തൃശൂർ ∙ ക്രിസ്മസ് കേക്കുകളിലെ പലവിധ മധുരച്ചേരുവകൾ പോലെ ഇരുപത്തൊന്നുകാരൻ ഗബ്രിയേലിന്റെ ജീവിതത്തിന് ഇന്ന് അടിമുടി മധുരമാണ്. വിധി സമ്മാനിച്ച ഡൗൺ ഡിൻഡ്രോം പരിമിതികൾ മറികടന്ന് ഈ ഭിന്നശേഷിക്കാരൻ ഇന്നു പാചകത്തിന്റെയും നീന്തലിന്റെയുമെല്ലാം ലോകത്ത് പുതു പരീക്ഷണങ്ങൾ നടത്തി വിജയമധുരം നുണയുന്നു.
തിരുവമ്പാടി ചിറയത്ത് വീട്ടിൽ ഫ്രാൻസിസ് ആന്റണിയുടെയും രജനിയുടെയും ഇളയ മകനാണ് ഗബ്രിയേൽ. മുൻ വർഷങ്ങളിൽ ക്രിസ്മസ് കാലത്ത് ഹോം മെയ്ഡ് കേക്കുമായി തൃശൂരിൽ സജീവമായിരുന്നു ഈ മിടുക്കൻ.
ഇപ്പോൾ മൂന്നാർ കേറ്ററിങ് കോളജിൽ പഠിക്കുന്നു. കുട്ടിക്കാലത്ത് ഡൗൺ സിൻഡ്രോമിന്റെ അസ്വസ്ഥതകളെ പാട്ടും നൃത്തവും വരയുമെല്ലാം പഠിച്ചാണ് ഗബ്രിയേൽ നേരിട്ടത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇവയോടു താൽപര്യം കുറഞ്ഞപ്പോൾ അടുക്കളയിൽ അമ്മയുടെ പാചകത്തിനൊപ്പം സഹായിയായി.
പിന്നാലെ കേക്കുകൾ തയാറാക്കിത്തുടങ്ങി. പതിയെ ഹോം മെയ്ഡ് കേക്ക് നിർമാണവുമായി സജീവം. സ്ഥാപനങ്ങളിൽ നിന്നടക്കം ഓർഡറുകൾ തേടിയെത്തി.
2021–ൽ വീട്ടിലെ കാർ പോർച്ചിൽ ലൈവ് ബേക്കിങ് നടത്തിയും ശ്രദ്ധ നേടിയിരുന്നു. പാചകം കഴിഞ്ഞാൽ ഗബ്രിയേലിന് ഇഷ്ടം നീന്തലാണ്.
ഒട്ടേറെ നീന്തൽ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യ–പസിഫിക് ഡൗൺ ഡിൻഡ്രോം ഫെഡറേഷൻ ജനുവരി 29, 30 തീയതികളിൽ ചെന്നൈയിൽ നടത്തുന്ന ഗെയിംസിൽ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഗബ്രിയേൽ.
സാവിയോ പുതു ചങ്കാണിഷ്ടാ!
അടുത്തിടെ പരിചയപ്പെട്ട
തിരുവനന്തപുരം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സാവിയോ ഗബ്രിയേലിന്റെ പുതിയ ചങ്കാണ്. സെറിബ്രൽ പാൾസി ബാധിച്ച സാവിയോയ്ക്ക് വീൽചെയറിന്റെ സഹായത്തോടെ മാത്രമേ ചലിക്കാനാകൂ. സംസ്ഥാന പാരാ ഗെയിംസിന്റെ ഭാഗമായി ഷോട്പുട് മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഗബ്രിയേൽ.
അതിനിടെയാണ്, നവംബറിൽ ‘മനോരമ’ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച ഗബ്രിയേലിന്റെ കഥ മുൻപ് ഇതുപോലെ ‘ഞായറാഴ്ച’യിലൂടെ ലോകമറിഞ്ഞ സാവിയോ മനസ്സിലാക്കുന്നത്. തുടർന്ന് ഫോണിലൂടെ പരിചയപ്പെട്ടു, ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു.
ഗബ്രിയേലിനെയും അമ്മ രജനിയെയും കാണാൻ സാവിയോയും അമ്മ ബ്ലെസിയും സാവിയോയുടെ സഹോദരിയുടെ മകൾ അന്ന എസ്ലിനുമെത്തി.
താൻ പൊറോട്ടയാണ് നന്നായി പാചകം ചെയ്യുന്നതെന്ന് വീശുന്നതിന്റെയും അടിക്കുന്നതിന്റെയും ആക്ഷൻ സഹിതം ഗബ്രിയേൽ വിവരിച്ചപ്പോൾ സാവിയോയ്ക്കും കൊതി! കടുത്ത പൊറോട്ട
ആരാധകനാണ് സാവിയോ. ലാവ കേക്ക് ആണ് തന്റെ ക്രിസ്മസ് സ്പെഷലെന്നും ‘ഡോനട്ട്’ ഉണ്ടാക്കുമെന്നും ഗബ്രിയേൽ പറഞ്ഞപ്പോൾ, അതു കഴിച്ചിട്ടേയില്ലെന്നായി സാവിയോയുടെ മറുപടി.
4 പുസ്തകങ്ങളുതിയുട്ടുണ്ട് സാവിയോ. ‘ഒറ്റച്ചിറകുള്ള പക്ഷി’ എന്ന കവിതാ സമാഹാരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ പഠനവിഷയമായെന്നു ബ്ലെസി പറഞ്ഞു.
മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാർ തമ്മിലുമുണ്ടായി ആത്മബന്ധം. ‘ആദ്യ കൂടിക്കാഴ്ചയാണെങ്കിലും ഇതു തുടക്കം മാത്രമാണ്; ഞങ്ങൾ ഇനിയും കാണും–’ രജനിയുടെ കവിളിൽ ചുംബിച്ച്, ബ്ലെസി പറഞ്ഞു.
സാവിയോ ജോസ് (30)
2017 മാർച്ച് 26 ന് മലയാള മനോരമ ‘ഞായറാഴ്ച’യിലുടെയാണ് സാവിയോയുടെ കഥ ലോകം അറിഞ്ഞത്.
കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് ജോസഫിന്റെയും ഇടുക്കി രാജാക്കാട്ടുകാരി ബ്ലെസിയുടെയും മകൻ. തിരുവനന്തപുരം ഞാണ്ടൂർക്കോണം ശാന്തിപുരം കരിക്കുഴി ‘അർപ്പിത’ത്തിലാണ് താമസം. ഇപ്പോൾ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ മൂന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥി.
എഴുത്തും വരയുമാണു വിനോദങ്ങൾ.
ഗബ്രിയേൽ ഫ്രാൻസിസ് (21)
2025 നവംബർ 9ന് മലയാള മനോരമ ‘ഞായറാഴ്ച’യിലാണ് ഗബ്രിയേലിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചത്. സഹോദരൻ എഫ്രായിം ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നു ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി. സഹോദരന്റെ പാത പിന്തുടർന്നാണ് ഗബ്രിയേലും ഈ കോഴ്സ് തിരഞ്ഞെടുത്തത്.
പ്ലസ് ടു വിജയിച്ച ശേഷം മൂന്നാർ കേറ്ററിങ് കോളജിൽ പരിശീലനത്തിനു ചേരുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

