ഭാവിയിലെ അദ്ഭുത പാനീയം ഇനി അടുക്കളയിലെ വില്ലനായ പാറ്റയിൽ നിന്നാകുമോ? കേൾക്കുമ്പോൾ ഒരൽപ്പം അറപ്പ് തോന്നുമെങ്കിലും സംഗതി ചിലപ്പോൾ നടന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പശുവിൻ പാലിനേക്കാൾ നാലിരട്ടി പോഷകഗുണമുള്ള ‘പാറ്റപ്പാൽ’ തീന്മേശകളിലെത്താനുള്ള സാധ്യതയാണ് ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
എന്താണ് പാറ്റപ്പാൽ?
പാറ്റപ്പാൽ എന്ന് കേൾക്കുമ്പോള് നമ്മുടെ നാട്ടിലെ പാറ്റയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇവ സാധാരണ പാറ്റകളല്ല.
പസഫിക് തീരങ്ങളിൽ കണ്ടുവരുന്ന ബീറ്റിൽ പാറ്റകൾ കുഞ്ഞുങ്ങൾക്ക് നൽകാൻ ഉൽപാദിപ്പിക്കുന്ന പ്രോട്ടീൻ സമ്പന്നമായ ഒരു തരം ദ്രാവകമാണിത്. സാധാരണ പാറ്റകളെപ്പോലെ മുട്ടയിട്ടല്ല ഇവ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതെന്നും പ്രത്യേകതയാണ്.
പകരം പ്രസവിച്ച് വളർത്തുകയാണ് രീതി.
കേമൻ, സമ്പന്നൻ
പശുവിൻ പാലിനേക്കാൾ നാലിരട്ടിയും എരുമപ്പാലിനേക്കാൾ മൂന്നിരട്ടിയും പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ‘ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി’യിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, കൊഴുപ്പ്, പഞ്ചസാര എന്നിവയാൽ സമ്പന്നമാണിത്. കലോറി മൂല്യം വളരെ കൂടുതലായതിനാൽ കായികതാരങ്ങൾക്കും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർക്കും ഇത് വലിയ അനുഗ്രഹമാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
കറവ അത്ര എളുപ്പമല്ല!
ഗുണമുണ്ടെന്നു കരുതി പാറ്റയെ പിടിച്ചു പാൽ കറന്നെടുക്കാം എന്ന് ആരും മോഹിക്കേണ്ട.
ഒരു ഗ്ലാസ് പാൽ ലഭിക്കണമെങ്കിൽ ആയിരക്കണക്കിന് പാറ്റകളെ വേണ്ടി വരും. ഇത് പ്രായോഗികമല്ലാത്തതിനാൽ, പാറ്റയുടെ ശരീരത്തിലെ ഈ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്ന ജീനുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറികളിൽ കൃത്രിമമായി പാൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെൽ ബയോളജി ആൻഡ് റീജനറേറ്റീവ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണത്തിന് പിന്നിൽ.
പാറ്റപ്പാൽ വിപണിയിലെത്താൻ ഇനിയും കടമ്പകൾ ഏറെയുണ്ടെങ്കിലും, പോഷകാഹാര രംഗത്തെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ലോകത്തെവിടെയും ഇത് വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

