സ്വർണവില കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്നുച്ചയ്ക്കോ നാളെ രാവിലെയോ പവൻവില ഒരുലക്ഷം രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും.
രാജ്യാന്തരവില വീണ്ടും ഉഷാറായതിനാൽ സാധ്യത അതിശക്തം.
ഇന്നു കേരളത്തിൽ ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയിലെത്തി. പവൻവില 800 രൂപ ഉയർന്ന് 99,200 രൂപയും.
രാജ്യാന്തരവില ഔൺസിന് 40 ഡോളർ ഉയർന്ന് 4,394 ഡോളറായി. ഇതാണ് ട്രെൻഡ് എങ്കിൽ സ്വർണവില കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് വിപണിയിലുള്ളവർ പറയുന്നു.
∙ ചുറ്റും വില്ലന്മാർ
യുഎസിൽ വീണ്ടും അടിസ്ഥാന പിലശനിരക്ക് കുറയാനുള്ള സാധ്യതകളും യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ, ചൈന-ജപ്പാൻ ഭിന്നതകളും മധ്യേഷ്യയിൽ സിറിയ വീണ്ടും സംഘർഷ ഭൂമിയായി മാറുന്നതും സ്വർണത്തിന് നൽകുന്ന ‘സുരക്ഷിത നിക്ഷേപ’ പരിവേഷമാണ് വില കൂടാൻ ഇടയാക്കുന്നത്.
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കറൻസി, ഓഹരി, കടപ്പത്ര വിപണികൾ അസ്ഥിരമായേക്കാം. ഇതോടെയാണ് നിക്ഷേപകർ സുരക്ഷിത താവളമെന്നോണം നിക്ഷേപം സംരക്ഷിക്കാൻ സ്വർണത്തിലേക്ക് ചുവടുമാറ്റുന്നത്.
∙ രക്ഷകനായി റിസർവ് ബാങ്ക്
ഇന്ത്യൻ റുപ്പി ഇന്ന് ഡോളറിനെതിരെ രാവിലെ 24 പൈസ ഉയർന്ന് 89.41ലേക്ക് നില മെച്ചപ്പെടുത്തി.
അല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണവില ഇതിലും കൂടുമായിരുന്നു. സ്വർണവില നിർണയത്തിൽ പ്രധാനമാണ് രൂപ-ഡോളർ വിനിമയനിരക്ക്.
രൂപ തളർന്നാൽ ഇറക്കുമതിച്ചെലവ് കൂടുകയും സ്വർണവില ഉയരുകയും ചെയ്യും. കരുതൽ വിദേശ നാണയശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞ് റിസർവ് ബാങ്ക് നടത്തുന്ന രക്ഷാപ്രവർത്തനമാണ് രൂപയെ കരകയറ്റുന്നത്.
∙ വെള്ളിക്കും പൊന്നുവില
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില 85 രൂപ വർധിച്ച് 10,260 രൂപയായി.
വെള്ളിവില ഗ്രാമിന് 5 രൂപ കുതിച്ചുയർന്ന് റെക്കോർഡ് 218 രൂപയിലെത്തി. സ്വർണത്തിന് കിട്ടുന്ന അതേ സുരക്ഷിത നിക്ഷേപപ്പെരുമ വെള്ളിക്കും രാജ്യാന്തര വിപണിയിലുണ്ട്.
ഗോൾഡ് ഇടിഎഫിലും സിൽവർ ഇടിഎഫിലും നിക്ഷേപം നിറയുകയാണ്. വെള്ളിക്ക് വ്യാവസായിക മേഖലയിൽ നിന്നും വൻ ഡിമാൻഡുണ്ട്.
ഇതെല്ലാം വില കുതിക്കാൻ ഇടയാക്കുന്നു. രാജ്യാന്തര വെള്ളിവില ഔൺസിന് 3.12% മുന്നേറ്റവുമായി സർവകാല ഉയരമായ 69.37 ഡോളറിൽ എത്തി.
∙ മറ്റൊരു വിലയുണ്ട്!
കേരളത്തിൽ 18 കാരറ്റ് സ്വർണവില മറ്റു ചില ജ്വല്ലറികളിൽ ഗ്രാമിന് 80 രൂപ ഉയർന്ന് 10,195 രൂപയാണ്.
വെള്ളിക്ക് ഗ്രാമിന് 5 രൂപ വർധിച്ച് 216 രൂപയും. കേരളത്തിൽ സ്വർണവിലയുടെ നിലവിലെ റെക്കോർഡ് ഈ മാസം 15ന് രേഖപ്പെടുത്തിയ പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമാണ്.
3% ജിഎസ്ടി, കുറഞ്ഞത് 5% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവ പരിഗണിച്ചാൽ 1.15 ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഇപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാനാകൂ.
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയരുമെന്ന് മനോരമ മാർക്കറ്റ് സ്കാൻ റിപ്പോർട്ട് രാവിലെ ചൂണ്ടിക്കാട്ടിയിരുന്നു. ഓഹരി വിപണി, സ്വർണം, ക്രൂഡ് ഓയിൽ എന്നിവയുടെ ഇന്നത്തെ ദിശ എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

