ശാസ്താംകോട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നു വിഭാഗീയത മറനീക്കിയ ശൂരനാട്ട്, സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയും തമ്മിലുള്ള തർക്കം തെരുവിലേക്കു പടരുന്നു.
ശൂരനാട് രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായുള്ള പതാക ദിനാചരണം സംഘാടക സമിതിയും സിപിഎം വിമതരും വെവ്വേറെ നടത്തി. സംഘാടകസമിതി സ്ഥാപിച്ച കൊടിമരങ്ങൾ രാത്രി തകർത്തതോടെ പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുകയാണ്. ഇരുപാർട്ടികളും ചേർന്നുള്ള സംഘാടകസമിതി, ശൂരനാട് രക്തസാക്ഷിത്വ സ്മാരകത്തിലും എച്ച്എസ് ജംക്ഷനിലും സ്ഥാപിച്ച കൊടിമരവും പതാകയും ബോർഡുകളും അലങ്കാരങ്ങളും നശിപ്പിച്ച നിലയിൽ രാവിലെയാണ് കണ്ടെത്തിയത്.
ശൂരനാട് വടക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐയുടെ സീറ്റുകളിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയും അടക്കം വിമതരായി മത്സരിച്ചു.
സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയിൽ വോട്ടുകൾ നേടിയ വിമതർ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ മറികടന്നെങ്കിലും വിജയിക്കാനായില്ല. പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തുടർച്ച നേടിയതോടെ ശക്തമായ പ്രതിഷേധവുമായി സിപിഐ രംഗത്തെത്തി. ഇതിനിടെയാണ് ശൂരനാട് രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിക്കുന്നതിനായി ഇരുപാർട്ടികളും ചേർന്നു സംഘാടകസമിതി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം സംഘാടകസമിതി പതാക ദിനാചരണം നടത്തിയെങ്കിലും സിപിഎമ്മിലെ ഒരു വിഭാഗം സഹകരിച്ചില്ല.
സിപിഐയുമായി ചേർന്നുള്ള പരിപാടി അംഗീകരിക്കില്ലെന്ന നിലപാടുമായി സിപിഎം വിമത വിഭാഗം പ്രത്യേകമായി കൊടിമരം നാട്ടി പതാക ഉയർത്തി. ഇതിനിടെ, സംഘാടക സമിതി സ്ഥാപിച്ച കൊടിമരങ്ങൾ രാത്രി തകർത്ത നിലയിൽ കണ്ടെത്തി.
നിയമ നടപടി ആവശ്യപ്പെട്ട് ശൂരനാട് പൊലീസിൽ പരാതി നൽകിയ സംഘാടകസമിതി, ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്എസ് ജംക്ഷനിൽ പ്രകടനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

