കഞ്ചിക്കോട് ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട
അതിഥിത്തൊഴിലാളി രാമനാരായൺ ഭാഗേലിനു തൊഴിൽ വകുപ്പിന്റെ സഹായം ലഭിച്ചേക്കില്ല. ഒരാഴ്ച മുൻപു മാത്രം ഇവിടെയെത്തിയ രാമനാരായൺ റജിസ്ട്രേഷനോ മറ്റു നടപടികളോ പൂർത്തിയാക്കിയിരുന്നില്ല. ഏതെങ്കിലും തൊഴിലുടമയുടെ കീഴിൽ ജോലിചെയ്യുന്ന അംഗീകൃത തൊഴിലാളിക്കു മാത്രമേ നിയമപരമായി സർക്കാർ ആനുകൂല്യവും സഹായവും ലഭിക്കുകയുള്ളുവെന്നാണ് തൊഴിൽവകുപ്പ് പറയുന്നത്. രാമനാരായൺ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിലേക്കാണു ജോലിക്ക് എത്തിയതെന്നാണു വിവരമെങ്കിലും അവിടെ ചേർന്നിരുന്നില്ല.
അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി (ഐഎസ്എം– ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്മെൻ) നിയമപ്രകാരമുള്ള റജിസ്ട്രേഷൻ കർശനമാക്കാൻ സംസ്ഥാന തൊഴിൽവകുപ്പ് തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉൾപ്പെടെ സഹായത്തോടെ റജിസ്ട്രേഷൻ ക്യാംപുകൾ നടത്തും.ഇതിനിടെ, കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി അടുത്തദിവസം ഉത്തരവിറങ്ങും.
ആൾക്കൂട്ട
മർദനം പോലെയുള്ള കേസ് കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കേണ്ടതിനാലാണിത്. ഇതുവരെ 5 പേരാണ് അറസ്റ്റിലായത്. ഇരുപതോളം പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തു വിട്ടയച്ചു.
മൃതദേഹം എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് മന്ത്രി
രാമനാരായൺ ഭാഗേലിന്റെ മൃതദേഹം സ്വദേശമായ ഛത്തീസ്ഗഡിൽ എത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മൃതദേഹം ഛത്തീസ്ഗഡിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടായ വിസമ്മതം മൂലം ചില തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്.
ഇതു പരിഹരിക്കാൻ ജില്ലാ ലേബർ ഓഫിസർക്കും ജില്ലാ ഭരണകൂടത്തിനും അടിയന്തര നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

