തളിപ്പറമ്പ് ∙ പ്രകാശന്റെയും ഗണേശന്റെയും ഓർമകളിൽ ഇപ്പോഴും നടുക്കമാണ്. ട്രെയിനിൽ ആളിപ്പടർന്ന തീയിൽനിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണു തളിപ്പറമ്പ് കൂവോട് സ്വദേശിയായ ടി.പ്രകാശനും മോറാഴയിലെ കെ.ഗണേശനും. കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിന്റെ ഡി വൺ കോച്ചിലായിരുന്നു ഇവർ ഉണ്ടായിരുന്നത്.
ഡി വൺ, ഡി 2 കോച്ചുകളിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു. ഇവരുടെ സമീപത്തെ ബർത്തിൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ സുന്ദരമാണു മരിച്ചത്.സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗമായ കെ.ഗണേശനും സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ ടി.പ്രകാശനും തിരഞ്ഞെടുപ്പ് തിരക്കുകൾക്കുശേഷം ഉത്തരേന്ത്യയിലേക്കു വിനോദയാത്ര പോയതായിരുന്നു.
ഹൗറയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതോടെ ടാറ്റാനഗറിൽ വന്ന് എറണാകുളം എക്സ്പ്രസിൽ ടിക്കറ്റ് എടുക്കുകയായിരുന്നു.പുലർച്ചെ ഒരു മണിയോടെ ബഹളം കേട്ടാണ് മുകളിലെ ബർത്തിൽ കിടന്ന പ്രകാശൻ ഞെട്ടിയെഴുന്നേറ്റത്. കനത്ത പുക കംപാർട്മെന്റിൽ വ്യാപിച്ചിരുന്നു. എല്ലാവരും പരക്കം പായുകയായിരുന്നു.
താഴത്തെ ബർത്തിൽ കിടന്നിരുന്ന ഗണേശനെ വിളിച്ചുണർത്തി കയ്യിൽകിട്ടിയ ബാഗുകളുമായി ട്രെയിനിൽനിന്നു പുറത്തിറങ്ങി. ഗണേശന്റെ ഫോണും മറ്റുമുള്ള ബാഗ് എടുക്കാനായില്ല. പുറത്തെത്തിയപ്പോഴാണു 2 കോച്ചുകളും കത്തിയമരുന്ന ഭയാനക കാഴ്ച കണ്ടത്.
പലരും നിലത്തുവീണു കിടക്കുന്നുണ്ടായിരുന്നു.
സാരമായി പരുക്കേറ്റയാൾക്കു വെള്ളം നൽകിയെങ്കിലും മരിച്ചു. പലരും സമീപത്തെ കാട്ടിലേക്കും മറ്റും ഓടി രക്ഷപ്പെട്ടിരുന്നു. യാത്രക്കാരിൽ പലരുടെയും ബാഗുകളും ലാപ്ടോപ്പുകളും നഷ്ടപ്പെട്ടു.
വെല്ലൂർ ആശുപത്രിയിലേക്ക് പോകുന്നവരുടെ ചികിത്സാരേഖകൾ ഉൾപ്പെടെ നഷ്ടമായി. പിന്നീട് റെയിൽവേ അധികൃതരെത്തി എല്ലാവരെയും ബസിൽ കയറ്റി 2 കിലോമീറ്ററോളം അകലെയുള്ള സ്റ്റേഷനിൽ എത്തിച്ചു.
അവിടെനിന്നു യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. അപ്പോഴേക്കും തീപിടിച്ച ബോഗികൾക്കു പകരം പുതിയ ബോഗികൾ ഘടിപ്പിച്ച ട്രെയിൻ അവിടെയെത്തിയിരുന്നു. അതിലാണു യാത്ര തുടർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

