ചങ്ങനാശേരി ∙ നാട്ടിലെ ആഘോഷങ്ങൾക്കു ജലഅതോറിറ്റിയുടെ മുട്ടൻ പണി. പൈപ്പിടാനായി ആരാധനാലയങ്ങൾക്കു സമീപത്തുള്ള റോഡ് കുത്തിപ്പൊളിച്ചിട്ട് പുനർനിർമിക്കാത്തതാണ് ദുരിതമാകുന്നത്.
കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, പുതൂർപ്പള്ളി ചന്ദനക്കുടം, മെത്രാപ്പൊലീത്തൻ പള്ളിയിലെ മകരം തിരുനാൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകളും പ്രദക്ഷിണവും കടന്നുപോകേണ്ട വഴിയാണ് തകർന്നു കിടക്കുന്നത്.
കാവിൽ ഭഗവതി ക്ഷേത്രം – തെക്കേ കുരിശടി റോഡ്, ഹിദായത്ത് നഗർ റോഡുകളാണ് പൊളിച്ചിട്ടിരിക്കുകയാണ്.
അമൃത് പദ്ധതിക്കു വേണ്ടിയാണ് റോഡിന്റെ ഒരു വശം പൊളിച്ച് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. റോഡ് ഇതുവരെ പുനർനിർമിച്ചിട്ടില്ല.
കാവിൽ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. പുതൂർപ്പള്ളി ചന്ദനക്കുടവും ഇതു വഴി കടന്നുവരും.
ക്ഷേത്രാങ്കണത്തിൽ ചന്ദനക്കുടത്തിനു സ്വീകരണം നൽകും. ജനുവരിയിൽ മെത്രാപ്പൊലീത്തൻ പള്ളിയിലെ മകരം തിരുനാളിന്റെ ഭാഗമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കാവിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കേണ്ടതും ഈ വഴിയിലൂടെയാണ്.
ആഘോഷങ്ങളും പ്രദക്ഷിണങ്ങളും തകർന്നു കിടക്കുന്ന റോഡിലൂടെ കടന്നുപോകണം.
ആയിരക്കണക്കിനാളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്.
ഇതോടൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷം കൂടി വരുന്നതോടെ റോഡിൽ തിരക്ക് കൂടും. പൊളിച്ചിട്ട
റോഡ് പുനർനിർമിക്കാത്തത് യാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. വെയിലായാൽ പ്രദേശമാകെ പൊടിശല്യമാണ്.
മഴ പെയ്താൽ ചെളി പുതയും. പൈപ്പ് സ്ഥാപിച്ച റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

