മട്ടന്നൂർ ∙ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന ശ്രീനിവാസന്റെ ഡയലോഗ് ഏറെ ആസ്വദിച്ചത് മട്ടന്നൂർ പഴശ്ശിരാജ കോളജിൽ പഠിച്ച വിദ്യാർഥികളാണ്. നാടോടിക്കാറ്റ് എന്ന സിനിമയിലാണ് ശ്രീനിവാസൻ ഈ സംഭാഷണം പ്രയോഗിച്ചത്.
മട്ടന്നൂർ കോളജിലെ പഠനശേഷമാണ് ശ്രീനിവാസൻ സിനിമാ മേഖലയിലേക്കു തിരിഞ്ഞത്. പ്രീഡിഗ്രിയും ഡിഗ്രിയും മട്ടന്നൂർ കോളജിലായിരുന്നു.
വിദ്യാർഥിയായിരിക്കെ കലാസാംസ്കാരിക പ്രവർത്തനത്തിൽ സജീവസാന്നിധ്യം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി വിജയിച്ചു.
മട്ടന്നൂർ വായാന്തോട്ടിലാണ് ശ്രീനിവാസന്റെ അമ്മയുടെ തറവാടായ പൂവത്തുംകണ്ടി തറവാട്.
ബന്ധുക്കൾ എല്ലാവരും ഇവിടെയുണ്ട്. മട്ടന്നൂർ കോളജിലെ പഠനകാലത്ത് മട്ടന്നൂരിലായിരുന്നു താമസം.
1986–87 കാലത്ത് കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ ഫൈൻ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ പൂർവവിദ്യാർഥിയായ ശ്രീനിവാസൻ എത്തിയിരുന്നു.
ഇപ്പോൾ പിആർഡി വകുപ്പിൽനിന്നു വിരമിച്ച ഇ.വി.സുഗതൻ ആയിരുന്നു അന്ന് ഫൈൻ ആർട്സ് സെക്രട്ടറി. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീനിവാസന്റെ ഓരോ വരികൾക്കും വിദ്യാർഥികൾ കയ്യടിച്ചു.
പ്രീഡിഗ്രി കഴിഞ്ഞു മലയാളം മെയിൻ വിഷയമായി ഡിഗ്രിക്കു പഠിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മാർക്ക് കുറവായതിനാൽ മട്ടന്നൂർ കോളജിൽതന്നെ ചരിത്രവും ധനതത്വശാസ്ത്രവും മെയിൻ വിഷയമാക്കി ബിരുദ പഠനം നടത്തിയെന്നും അന്ന് ശ്രീനിവാസൻ പറഞ്ഞു.
അന്നത്തെ കോളജ് മാഗസിനിൽ ശ്രീനിവാസനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മാഗസിൻ എഡിറ്ററായിരുന്ന എഐഎസ്എഫ് നേതാവ് തോമസ് തകിടിയിൽ, പി.വിനോദ്കുമാർ എന്നിവരാണ് അഭിമുഖം തയാറാക്കിയത്.
ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ വരവേൽപ്പിന്റെ തിരക്കഥ തയാറാക്കാൻ അദ്ദേഹം ഏറെനാൾ മട്ടന്നൂരിലുണ്ടായിരുന്നു.
ബന്ധുവായ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പി.കെ.വേണുഗോപാലനുമായി ചർച്ച ചെയ്താണ് സാങ്കേതികവശങ്ങൾ എഴുതിച്ചേർത്തത്. മറ്റൊരു ബന്ധുവായ ഡോ.പി.കെ.ജഗന്നാഥന് ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയിൽ കലക്ടറുടെ വേഷം നൽകാനും ശ്രീനിവാസൻ തയാറായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

