിക്ക് ജീവൻ വയ്ക്കാനും സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

