തിരുവനന്തപുരം∙ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന വാർഡ് കൗൺസിലർ ആർ.ശ്രീലേഖയുടെ ആവശ്യം തള്ളി വി.കെ.പ്രശാന്ത് എംഎൽഎ. കൗൺസിലറുടെ തിട്ടൂരം അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംഎൽഎ വ്യക്തമാക്കിയപ്പോൾ, അഭ്യർഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നും അംഗീകരിക്കുന്നില്ലെങ്കിൽ നിയമപരമായ വഴി നോക്കുമെന്നും ശ്രീലേഖ തിരിച്ചടിച്ചു.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗൺസിലറുടെ ഓഫിസിന്റെ സൗകര്യം പരിമിതമാണെന്നതിനാലാണ് എംഎൽഎയോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണു ശ്രീലേഖയുടെ വിശദീകരണം. ഇരുവരും ഇന്നലെ ഇതേ കെട്ടിടത്തിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമായില്ല. കോർപറേഷനിലെ കെട്ടിടങ്ങൾ വാടകയ്ക്കു നൽകിയതിന്റെ രേഖകൾ പരിശോധിക്കുമെന്നു മേയർ വി.വി.രാജേഷ് വ്യക്തമാക്കി.
“നിയമപ്രകാരം മാർച്ച് വരെ കാലാവധിയുണ്ട്.
വാടക കാലാവധി തീരുംവരെ ഇവിടെത്തന്നെയുണ്ടാകും. എൽഎഡിഎഫിന്റെയും ബിജെപിയുടെയും കൗൺസിലർമാർ ഇതുവരെ ഇവിടെ പ്രവർത്തിച്ചിരുന്നു.
2 ഓഫിസുകളും ഇവിടെ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു തകരാറാണു സംഭവിക്കുക. രണ്ടുപേരും ജനപ്രതിനിധികളാണ്.
ജനം കാണാൻ വരുന്നതു വിവിധ ആവശ്യങ്ങൾക്കാണ്. അതിനുള്ള സൗകര്യമാണു രണ്ടിടത്തും വേണ്ടത്.
രേഖയും വാടകയുമില്ലാതെ 7 വർഷം എനിക്കിവിടെ ഇരിക്കാൻ പറ്റുമോ?”
വി.കെ.പ്രശാന്ത് എംഎൽഎ
മുൻ മേയർ കൂടിയായിരുന്ന വി.കെ.പ്രശാന്തിന്റെ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന ശാസ്തമംഗലം വാർഡിലെ കൗൺസിലറാണ് ആർ.ശ്രീലേഖ. 3 നില കെട്ടിടത്തിന്റെ മുകൾ നിലകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസും, താഴത്തെ നിലയിൽ എംഎൽഎ, വാർഡ് കൗൺസിലർ എന്നിവരുടെ ഓഫിസുകളുമാണു പ്രവർത്തിക്കുന്നത്.
എംഎൽഎ ഓഫിസിലെ റിസപ്ഷൻ വഴിയാണു കൗൺസിലറുടെ ഓഫിസിലേക്കു പ്രവേശിക്കേണ്ടത്. കോർപറേഷൻ കൗൺസിൽ നിശ്ചയിച്ച വാടക കൊടുക്കുന്നുണ്ടെന്നും മാർച്ച് വരെയുള്ള വാടക അടച്ചിട്ടുണ്ടെന്നും പ്രശാന്ത് മറുപടി നൽകി.
ഇന്നലെ രാവിലെ പ്രശാന്ത് ഓഫിസിലുള്ളപ്പോൾ അവിടെയെത്തിയ ശ്രീലേഖ എംഎൽഎ ഓഫിസിൽ അദ്ദേഹത്തെ കണ്ട് ആവശ്യം ആവർത്തിച്ചു.
സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുറത്താണ് ഓഫിസ് ഒഴിയാനുള്ള അഭ്യർഥന വച്ചതെന്നറിയിച്ചു. ഏതു നിലയ്ക്കാണെങ്കിലും കാലാവധിക്കു മുൻപ് ഒഴിഞ്ഞുതരാൻ ബുദ്ധിമുട്ടാണെന്നും, ഇതേ ഓഫിസിൽ മുൻ ബിജെപി കൗൺസിലർ പ്രവർത്തിച്ച കാലത്തൊന്നും ഇത്തരമൊരു അസൗകര്യം അറിയിച്ചിട്ടില്ലല്ലോയെന്നും വ്യക്തമാക്കി.
