കൊല്ലം ∙ കാങ്കത്തുമുക്കിലെ അരയാൽ മരം പൂർണമായും മുറിച്ചു നീക്കാനുള്ള തീരുമാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായിരുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ മാത്രമാണ് മുറിച്ചു നീക്കിയത്.
ആൽമരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള(തിരുമുല്ലവാരം ഭാഗത്തേക്കു പോകുന്ന റോഡരികിലെ) ശിഖരങ്ങൾ അടുത്ത ആഴ്ച മുറിച്ചു നീക്കും.
ആൽമരം പൂർണമായും മുറിച്ചു നീക്കുന്നതിന് എതിരെ ഇന്നലെ ജനപ്രതിനിധികളും നാട്ടുകാരും കലക്ടർക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ രാവിലെ 8.30ന് കരാർ എടുത്ത തൊഴിലാളികൾ മരം മുറിക്കുന്ന ജോലികൾ ആരംഭിച്ചു.
മരം പൂർണമായും മുറിച്ചു നീക്കാനാണ് തീരുമാനം എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് (എൻഎച്ച് വിഭാഗം) ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞത്.
തുടർന്ന് കോൺഗ്രസ് കൊല്ലം ബ്ലോക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എം.എസ് സിദ്ദിഖ്, നിയുക്ത കൗൺസിലർ രഞ്ജിത് കലുങ്ക്മുഖം എന്നിവരുടെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി. 10ന് കലക്ടർ പരാതിക്കാരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ചർച്ചയ്ക്കായി വിളിപ്പിച്ചു.
ചർച്ചയ്ക്ക് ഒടുവിൽ ആൽമരം പൂർണമായും മുറിച്ചു നീക്കേണ്ട എന്നും ശിഖരങ്ങൾ മാത്രം മുറിച്ചു നീക്കിയാൽ മതിയെന്ന നിർദേശം കലക്ടർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെന്നത്തിന് നൽകി.
മുറിച്ചു നീക്കിയ ശിഖരങ്ങൾ അപ്പോൾ തന്നെ കോർപറേഷൻ അനുവദിച്ച പറമ്പിലേക്ക് മാറ്റി.
ആൽമരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി അധികൃതർ വൈദ്യുതി ലൈനുകളും അഴിച്ചു മാറ്റിയിരുന്നു. ഉദ്ദേശം 70 വർഷം പഴക്കമുള്ള ആൽമരത്തിന്റെ ചില ശിഖരങ്ങൾ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു.
വിവിധ തരം പക്ഷികളുടെ പ്രധാന താവളമായിരുന്നു ആൽമരം. ഒാട്ടോറിക്ഷ സ്റ്റാൻഡ്, കടകൾ അടക്കം ആൽമരത്തിന്റെ തണലിലാണ് സ്ഥിതി ചെയ്യുന്നത്.
നിയമം ലംഘിച്ച് വാഹനങ്ങൾ; നഗരം കുരുങ്ങി
കൊല്ലം ∙ കാങ്കത്തുമുക്കിലെ ആൽമരം മുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ, കുത്തിക്കയറ്റി നഗരം കുരുക്കി വാഹനയാത്രക്കാർ.
വെള്ളയിട്ടമ്പലത്തു നിന്ന് അമ്മച്ചിവീട് വഴിയും തിരിച്ചും വാഹനങ്ങൾ ഒരേ റോഡിലൂടെ കടത്തി വിട്ടപ്പോൾ ക്യൂവിൽ കിടക്കാൻ ‘ബുദ്ധിമുട്ട്’ ഉള്ള ചിലർ സ്വന്തം വാഹനം ഇടതുവശത്തുകൂടിയും വലതുവശത്തു കൂടിയും കുത്തിക്കയറ്റിയതോടെ ഒരേ ദിശയിലേക്കു തന്നെ രണ്ടും മൂന്നു വരികളായി. ഇതോടെ പൊതുവേ ഇടുങ്ങിയ വെള്ളയിട്ടമ്പലം– അമ്മച്ചിവീട് റോഡ് ഗതാഗതക്കുരുക്കിൽ അമർന്നു.
പൊലീസിനാകട്ടെ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.
ക്യൂ തെറ്റിച്ചു കുത്തിക്കയറ്റി വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും മറ്റും പൊലീസ് തുനിഞ്ഞിരുന്നുവെങ്കിൽ ഗതാഗതക്കുരുക്ക് ഇത്ര രൂക്ഷമാകില്ലായിരുന്നു. രാവിലെ 8.30 മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഉച്ചയ്ക്ക് 12.30 വരെ തുടർന്നു.
ഒാഫിസിലും സ്കൂളിലും പോകാനുള്ള പല വാഹനങ്ങളും മണിക്കൂറോളമാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. ആംബുലൻസുകൾ കടത്തിവിടാനും പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
കലക്ടറേറ്റിൽ നിന്നു അമ്മച്ചിവീട് വഴി രാമൻകുളങ്ങരയിലൂടെ കാവനാട് ബൈപാസ് റോഡിലേക്കും തിരികെയും വരുന്ന വാഹനങ്ങൾ ഇതേ റോഡിലൂടെ കൊല്ലത്തേക്കു പോകാനുമായിരുന്നു പൊലീസ് നിർദേശം.
എന്നാൽ പല വാഹനങ്ങളും ഇടറോഡിലൂടെ കയറി നെല്ലിമുക്കിലും വെള്ളയിട്ടമ്പലത്തിലും എത്തിയതോടെ കുരുക്ക് രൂക്ഷമായി. കൊല്ലം ഭാഗത്തു നിന്നു വന്ന കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കാങ്കത്തുമുക്കിന് മുൻപുള്ള ഇടറോഡു വഴി വെള്ളയിട്ടമ്പലത്തിൽ എത്തുകയായിരുന്നു.
കാവനാട് ഭാഗത്തു നിന്നു കൊല്ലത്തേക്കു വന്ന വാഹനങ്ങൾ രാമൻകുളങ്ങരയിൽ നിന്ന് ഇടതു തിരിഞ്ഞ് മണലിൽ ക്ഷേത്രം വഴി നെല്ലിമുക്കിൽ എത്തി.
അവിടെ റോഡ് തടസ്സപ്പെടുത്തിയത് മനസ്സിലാക്കി മുളങ്കാടകം സ്കൂൾ റോഡ് വഴി വെള്ളയിട്ടമ്പലം ജംക്ഷനിൽ എത്തുകയായിരുന്നു. ഇതോടെയാണ് വെള്ളയിട്ടമ്പലം ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായത്.
ഇവിടെ ഉണ്ടായ ഗതാഗത കുരുക്ക് ബൈപാസ് വരെയും കലക്ടറേറ്റ് വരെയും നീണ്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

