കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ചൈനയ്ക്ക് ആഘാതമായി ‘വ്യാജ’ ജിഡിപി വളർച്ചാക്കണക്ക് ആരോപണം. 2025ന്റെ കഴിഞ്ഞ ത്രൈമാസം വരെയുള്ള കണക്കുപ്രകാരം ചൈന 5.2% സാമ്പത്തിക വളർച്ച നേടിയെന്ന് ഷി ജിൻപിങ് ഭരണകൂടം അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇത് പെരുപ്പിച്ച കണക്കാണെന്നും തെറ്റായ കണക്കുകൾ ബോധപൂർവം പുറത്തുവിട്ട് ചൈന ജനങ്ങളെയും നിക്ഷേപകരെയും പറ്റിച്ചെന്നും രാജ്യാന്തര കൺസൽട്ടൻസി സ്ഥാപകനമായ റോഡിയം ഗ്രൂപ്പ് ആരോപിച്ചു.
കൈയിൽ കാശില്ലാത്ത ജനം
കഴിഞ്ഞ 10 ത്രൈമാസത്തിലേറെയായി കടുത്ത പണച്ചുരുക്കത്തിലൂടെ (ഡിഫ്ലേഷൻ) കടന്നുപോവുകയാണ് ചൈന.
സാധനങ്ങൾ വാങ്ങാൻ കൈയിൽ ആവശ്യത്തിന് കാശില്ലാതെ ജനങ്ങൾ പ്രതിസന്ധിയിലാവുകയും ഡിമാൻഡ് ഇല്ലാത്തതിനാൽ സാധനങ്ങളുടെ വില കുത്തനെ ഇടിയുകയും ചെയ്യുന്ന അവസ്ഥയാണിത്.
പണപ്പെരുപ്പം പൂജ്യത്തിനും താഴെയാകുന്നതിനിടെയാണ് പണച്ചുരുക്കം എന്ന് വിളിക്കുന്നത്. ഉൽപന്ന/സേവന കമ്പനികൾക്ക് ലാഭമൊന്നുമില്ലാത്ത സ്ഥിതി.
നവംബറിൽ ലാഭത്തകർച്ച 13.1 ശതമാനമാണ്. ഒക്ടോബറിൽ ഇടിവ് 5.5 ശതമാനമായിരുന്നു.
ഇത്ര നീണ്ടകാല പണച്ചുരുക്കത്തിലൂടെ കടന്നുപോയ ഒരു മേജർ സമ്പദ്വ്യവസ്ഥയും ഇതുവരെ 5% ജിഡിപി വളർച്ച നേടിയിട്ടില്ലെന്ന് റോഡിയം ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
China is again overstating economic growth, according to Rhodium. Notice the downward trajectory over the course of this year.
രാഷ്ട്രീയ തന്ത്രം
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ സ്ഥിര ആസ്തി നിക്ഷേപം (ഫിക്സഡ് അസറ്റ് ഇൻവെസ്റ്റ്മെന്റ്) ജൂലൈ-നവംബറിൽ 11 ശതമാനമാണ് ഇടിഞ്ഞത്. 2025ൽ ഇതുവരെ ചൈനീസ് ജിഡിപി 3 ശതമാനത്തിലധികം വളർന്നിട്ടുമില്ല.
പെരുപ്പിച്ച കണക്ക് പുറത്തുവിട്ടത് ചൈനയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് താംകാങ് യൂണിവേഴ്സിറ്റി പ്രൊഫസർ സായ് മിങ്-ഫാങ്, തായ്വാനിലെ ചുങ്-ഹ്വ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഇക്കണോമിക് റിസർച്ചിലെ ലിയു മെങ്-ചുൻ എന്നിവരും ആരോപിച്ചു.
ബൂമറാങ് ആയ ആയുധം
യുഎസുമായുള്ള വ്യാപാരത്തർക്കം കയറ്റുമതി രംഗത്ത് ചൈനയുടെ അപ്രമാദിത്തത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ബദൽ വഴികൾ തേടേണ്ട
സാഹചര്യത്തിലേക്ക് ചൈന മാറി. വ്യാപാരത്തെ ‘ആയുധമാക്കി’ മാറ്റിയ തീരുമാനങ്ങൾ ഫലത്തിൽ ചൈനയ്ക്ക് ബൂമറാങ് ആവുകയാണ് ചെയ്തെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജിഡിപി നിർണയത്തിലെ നിർണായക ഘടകമായ റീട്ടെയ്ൽ വിൽപന വളർച്ച നവംബറിൽ 1.3 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. 2.8% വളരുമെന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞിരുന്നു.
വ്യാവസായിക ഉൽപാദന വളർച്ച നവംബറിൽ 4.8 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു.
സ്ഥിര ആസ്തി നിക്ഷേപത്തിന്റെ വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലുമാണുള്ളത്. മുഖ്യ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി 29% ഇടിയുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ജിഡിപി 5% വളർന്നുവെന്ന ചൈനയുടെ റിപ്പോർട്ട് അവിശ്വസനീയമാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുഎസ് കമ്പനികൾക്ക് ഉപരോധം
യുഎസും ചൈനയും തമ്മിലെ വ്യാപാരത്തർക്കം പ്രതിരോധ മേഖലയിലേക്ക് കൂടി നീളുകയാണ്. തായ്വാന് വമ്പൻ ആയുധശേഖരങ്ങൾ നൽകാനുള്ള യുഎസിന്റെ തീരുമാനം ചൈനയെ ചൊടിപ്പിച്ചു.
പിന്നാലെ 20 യുഎസ് കമ്പനികൾക്ക് ചൈന ഉപരോധവും പ്രഖ്യാപിച്ചു. തായ്വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നും ആരും ചോദ്യം ചെയ്യാൻ വരേണ്ടെന്നുമാണ് ചൈനീസ് ഭരണകൂടതതിന്റെ നിലപാട്.
തായ്വാന് ആയുധം നൽകാനുള്ള യുഎസ് തീരുമാനം ‘വൺ ചൈന’ തത്വത്തിന്റെ ലംഘനമാണെന്നും ചൈന ആരോപിച്ചു.
നോർത്ത്ടോപ് ഗ്രമൻ സിസ്റ്റംസ്, എൽ3 ഹാരിസ് മാരിടൈം സർവീസസ്, ബോയിങ്, ഗിബ്സ് ആൻഡ് കോക്സ്, സിയേറ ടെക്നിക്കൽ സർവീസസ്, ടീൽ ഡ്രോൺസ്, വാന്റർ, റെഡ്ക്യാറ്റ് ഹോൾഡിങ്സ് തുടങ്ങിയ 20 യുഎസ് കമ്പനികൾക്കാണ് ചൈന ഉപരോധം പ്രഖ്യാപിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

