തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസിനെതിരെ തുടർന്നും രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള സോണിയ ഗാന്ധിയെ പോറ്റി എങ്ങനെ നേരിൽ കണ്ടുവെന്നും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കോൺഗ്രസ് വ്യക്തമാക്കണമെന്നുമാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആവശ്യം.
ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനൊപ്പമാണ് പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ സന്ദർശനത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിപിഎം ആരോപിക്കുന്നു.
തിരക്കേറിയ പൊതുവേദികളിൽ ആർക്കും പകർത്തിയെടുക്കാവുന്ന ചിത്രങ്ങളല്ല സോണിയ ഗാന്ധിയുടേതെന്നും, അവരുടെ വസതിയിൽ വെച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയാണിതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം.
ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഈ രാഷ്ട്രീയ പോര് മുറുകുന്നത്. സ്വർണ്ണത്തിന് പകരം വില കുറഞ്ഞ ലോഹങ്ങൾ ഉപയോഗിച്ചതായും അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് ഇതിൽ പങ്കുണ്ടെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് സിപിഎം ആരോപിക്കുമ്പോൾ, നിലവിലെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ അടവാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

