വടക്കാഞ്ചേരി ∙ നഗരസഭയിലെ റോഡുകൾ കൂടുതൽ ഗതാഗത യോഗ്യമാക്കുന്നതിനും എല്ലാവർക്കും ശുദ്ധജലം എത്തിക്കുന്നതിനും മുന്തിയ പരിഗണന നൽകുമെന്ന് നഗരസഭാ ചെയർപഴ്സനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മിനി അരവിന്ദനും വൈസ് ചെയർമാനായി അധികാരമേറ്റ പി.എൻ.സുരേന്ദ്രനും പറഞ്ഞു. എങ്കക്കാട്ടുള്ള പൊതുശ്മശാനം പണി പൂർത്തിയാക്കി ഉടൻ പ്രവർത്തനക്ഷമമാക്കും.
അത്താണിയിലെയും ഓട്ടുപാറയിലെയും മാർക്കറ്റുകൾ ഉന്നത നിലവാരത്തിൽ നവീകരിച്ച് ഉടൻ പ്രവർത്തന സജ്ജമാക്കും. കൃഷിക്ക് ആവശ്യമായ പ്രാധാന്യം നൽകുമെന്ന് ഇരുവരും വ്യക്തമാക്കി.
നഗരസഭാ അധ്യക്ഷപദം വനിതാ സംവരണമാണ്.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ മിനി അരവിന്ദനെ (51) അധ്യക്ഷ പദവിയിലേക്കു പാർട്ടി തീരുമാനിക്കുകയായിരുന്നു. കുടുംബശ്രീ മൻ അധ്യക്ഷയായിരുന്ന മിനി 13 വർഷം ആ പദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നഗരസഭയിലെ ചുള്ളിക്കാട് 13–ാം വാർഡിൽ നിന്നാണു നഗരസഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
വൈസ് ചെയർമാനായി സ്ഥാനമേറ്റ പി.എൻ.സുരേന്ദ്രൻ (56) കഴിഞ്ഞ 5 വർഷം നഗരസഭാ ചെയർമാനായിരുന്നു. നഗരസഭാ പദവി ലഭിക്കുന്നതിനു മുൻപ് 2005– 2010 കാലഘട്ടത്തിൽ വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരട്ടക്കുളങ്ങര ഒൻപതാം വാർഡിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിന്ധു സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണു മിനി അരവിന്ദൻ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്.
42 അംഗ കൗൺസിലിൽ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. മിനി അരവിന്ദന് 22 വോട്ടും സിന്ധു സുബ്രഹ്മണ്യന് 18 വോട്ടും ലഭിച്ചു.
2 ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും ഇതേ വോട്ട് നിലയിലാണു സിപിഎമ്മിലെ പി.എൻ.സുരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ കെ.ആർ.കൃഷ്ണൻകുട്ടിയായിരുന്നു എതിർ സ്ഥാനാർഥി.
വരണാധികാരി എസ്.ഇന്ദുലേഖയുടെ അധ്യക്ഷതയിലാണു ചെയർപഴ്സൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകൾ നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

