പുതുശ്ശേരി ∙ പാക്കിസ്ഥാൻ തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചാരപ്രവൃത്തി നടത്തിയതിനു കേസുണ്ടെന്ന വ്യാജേന റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം ആലിപ്പറമ്പ് കുളത്തൊടി വീട്ടിൽ അബ്ദുൽ റസാഖാണ് (40) അറസ്റ്റിലായത്.
അബ്ദുൽ റസാഖിന്റെ ഭാര്യ ഹസീന നേരത്തെ അറസ്റ്റിലായിരുന്നു. ഭാര്യ പിടിയിലായതിനു പിന്നാലെ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറയുന്നു.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെയാണു സംഘം വിദഗ്ധമായി തട്ടിപ്പിനിരയാക്കിയത്. 4 മാസം മുൻപാണു സംഭവം.
ഉദ്യോഗസ്ഥൻ സർവീസിലുള്ളപ്പോൾ പാക്കിസ്ഥാൻ തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതായി വിവരം കിട്ടിയെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുണ്ടെന്നും അറിയിക്കുകയായിരുന്നു.
വ്യാജ രേഖകൾ ഉൾപ്പെടെ കാണിച്ചാണു തട്ടിപ്പുസംഘം ഇദ്ദേഹത്തെ ആദ്യം സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കള്ളക്കേസാണെന്നു തെളിഞ്ഞെന്നും ഇതിനുള്ള രേഖകൾ സംഘടിപ്പിച്ചു രക്ഷപ്പെടുത്താമെന്നും അതിനായി അക്കൗണ്ടിലുള്ള പണം താൽക്കാലികമായി മാറ്റി സൂക്ഷിക്കണമെന്നും സംഘം നിർദേശിച്ചു.
ഇതു വിശ്വസിച്ച റിട്ട.വ്യോമസേന ഉദ്യോഗസ്ഥൻ 7 ലക്ഷം രൂപ ഹസീനയുടെ ചെർപ്പുളശ്ശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്കും 5 ലക്ഷം രൂപ അബ്ദുൽ റസാഖിന്റെ അക്കൗണ്ടിലേക്കും മാറ്റി.
ഉടൻതന്നെ ഹസീനയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം എടിഎം വഴി അബ്ദുൽ റസാഖും സുഹൃത്തുക്കളും പിൻവലിച്ചു. പിന്നീട് സംഘം ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി.
ഇതോടെയാണു തട്ടിപ്പിനിരയായ വിവരം റിട്ട.ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്. തുടർന്നു കസബ പൊലീസ്, സൈബർ പൊലീസിന്റെ സഹായത്തോടെ ബാങ്കിലെ അക്കൗണ്ടും ഫോൺ കോളുകളും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തിലേക്ക് എത്തിയത്.
സമാനമായി ഒട്ടേറെ പേരെ ഈ സംഘം തട്ടിപ്പിനിരയാക്കിയെന്നാണു പൊലീസ് പറയുന്നത്.
ഇതിനായി മുപ്പതോളം അക്കൗണ്ട് ഇവർ ആരംഭിച്ചിട്ടുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എം.സുജിത്, എസ്ഐമാരായ എച്ച്.ഹർഷാദ്, വി.കെ.റെജു, കെ.നിഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ എ.നടരാജൻ, എൻ.സായൂജ്, സി.പ്രനൂപ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

