മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലേക്ക് കണ്ണുംനട്ട് ഇന്ത്യ. 2026 ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.
തുടർച്ചയായി 8 ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് കഴിഞ്ഞവർഷം നിർമല സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിലെ ആദ്യ ‘പൂർണസമയ’ വനിതാ ധനമന്ത്രി എന്ന പട്ടം 2019ൽതന്നെ നിർമല നേടിയിരുന്നു. ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡിലേക്ക് ഒരുപടി കൂടി നിർമല അടുക്കും.
ഞായറാഴ്ച ബജറ്റും ഓഹരിയും
ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ് (10).
2017 മുതൽ എല്ലാവർഷവും ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം. ഇക്കുറി ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ്.
അന്ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പൊതു അവധി ദിനവുമാണ്.
അതുകൊണ്ട്, ഇത്തവണ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിൽ നിന്ന് മാറ്റിയേക്കാമെന്ന വാദങ്ങളുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 1ന് തന്നെയാണ് ബജറ്റ് അവതരണമെങ്കിൽ അന്ന് ഓഹരി വിപണി തുറന്നു പ്രവർത്തിച്ചേക്കും.
കഴിഞ്ഞവർഷം ശനിയാഴ്ചയായിരുന്നു ബജറ്റ്; അന്ന് ഓഹരികൾ പ്രവർത്തിച്ചിരുന്നു.
ബജറ്റ് പ്രഖ്യാപനങ്ങളോട് തൽസമയം പ്രതികരിക്കാനുള്ള അവസരമാണ് ഇതിലൂടെ വിപണിക്കും നിക്ഷേപകർക്കും ലഭിച്ചത്.
ബജറ്റിൽ വമ്പൻ പ്രതീക്ഷകൾ
കഴിഞ്ഞ വർഷത്തേതുപോലെ ഓഹരി വിപണിക്കും ബിസിനസ് ലോകത്തിനും സാധാരണക്കാർക്കും വൻ പ്രതീക്ഷകളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത തിരിച്ചടി തീരുവ ആഘാതത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ഒട്ടുമിക്ക ഉൽപന്ന/സേവനങ്ങൾക്കും വമ്പൻ നികുതിയിളവുമായി ‘ജിഎസ്ടി 2.0’ നടപ്പാക്കിയത്.
മിഡിൽ ക്ലാസ് മധുരം
കഴിഞ്ഞ ബജറ്റിൽ മിഡിൽ-ക്ലാസിന് മധുരം വിളമ്പി നിർമല, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജിഎസ്ടി 2.0 ഇളവുകളും വന്നത്.
റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഗുണം ചെയ്തു.
ഈ സാമ്പത്തിക ‘ആനുകൂല്യ’ പരിഷ്കാരങ്ങളുടെ തുടർച്ചയായിരിക്കും 2026ലെ ബജറ്റെന്നാണ് വിലയിരുത്തലുകൾ. ഉപഭോക്തൃവിപണിക്ക് കൂടുതൽ പിന്തുണയേകുന്ന പ്രഖ്യാപനങ്ങൾ നികുതിയിളവുകളായി ബജറ്റിൽ പ്രതീക്ഷിക്കാം.
ഇതിനായാണ് ഓഹരി വിപണിയും കാതോർക്കുന്നത്. ഇന്ത്യൻ ഓഹരി വിപണികളുടെ വരുംദിവസങ്ങളിലെ ചലനത്തിന്റെ ദിശ നിയന്ത്രിക്കുക ബജറ്റ് പ്രഖ്യാപനങ്ങളായിരിക്കും.
∙ ഉപഭോക്തൃവിപണിക്ക് കരുത്തേകാൻ ആദായ നികുതിയിൽ വീണ്ടും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
പ്രതീക്ഷകൾ പ്രധാനം
∙ 24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരാണ് നിലവിൽ ഏറ്റവും ഉയർന്ന നികുതി നിരക്കായ 30% അടയ്ക്കുന്നത്. 30% നികുതിക്കുള്ള വരുമാനപരിധി 30 ലക്ഷമോ 50 ലക്ഷം രൂപയോ ആക്കിയേക്കും.
∙ പഴയ ആദായനികുതി വ്യവസ്ഥ പിന്തുടരുന്നവരുടെ എണ്ണം ഇപ്പോൾ നാമമാത്രമാണ്.
85-90 ശതമാനം നികുതിദായകരും പുതിയ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ നിർമല പഴയ വ്യവസ്ഥ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചാലും അതിശയിക്കേണ്ട.
