ചിറ്റാരിക്കാൽ ∙ സ്നേഹത്തിന്റെ ശാന്തിദൂതുമായി ഒരു ക്രിസ്മസ് ദിനം കൂടി വിരുന്നെത്തി. ബത്ലഹമിലെ പുൽത്തൊഴുത്തിൽ പിറന്ന മിശിഹായുടെ അദ്ഭുതസാക്ഷ്യവുമായി.
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രദീപങ്ങൾ തെളിച്ച് ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. എവിടെയും ആഹ്ലാദവേള.
ക്രിസ്മസ് ട്രീകളും പുൽക്കൂടുകളും സമ്മാനപ്പൊതികളുമായെത്തുന്ന സാന്തക്ലോസുമെല്ലാം തിരുപ്പിറവി ആഘോഷത്തിന്റെ വർണച്ചരടുകളാണ്. മിന്നിപ്പൊലിയുന്ന ആനന്ദനിമിഷങ്ങൾക്കപ്പുറത്ത് ഉന്നതമായ ആത്മീയസന്ദേശമാണ് ക്രിസ്മസിനു നൽകാനുള്ളത്. നാടും നഗരവുമെല്ലാം ആഘോഷ ലഹരിയിലായി.
ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ച് വീടുകളും ദേവാലയങ്ങളും ടൗണുകളുമെല്ലാം നക്ഷത്രവിളക്കുകളും അലങ്കാരങ്ങളുമായി നേരത്തേതന്നെ അണിഞ്ഞൊരുങ്ങിയിരുന്നു.
മലയോരത്തെ ക്രിസ്മസ് വിപണികളിലും ഇന്നലെ നല്ല തിരക്കാണനുഭവപ്പെട്ടത്. അലങ്കാര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ ഉൾപ്പെടെയുള്ള ക്രിസ്മസ് വിപണികളിലും കേക്ക്, പടക്ക വിൽപന സ്റ്റാളുകളിലുമെല്ലാം ഇന്നലെ കൂടുതൽ വ്യാപാരം നടന്നു. വീടുകളിലും ദേവാലയങ്ങളിലും തിരുപ്പിറവിയെ വരവേൽക്കാൻ മനോഹരമായ പുൽക്കൂടുകളും ഒരുക്കിയിരുന്നു.
അതേസമയം ഗ്രാമങ്ങളിൽ പലരും പ്രകൃതിദത്തമായ വസ്തുക്കൾകൊണ്ടുതന്നെ ഇക്കുറിയും പരമ്പരാഗത രീതിയിൽ പുൽക്കൂടുകളൊരുക്കി. കുട്ടികളാണു വീടുകളിലെ പുൽക്കൂട് നിർമാണത്തിൽ സജീവമായത്.
ഗ്രാമങ്ങളിൽ ക്ലബുകളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികളും ക്രിസ്മസ് കാരളും നടന്നു. ദേവാലയങ്ങളിൽ ക്രിസ്മസിന്റെ ഭാഗമായി വിവിധ തിരുക്കർമങ്ങളും നടന്നു.
ജില്ലയിലെ കാഞ്ഞങ്ങാട്, കാസർകോട്, തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, പനത്തടി എന്നീ ഫൊറോന ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളും തിരുക്കർമങ്ങളും നടന്നു.
വിശ്വാസികളുടെ 25 നോമ്പാചരണത്തിനും ഇതോടെ സമാപനമായി. ഇന്നലെ രാത്രിയിൽ ദേവാലയങ്ങളിൽനടന്ന പാതിരാ കുർബാനയിലും ആയിരങ്ങൾ പങ്കാളികളായി. തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ ഇന്നലെ രാത്രിയിൽ നടന്ന തിരുകർമങ്ങൾക്കു കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിച്ചു.
ഫൊറോനാ വികാരി ഫാ.ജോസ് അരീച്ചിറ, അസിസ്റ്റന്റ് വികാരി ഫാ. ഓനായി മണക്കുന്നേൽ എന്നിവർ സഹകാർമികരായി.
കോട്ടമല സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ടൗൺ കാരൾ, വനിത സമാജം പ്രവർത്തരുടെ നൃത്തശിൽപം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ് എന്നിവയും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

