കൊച്ചി ∙ ചരിത്രത്തിൽ ആദ്യമായി നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി വില സൂചിക നിഫ്റ്റി 20,000 പോയിന്റിനു മുകളിൽ. ജൂലൈ 20ന് 19,991.85 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം പിന്നോട്ടുപോയ നിഫ്റ്റി മടക്കയാത്ര അവസാനിപ്പിച്ചു പുതിയ ഉയരത്തിലേക്കു കുതിച്ചെത്താൻ 36 വ്യാപാരദിനങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. അതേസമയം, 67,619.17 നിലവാരത്തിൽ റെക്കോർഡിട്ടു തിരികെപ്പോയ സെൻസെക്സിന് ആ നേട്ടം മറികടക്കാൻ ഇനിയും 492.09 പോയിന്റ് മുന്നേറണം.
അദാനി ഗ്രൂപ്പിനെയും അതുവഴി ഇന്ത്യൻ വിപണിയെ ആകെത്തന്നെയും ഒരു പരിധി വരെ തളർത്താൻ ഹിൻഡൻബർഗിന്റെ വിവാദ ബോംബ് കാരണമായെങ്കിലും അതിനെ പഴങ്കഥയായി തള്ളിക്കളഞ്ഞുകൊണ്ടുള്ള മുന്നേറ്റത്തിൽ അദാനി ഗ്രൂപ്പ് ഓഹരകികൾ കൈവരിച്ച നേട്ടം ശ്രദ്ധേയമായി. ക്രൂഡ്ഓയിൽ വിലക്കയറ്റം, യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട ദൗർബല്യം, ആഗോള വിപണികളിലെ അരക്ഷിതത്വം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾക്കും ഇന്ത്യൻ വിപണിയെ തളർത്താനായില്ല.
നിഫ്റ്റി 20,008.15 പോയിന്റ് വരെ ഉയരുകയുണ്ടായെങ്കിലും വ്യാപാരാവസാനത്തിൽ 19,996.30 നിലവാരത്തിലായിരുന്നു. സെൻസെക്സ് 67,127.08 പോയിന്റിലാണ് അവസാനിച്ചത്. മാധ്യമ വ്യവസായം ഒഴികെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട ഓഹരി വില സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചു. 20,000 പോയിന്റ് എന്നതു മുന്നേറ്റപാതയിലെ നാഴികക്കല്ലു മാത്രമാണെന്നും ലക്ഷ്യം ഇനിയും മുന്നിലാണെന്നുമുള്ള വിലയിരുത്തലാണു വിപണിയുമായി ബന്ധപ്പെട്ടവരുടേത്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ വിപണിക്ക് ഉത്തേജനം നൽകുന്നതാണെന്നും തിരുത്തലുകളെ അതിജീവിച്ചു വില സൂചികകൾ വാർഷാവസാനത്തിനു മുൻപു വലിയ മുന്നേറ്റം നടത്തുമെന്നും അവർ പ്രത്യാശിക്കുന്നു.
ജി20 ഉച്ചകോടിക്കു ശേഷമുണ്ടായ പ്രഖ്യാപനങ്ങൾ രാജ്യത്തെ പല വ്യവസായ മേഖലകൾക്കും പ്രതീക്ഷ നൽകുന്നവയാണ്. വിപണി മൂല്യത്തിൽ മുൻനിരയിലുള്ള പല കമ്പനികളുടെയും ഓഹരി വിലകളിൽ മുന്നേറ്റം ആരംഭിച്ചിട്ടില്ലെന്നുപോലും പറയാം, അവയിൽ ഇടപാടുകൾ വർധിക്കുന്നതോടെ വിപണി കൂടുതൽ ഊർജസ്വലമാകുമെന്നു കരുതുന്നു. ഏപ്രിലിനു ശേഷം നിഫ്റ്റിയിലുണ്ടായ ഉയർച്ച 17% മാത്രമാണ്. അതേസമയം, ഇടത്തരം ഓഹരികളുടെ വില സൂചിക 41% ഉയർന്നു. ചെറുകിട ഓഹരികളുടെ വില സൂചികയാകട്ടെ 47 ശതമാനമാണ് ഉയർന്നത്.
ചില്ലറ നിക്ഷേപകരും ആഭ്യന്തര ധനസ്ഥാപനങ്ങളുമാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് അവകാശികൾ. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കു മുൻ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റിൽ മാത്രം ഒഴുകിയെത്തിയത് 20,245.26 കോടി രൂപയാണ്. സാധാരണ മാസങ്ങളിലെ വരവിന്റെ ഇരട്ടിയിലേറെയാണിത്. വിദേശ ധനസ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിലേക്കു വീണ്ടും പണമൊഴുക്കുന്ന കാലം വിദൂരമെല്ലെന്ന അനുമാനവും നിക്ഷേപകർക്ക് അവേശമേകുന്നുണ്ട്.
Content Highlight: Indian Stock Market, Sensex, Nifty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]