പാർട്ടി യോഗം കഴിഞ്ഞ് പിതാവ് കുന്നേൽ കുര്യനൊപ്പം വീട്ടിലെത്തുന്ന നേതാക്കളുടെ രാഷ്ട്രീയ ചർച്ചകളിൽ നിന്നാണ് ബിനോയ് കുര്യൻ കമ്യൂണിസം പഠിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന കുന്നേൽ കുര്യൻ മട്ടന്നൂർ കോളജിൽ പഠിക്കുമ്പോൾ എസ്എഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു.
പാച്ചേനി കുഞ്ഞിരാമൻ, കെ.എം.ജോസഫ്, കെ.ആർ.കുഞ്ഞിരാമൻ തുടങ്ങിയ സിപിഎം നേതാക്കളൊക്കെ കുര്യനോടൊപ്പം വീട്ടിൽ വരുമായിരുന്നു. അവരായിരുന്നു വിദ്യാർഥിയായിരുന്ന ബിനോയ്യുടെ രാഷ്ട്രീയ മാതൃക.
മട്ടന്നൂർ കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എസ്എഫ്ഐ പ്രവർത്തകനായി.
ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സജീവ പ്രവർത്തകനും ഭാരവാഹിയുമാകുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനത്തിനു ചേർന്ന സമയത്ത് എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ ഭാരവാഹിത്വത്തിലേക്കെത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലെത്തി. 2005ൽ സിപിഎം ഏരിയ കമ്മിറ്റിയംഗമായി.
പിന്നീട് പാർട്ടി ജില്ലാ കമ്മിറ്റിയിലെത്തി.
ആദ്യ തിരഞ്ഞെടുപ്പിൽ ജയം
2005ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരിട്ടി ഡിവിഷനിലേക്കാണ് ബിനോയ് ആദ്യമായി മത്സരിച്ചത്, 27ാം വയസ്സിൽ. 16,000 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. കെ.കെ.നാരായണനായിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 2016ൽ പേരാവൂരിൽനിന്ന് സണ്ണി ജോസഫിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ആദ്യം കെ.െക.ശൈലജയായിരുന്നു സ്ഥാനാർഥി. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കുറച്ചുകഴിഞ്ഞാണ് ശൈലജ കൂത്തുപറമ്പിലേക്കു മാറുന്നതും പകരം ബിനോയ് കുര്യൻ സ്ഥാനാർഥിയാകുന്നതും.
ശൈലജയുടെ പേരിലുള്ള ബോർഡെല്ലാം വച്ച് പ്രചാരണം തുടങ്ങിയിരുന്നു.
2011ൽ ശൈലജ ഇവിടെ നിന്നു പരാജയപ്പെട്ടിരുന്നു. ജയിക്കുമെന്ന്് ഉറപ്പില്ലാത്തതുകൊണ്ടായിരുന്നു പേരാവൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് മാറിയത്. 7400 വോട്ടിനാണ് ബിനോയ് സണ്ണി ജോസഫിനോടു തോറ്റത്. 2020ൽ തില്ലങ്കേരി ഡിവിഷനിൽനിന്നു ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചു.
യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന ഡിവിഷൻ ഏഴായിരത്തിലധികം വോട്ടിനാണ് ബിനോയ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന്റെ അവസാനനാളിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചപ്പോൾ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
ഫലം വന്ന ശേഷം അപ്പോഴത്തെ വൈസ് പ്രസിഡന്റ് വിജയൻ രാജിവച്ച് ബിനോയ് വൈസ് പ്രസിഡന്റായി. ജില്ലാ പഞ്ചായത്തിന്റെ വികസന കുതിപ്പിൽ ബിനോയ്യുടെ പങ്ക് വലുതായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ബിനോയ് കുര്യൻ മനസ്സു തുറക്കുന്നു. കൂടുതൽ പുഞ്ചിരി
വിദ്യാഭ്യാസരംഗത്താണ് ജില്ലാ പഞ്ചായത്തിന്റെ പ്രധാന ഇടപെടൽ നടക്കുന്നത്.
അതു കൂടുതൽ ഫലപ്രദമാക്കണം. പത്താം ക്ലാസ് പഠനനിലവാരം മെച്ചപ്പെടുത്താനുള്ള സ്മൈൽ പദ്ധതി മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.
ഇപ്പോൾ 4, 7 ക്ലാസുകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. വിജയശതമാനം കൂട്ടുക മാത്രമല്ല, പഠനനിലവാരം ഉയർത്തുക കൂടിയാണ് ലക്ഷ്യം.
സംരംഭം, തൊഴിൽ
കഴിഞ്ഞ ഭരണസമിതി നടത്തിയ നിക്ഷേപസംഗമങ്ങൾ വൻ വിജയമായിരുന്നു.
ഒട്ടേറെ സംരംഭങ്ങൾ കൊണ്ടുവരാൻ സാധിച്ചു. അതിലും വിപുലമായൊരു നിക്ഷേപസംഗമമാണ് ഉടൻ നടത്താൻ പോകുന്നത്.പണമുള്ളവർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ.
എന്നാൽ എന്ത് സംരംഭം, എവിടെ തുടങ്ങണമെന്ന് അറിയില്ല. പലരും ചതിക്കുഴിയിൽ ചാടുന്നുമുണ്ട്.
