റാന്നി ∙ ശബരിമല തീർഥാടകർക്ക് കണമല വട്ടപ്പാറയിൽ അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത മിനിബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 9 പേർക്കു പരുക്കേറ്റു.
ഹൈദരാബാദ് സ്വദേശി സിരിസിട്ടി രാജേഷ് ഗൗഡയാണു (39) മരിച്ചത്. വട്ടപ്പാറ കിഴക്കേതിൽ ബ്ലെസി (ബേബി –29), അയോണ (7), ബിന്ദു (52), ജോയൽ ജോയി സ്കറിയ (5) എന്നിവരെ പാലാ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നന്ദു (24), എരുമേലി കാവുങ്കൽ ഭായ് (20), ഏലമ്മ (64), നവീൻ (32), ദുർഗാദിസാദ് (18), മാതുമർ (55) എന്നിവർക്കും പരുക്കേറ്റു. ഇവരിൽ ഹൈദരാബാദ് സ്വദേശികളായ 4 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി ജംക്ഷനിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു സംഭവം.
ശബരിമല നട അടച്ചതിനാൽ അന്നദാനം നടത്തിയിരുന്നവർ കുറ്റാലത്തേക്ക് ഉല്ലാസയാത്ര പോയതാണ്.
മടങ്ങിവരുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. നടപ്പാതയിലെ കൈവരികൾ തകർത്ത് ഇടതുവശത്തെ കടയിലേക്കാണു വാഹനം ഇടിച്ചുകയറിയത്. ഫർണിച്ചർ കടയുടെ ഷട്ടർ തകർന്നു.
പാരപ്പറ്റിനും നാശമുണ്ട്. വാഹനം പൂർണമായി തകർന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയിട്ടാണ് മറ്റ് ആശുപത്രികളിലേക്കു മാറ്റിയത്. മരിച്ച രാജേഷ് ഗൗഡയാണ് അന്നദാനത്തിനു നേതൃത്വം വഹിച്ചിരുന്നതെന്ന് പരുക്കേറ്റവർ പറഞ്ഞു.
11 പേരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവർക്കു പരുക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

