ലോകത്ത് ‘പടിഞ്ഞാറും കിഴക്കും’ തമ്മിലെ പുതിയ പോരിന് മധ്യേഷ്യൻ രാജ്യമായ ഇറാഖ് വേദിയാകുന്നു. ഇറാഖിന്റെ അതിസമ്പന്നമായ എണ്ണപ്പാടത്തേക്ക് (ഓയിൽ ആൻഡ് ഗ്യാസ്) ‘അധിനിവേശ’ത്തിന്റെ കണ്ണെറിയുകയാണ് ഇരുചേരികളും.
അമേരിക്കയ്ക്കും യൂറോപ്യൻ ശക്തികൾക്കും ചൈനയ്ക്കും റഷ്യയ്ക്കുമെല്ലാം അവയുടെ രാജ്യാന്തര സ്വാധീനം അരക്കിട്ടുറപ്പിക്കാനുള്ള വിളനിലങ്ങളിലൊന്നാണ് ഇറാഖ്.
മധ്യേഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ഇറാഖിൽ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളെ പിടിച്ചുപുറത്താക്കാനായി കൈകോർക്കുകയാണ് റഷ്യയും ചൈനയും. മേഖലയിൽ വർഷങ്ങളായുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും മേധാവിത്തത്തിന് തടയിടുകയാണ് ലക്ഷ്യം.
അതേസമയം, ചൈനയെയും റഷ്യയെയും തടഞ്ഞില്ലെങ്കിൽ അതു കനത്ത തിരിച്ചടിയാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു.
ചൈന വലിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് ഇറാഖിനുമേൽ പിടിമുറുക്കുന്നതിനെ സംശയത്തോടെയാണ് അമേരിക്ക കാണുന്നത്. റോഡ്, റെയിൽ കണക്റ്റിവിറ്റി ഉൾപ്പെടെ സജ്ജമാക്കി, ചൈന പിന്നീട് ഇത് സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നതാണ് ആശങ്ക.
ഇറാഖിന്റെ സവിശേഷത, അമേരിക്കയുടെ ആശങ്ക
ഇറാഖിന്റെ ഭൗമരാഷ്ട്രീയമായ സവിശേഷതകളും ചൈന മുതലെടുത്തേക്കുമെന്ന വിലയിരുത്തലുണ്ട്.
ചൈനയ്ക്കൊപ്പം റഷ്യയും ചേരുന്നത് ചങ്കിടിപ്പേറ്റുന്നു. ഇറാഖിന്റെ പടിഞ്ഞാറുഭാഗത്ത് ഇറാനാണ്.
വടക്ക് സൗദി അറേബ്യയും കുവൈത്തും. കിഴക്ക് സിറിയ, ജോർദാൻ.
തെക്ക് തുർക്കി. മെഡിറ്ററേനിയൻ കടൽത്തീരമുണ്ടെന്ന ആനുകൂല്യവും ചൈനയ്ക്ക് കിട്ടും.
ഇറാഖി ഭരണകൂടത്തിന് ഇറാനിലെ ഷിയാ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നതും ഇറാനും ചൈനയും സുഹൃദ് രാഷ്ട്രങ്ങളാണെന്നതും അമേരിക്കയെ അലോസരപ്പെടുത്തും.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ്
ഇറാഖി ഗവൺമെന്റുമായി ചൈന പുതിയ സഹകരണ ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. ഇറാഖിൽ പുതിയ പ്രധാനമന്ത്രി ഇനിയും ചുമതലയേറ്റിട്ടില്ല.
വിദേശകാര്യ മന്ത്രാലയവുമായാണ് ചൈനയുടെ ചർച്ചകൾ. ഇറാഖിന്റെ ഓയിൽ, ഗ്യാസ് റിഫൈനറികളുടെ നിയന്ത്രണം പിടിക്കുകയാണ് ലക്ഷ്യം.
ചൈന പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി ഇറാഖിലെ ബിസിനസ് പദ്ധതികളുടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൈനയുടെ തന്ത്രപ്രധാനമായ ‘ബെൽറ്റ് ആൻഡ് റോഡ്’ (ബിആർഐ) പദ്ധതിയിലും ഇറാഖിന് നിർണായക പ്രാധാന്യമുണ്ട്. ചൈനീസ് ഉൽപന്നങ്ങളുടെ വിപണി ശക്തമാക്കുകയാണ് ബിആർഐയുടെ മുഖ്യ ലക്ഷ്യം.
പുറമേ, വിവിധ രാജ്യങ്ങളിൽ ചൈനയുടെ സാമ്പത്തിക സ്വാധീനം ഉയർത്തുകയും.
പടിഞ്ഞാറ് കിതയ്ക്കുന്നു
ഇറാഖി എണ്ണയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. അതുകൊണ്ടുതന്നെ, ചൈനയുമായുള്ള സഹകരണം പ്രധാനമാണെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫൗദ് ഹുസൈൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി ആര് എത്തിയാലും, ചൈനയുടെ നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ഫൗദ് ഹുസൈൻ പറഞ്ഞു.
അതേസമയം, അമേരിക്കയെ ‘അസ്വസ്ഥരാക്കാൻ’ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മരണത്തിനുശേഷം അമേരിക്കൻ, യൂറോപ്യൻ ശക്തികൾ ഇറാഖിൽ ഏറ്റവും ദുർബലമായിക്കൊണ്ടിരിക്കുന്ന സമയമാണ് കടന്നുപോകുന്നത്. റഷ്യയും ചൈനയും ഇറാഖിന്റെ പദ്ധതികൾ കൂടുതൽ നിക്ഷേപവുമായി സാന്നിധ്യം ശക്തവുമാക്കുന്നു.
ചൈനയുടെ സ്വാധീനം
ഇറാഖിൽ എണ്ണ പര്യവേക്ഷണ പദ്ധതികളിലാണ് ചൈന കൂടുതൽ നിക്ഷേപം നടത്തുന്നത്.
ഇതിനായി ചൈനയ്ക്ക് 30% വരെ ഡിസ്കൗണ്ട് ഓഫറും ഇറാഖ് നൽകുന്നുണ്ട്. നിക്ഷേപങ്ങളുടെ ഭാഗമായായാണ് ചൈന ഇറാഖിൽ റോഡ്, റെയിൽ പദ്ധതികൾവ്യാപകമായി ഒരുക്കുന്നത്.
മിഡിൽ-ഈസ്റ്റുമായും ഇറാഖിലെ തന്ത്രപ്രധാന തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുമായും ബന്ധിപ്പിച്ചാണിത്.
നിലവിൽതന്നെ ഇറാഖി എണ്ണക്കമ്പനികളുടെ ഉൽപാദത്തിന്റെ 34 ശതമാനവും കൈയാളുന്നത് ചൈനീസ് എണ്ണക്കമ്പനികളാണ്. പ്രതിദിനം 30 ലക്ഷം ബാരൽ എണ്ണയാണ് ഇതുവഴി ഉൽപാദിപ്പിക്കുന്നതും.
ഫ്രാൻസിന്റെ ടോട്ടൽ എനർജീസ്, യുകെയുടെ ബിപി, യുഎസിന്റെ ഷെവ്റോൺ, എക്സോൺമൊബീൽ എന്നിവയാണ് രാജ്യത്ത് സാന്നിധ്യമുള്ള മറ്റ് വിദേശ എണ്ണക്കമ്പനികൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