∙ കഴിഞ്ഞ ബജറ്റിൽ ഇന്ത്യയുടെ ജിഡിപിയിലെ കടത്തിന്റെ അനുപാതം 56.1 ശതമാനമായിരുന്നു.
ഇത്തവണ 54-55 ശതമാനത്തിലേക്ക് താഴ്ത്തിയേക്കും.
∙ ഇന്ത്യ ഈ വർഷം ഉന്നമിടുന്ന ജിഡിപി വളർച്ചനിരക്ക് 7.3 ശതമാനമാണ്. അതു നിലനിർത്താനും അടുത്തവർഷവും 7 ശതമാനത്തിൽ കുറയാത്ത വളർച്ച ഉറപ്പാക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
മാനുഫാക്ചറിങ് മേഖലയ്ക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കാൻ ഇനി മുന്നിലുള്ള ഏറ്റവും വലിയ കടമ്പയാണ് കേന്ദ്ര ബജറ്റ്. നിലവിൽ വിപണി നേരിടുന്ന പല വെല്ലുവിളികൾക്കും പരിഹാരമാവണം ബജറ്റെന്നാണ് വിപണിയുടെ ആവശ്യം.
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 20 പോയിന്റ് നേട്ടത്തിലാണുള്ളത്. സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കാം.
എങ്കിലും, വിപണിക്ക് മുന്നിൽ വെല്ലുവിളികളും ഒട്ടേറെയുണ്ട്.
ഒന്ന്, വ്യാവസായിക ഉൽപാദന സൂചികയുടെ വളർച്ചാക്കണക്ക് ഈയാഴ്ച അറിയാം. രണ്ട്, നവംബറിലെ കേന്ദ്ര ധനക്കമ്മി കണക്കുകളും പുറത്തുവരും.
വാഹനക്കമ്പനികളുടെ ഈമാസത്തെ വിൽപനക്കണക്കുകളും അറിയാമെന്നത് ഓട്ടോ ഓഹരികൾക്ക് ഏറെ നിർണായകമാണ്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റൊഴിൽ മനോഭാവം വിടാത്തത് വലിയ തിരിച്ചടിയാണ്. 2025ൽ ഇതുവരെ അവർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 1.6 ലക്ഷം കോടി രൂപ.
പൊളിയുന്ന ചർച്ച
വിദേശ സൂചനകളും അനുകൂലമല്ല.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളും പൊളിഞ്ഞ മട്ടാണ്. ട്രംപും സെലെൻസ്കിയും വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും യുദ്ധം നിർത്തുന്ന തീരുമാനത്തിലേക്ക് അതെത്തിയില്ല.
പുട്ടിന് സമാധാനം വേണ്ടെന്ന് സെലെൻസ്കിയും സെലെൻസ്കിക്കാണ് സമാധാനം വേണ്ടാത്തതെന്ന് പുട്ടിനും പരസ്പരം ആരോപിക്കുന്നു.
സെലെൻസ്കി വഴങ്ങിയില്ലെങ്കിൽ ‘ആയുധം’ കൊണ്ട് ലക്ഷ്യം നേടാൻ റഷ്യയ്ക്ക് അറിയാമെന്ന മുന്നറിയിപ്പും പുട്ടിൻ തൊടുത്തിട്ടുണ്ട്.
ക്രൂഡ് ഓയിൽ ഉയരെ
ചർച്ചയിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റംതുടങ്ങി. ബ്രെന്റും ഡബ്ല്യുടിഐ ക്രൂഡും 0.68% വരെ ഉയർന്നു.
ബ്രെന്റ് വില ബാരലിന് 61 ഡോളറും ഭേദിച്ചു. ഡബ്ല്യുടിഐ വില 57 ഡോളർ കടന്നു.
സ്വർണവില അൽപം താഴ്ന്നു. 4,534 ഡോളറിൽ നിന്ന് 4,514 ഡോളറിലേക്ക് രാജ്യാന്തര വില കുറഞ്ഞു.
കേരളത്തിൽ ഇന്ന് വിലകുറയേണ്ടതാണ്.
യുഎസ് ഓഹരി സൂചികളെല്ലാം ചുവന്നു. 0.09% വരെയാണ് നഷ്ടം.
ജാപ്പനീസ് നിക്കേയ് 0.39% താഴ്ന്നു, ചൈന, ഹോങ്കോങ് സൂചികകൾ 0.74% വരെ ഉയർന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്രമാണ്.
രൂപ ഡോളറിനെതിരെ കഴിഞ്ഞ സെഷനിൽ 19 പൈസ താഴ്ന്ന് 89.90ൽ എത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് പ്രധാന ആഘാതം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