സംരംഭം തുടങ്ങാനുള്ള കൃത്യമായ സഹായം എത്തിച്ചുകൊടുക്കുകയാണ് നിക്ഷേപസംഗമം കൊണ്ടു ലക്ഷ്യമിടുന്നത്. അതുപോലെയാണ് സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം. മാങ്ങാട്ടുപറമ്പിലുള്ള മൈസോണിൽ ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഒട്ടേറെ സ്റ്റാർട്ടപ്പുകളുണ്ട്. അതുപോലെയുള്ള സ്റ്റാർട്ടപ്പുകൾ ഇനിയും വരേണ്ടതുണ്ട്.
ആശുപത്രി വികസനം
ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
ചില പണികൾ ബാക്കിയുണ്ട്. ഉടൻ മാറ്റും.
രോഗികളുടെ എണ്ണം കൂടുകയാണ്. മുൻപ് ആയിരത്തിൽ താഴെയായിരുന്നു ഒരു ദിവസം ഒപിയിൽ വന്നവരുടെ കണക്കെങ്കിൽ ഇപ്പോൾ 3500 നും മുകളിലാണ്.
പരിശോധനാ സംവിധാനവും ചികിത്സയും മെച്ചപ്പെട്ടപ്പോൾ കൂടുതൽ പേർ വരാൻ തുടങ്ങി. ഒപിയിലും ഐപിയിലും രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല.
സ്ഥലപരിമിതി മൂലം പുതിയ കെട്ടിടങ്ങൾ നിർമിക്കാനും പറ്റുന്നില്ല.
കന്റോൺമെന്റ് മേഖല ആയതിനാൽ നിർമാണത്തിനു നിയന്ത്രണമുണ്ട്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ഐസിയു ഇല്ല.
ഇത്തരം കേസുകളെല്ലാം പരിയാരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ്. 3 ശസ്ത്രക്രിയ തിയറ്ററും പുതിയ കെട്ടിടത്തിലുണ്ടാകും. അതുപോലെ ആയുർവേദ ആശുപത്രിയും സ്ഥല സൗകര്യമില്ലാത്തിനാൽ പ്രയാസപ്പെടുകയാണ്.
അവിടേക്കു വഴിയുമില്ല. അതിനൊരു പരിഹാരം കാണണം.
സ്ത്രീശക്തി
കുടുംബശ്രീയെ കൂടുതൽ ശക്തപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഓരോ പഞ്ചായത്തിലും ഓരോ കുടുംബശ്രീ സംരംഭം എന്ന പദ്ധതി പൂർത്തിയാക്കും. നിലവിൽ ഐടി മേഖലയിൽ വരെ കുടുംബശ്രീ സംരംഭമുണ്ട്.
ആറളത്ത് പുൽത്തൈലം ഉണ്ടാക്കുന്നുണ്ട്. കൂൺകൃഷി ചെയ്യുന്നവരുണ്ട്.
വൈവിധ്യമാർന്ന സംരംഭങ്ങൾക്കാണു പ്രാധാന്യം നൽകുക.
ഫാം ടൂറിസം
ജില്ലാ പഞ്ചായത്തിനു കീഴിൽ ഒട്ടേറെ കാർഷിക ഫാമുകളുണ്ട്. അതു പുനരുദ്ധരിക്കണം.കരിമ്പത്ത് ഫാം ടൂറിസം കൊണ്ടുവരാനുള്ള പദ്ധതിയുണ്ട്.
അവിടെ 150 ഏക്കറുണ്ട്. 70 കോടി രൂപയുടെ ഡിപിആർ തയാറാക്കിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കണ്ടെത്തണം. വേങ്ങാട്, കാങ്കോൽ സീഡ് ഫാം, പാലയാട് തെങ്ങിൻതൈ ഫാം, കൊമ്മേരി ഫാം എന്നിവയും കൂടുതൽ വികസിപ്പിക്കും. കൊമ്മേരിയിൽ അസുഖം ബാധിച്ച ആടുകളെ കൊല്ലാനുള്ള അനുമതിയില്ല.
അവിടേക്ക് കൂടുതൽ ആടുകളെ കൊണ്ടുവന്ന് ഫാം നവീകരിക്കും.
മനുഷ്യ–വന്യജീവി സംഘർഷം
മലയോരത്ത് ജനവാസ മേഖലയിലേക്ക് ആനകൾ എത്തുന്നതു പതിവായി. കഴിഞ്ഞ ദിവസവും ആനകൾ വീട്ടുമുറ്റത്തവരെയെത്തി.
വനാതിർത്തിയിലെല്ലാം സൗരോർജ വേലി നിർമിച്ചാലേ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ. ആറളത്ത് ആനമതിൽ നിർമിച്ചതുകൊണ്ടുമാത്രമായില്ല.
ആനമതിൽ ഇല്ലാത്തിടത്തുകൂടി ആനകൾ വരും. എല്ലായിടത്തും വേലി അത്യാവശ്യമാണ്. തെരുവുനായ ശല്യം പരിഹരിക്കാനും നടപടി വേണം.
പടിയൂരിൽ അനിമൽ ബർത്ത് കൺട്രോളിന്റെ രണ്ടാമത്തെ യൂണിറ്റ് തുടങ്ങി. എല്ലാ ബൂത്തിലും എബിസി കേന്ദ്രം വേണം.
മാലിന്യമുക്ത നവകേരളമായി പ്രഖ്യാപിച്ചപ്പോൾ എല്ലായിടവും ശുചിയായിരുന്നു എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ അതിൽനിന്നു പിന്നാക്കം പോയി. അതു വീണ്ടും ശക്തമാക്കണം.
എല്ലാ വകുപ്പുകളുമായും ചേർന്ന് ക്യാംപെയ്ൻ ശക്തമാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