എംഎൽഎ കാലാവധി കഴിയുന്നതുവരെ പ്രശാന്ത് തുടരുന്നതിൽ തനിക്കു പ്രശ്നമില്ലെന്നും താനും തന്റെ ആളുകളും അപ്പുറത്തിരിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിച്ചാൽ മതിയെന്നുമായി ശ്രീലേഖ.
ഇത്രനാൾ സഹിച്ചതിനെക്കാൾ ബുദ്ധിമുട്ട് തനിക്കു വരാനില്ലെന്നു പ്രശാന്ത് തിരിച്ചടിച്ചു. ഇതോടെ, തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും പ്രശാന്ത് അനിയനാണെന്നും പറഞ്ഞു ശ്രീലേഖ ആശ്ലേഷിച്ചു.
തർക്കത്തിനില്ലെന്നു പറഞ്ഞു പ്രശാന്തും കൈ കൊടുത്തു. എന്നാൽ പ്രശ്നത്തിനു പരിഹാരമായില്ല.
വാടകക്കരാറുണ്ടോയെന്നു തനിക്കറിയില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കു മറുപടിയായി 872 രൂപ വീതം മാസ വാടക കോർപറേഷന് അടച്ചതിന്റെ രസീത് എംഎൽഎ ഓഫിസ് പുറത്തുവിട്ടു.
“മുൻ കൗൺസിലറുടെ വീട് തൊട്ടടുത്തായിരുന്നു. എന്റെ വീട് ഈ വാർഡിൽ അല്ല.
അതുകൊണ്ട് എനിക്ക് ഓഫിസ് ഇവിടെ വേണം. എംഎൽഎയും കോർപറേഷനുമായി കരാറുണ്ടോ എന്നെനിക്കറിയില്ല.
എംഎൽഎയ്ക്കു മണ്ഡലത്തിൽ എവിടെയും ഓഫിസ് പ്രവർത്തിപ്പിക്കാം. എനിക്ക് ഈ വാർഡിൽ മാത്രമല്ലേ പറ്റൂ.”
ആർ.ശ്രീലേഖ, കൗൺസിലർ
പക്ഷം പിടിച്ച് നേതാക്കൾ
തിരുവനന്തപുരം∙ വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട
വിവാദത്തിൽ കക്ഷി ചേർന്നു നേതാക്കൾ. ജനകീയനായ എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്നു മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു.
7 വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിനാളുകൾക്ക് ആശ്രയമായ ഒരു ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതു രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ടു നോട്ടിസ് നൽകേണ്ടതു കോർപറേഷൻ സെക്രട്ടറിയാണ്.
വ്യക്തി വിരോധം തീർക്കാൻ കൗൺസിലർ നേരിട്ടിറങ്ങുന്നതല്ല കീഴ്വഴക്കമെന്നും മന്ത്രി പറഞ്ഞു.
ബിജെപിക്കു കോർപറേഷൻ ഭരണം കിട്ടിയ ഉടൻ തന്നെ ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ചു തുടങ്ങിയെന്നും 5 വർഷം തലസ്ഥാനം സഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണിതെന്നുമായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം. ശാസ്തമംഗലത്തെ ജനങ്ങൾക്കു തെറ്റുപറ്റിയെന്ന് ഇപ്പോൾതന്നെ അവർക്കു ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. എംഎൽഎയുടെ മുറിയിലൂടെ വനിതാ കൗൺസിലറുടെ മുറിയിലേക്കു പോകണം എന്നതിനെ പിന്തുണയ്ക്കാൻ പറ്റില്ലെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പറയാതിരിക്കുന്നതാണു നല്ലതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശ്രീലേഖ പ്രശാന്തിനോട് ആവശ്യപ്പെട്ടതു സൗഹൃദത്തിന്റെ പേരിലാണെന്നും അതിനെ രാഷ്ട്രീയവൽകരിക്കേണ്ടതില്ലെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. ഇങ്ങനെയൊരു ചർച്ച വന്ന സ്ഥിതിക്ക് കോർപറേഷനിലെ കെട്ടിടങ്ങൾ വാടകയ്ക്കു കൊടുത്തതിന്റെ രേഖകൾ പരിശോധിക്കും. എംഎൽഎ ഓഫിസിന് ഇളവുകൾ നൽവുന്നതാണെങ്കിലും കൂടുതൽ കാര്യങ്ങൾ പറയണമെങ്കിൽ രേഖകൾ പരിശോധിക്കണം.
സ്വകാര്യ വ്യക്തികൾക്കു കോർപറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്ക്കു നൽകിയിട്ടുണ്ടോ എന്നതു പരിശോധിക്കും. പഴയ കൗൺസിലറുടെ വീട് അടുത്തായതിനാൽ ഓഫിസ് എപ്പോഴും ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്നും മേയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

