സ്വർണവില ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ താഴ്ന്നിറങ്ങിയിട്ടും കേരളത്തിൽ കടകവിരുദ്ധമായി മേലോട്ട്. ഒരുഘട്ടത്തിൽ ഔൺസിന് ചരിത്രത്തിലാദ്യമായി 4,500 ഡോളറും ഭേദിച്ചുയർന്ന രാജ്യാന്തര സ്വർണവില, നിലവിൽ 4,479 ഡോളറിലേക്ക് താഴ്ന്നു.
കേരളത്തിൽ പക്ഷേ, ഇന്ന് സ്വർണവില വീണ്ടും കൂടി അടുത്ത റെക്കോർഡിട്ടു.
സംസ്ഥാനത്ത് ഗ്രാമിന് 30 രൂപ വർധിച്ച് വില 12,765 രൂപയും 240 രൂപ ഉയർന്ന് പവൻ 1,02,120 രൂപയുമായി. ഡിസംബർ 23ന് (ചൊവ്വാഴ്ച) ആയിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 10,495 രൂപയെന്ന റെക്കോർഡിലെത്തി.
മറ്റു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 10,570 രൂപയാണ് ഈടാക്കുന്നുണ്ട്. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 230 രൂപ.
ചില ജ്വല്ലറികളിൽ 228 രൂപ. പ്രതിസന്ധിക്കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വർണം.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുണ്ട്.
യുഎസും വെനസ്വേലയും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലാണ്. ചൈനയും ജപ്പാനും തമ്മിലും സംഘർഷഭീതി നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ നിക്ഷേപം വർധിക്കുന്നത് പതിവാണ്. ഇതാണ് വില കൂടാൻ ഇടയാക്കുന്നതും.
അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് അടുത്ത വർഷം വീണ്ടും കുറച്ചേക്കുമെന്ന പ്രതീക്ഷകളും സ്വർണവില വർധിക്കാനുള്ള കാരണമാണ്.
യുഎസ് ഫെഡിന്റെ പലിശ മാറ്റവും സ്വർണത്തിലെ ഡിമാൻഡ് വർധിപ്പിക്കും. ഇതിന് പുറമെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലെ ഇടിവ്, കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ, രാജ്യാന്തര തലത്തിലെ വ്യാപാര തർക്കങ്ങൾ തുടങ്ങിയ കാരണങ്ങളും വിലക്കൂടുതലിന് കാരണമായി.
പോക്ക് എങ്ങോട്ട്
1979ന് ശേഷം സ്വർണം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വർഷമാണ് 2025 എന്ന് വിദഗ്ധർ പറയുന്നു.
ഏതാണ്ട് 70 ശതമാനത്തോളമാണ് സ്വർണവില വർധിച്ചത്. 2024ൽ 26 ശതമാനമായിരുന്നു.
വില ഇനിയും വർധിക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളതെന്നും വിദഗ്ധർ പറയുന്നു. അടുത്ത വർഷം തന്നെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5,000 ഡോളർ കടക്കുമെന്ന് നിരവധി സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചിട്ടുണ്ട്.
ആഭരണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണവില 1,02,120 രൂപയാണ്.
ഇതേ തൂക്കത്തിലുള്ള സ്വർണാഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും അടക്കം കൂടുതൽ തുക നൽകേണ്ടി വരും. 3 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്.
പുറമേ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്കിംഗ് ചാർജായി 53.10 രൂപയും നൽകണം. എല്ലാം കൂടി ചേർക്കുമ്പോൾ കേരളത്തിലെ ജ്വല്ലറികളിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 1.16 ലക്ഷം രൂപയെങ്കിലുമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

